ഫോഡിന്റെ ‘ഫിഗൊ ആസ്പയർ’ അരങ്ങേറ്റം 12ന്

എൻട്രി ലവൽ സെഡാൻ വിഭാഗത്തിൽ ഫോഡിനായി പട നയിക്കാൻ കോംപാക്ട് സലൂണായ ‘ആസ്പയർ’ 12നെത്തും. മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയറി’നോടും ടാറ്റ മോട്ടോഴ്സിന്റെ ‘സെസ്റ്റി’നോടും ഹ്യുണ്ടായ് ‘എക്സന്റി’നോടും ഹോണ്ട ‘അമെയ്സി’നോടും ടൊയോട്ട ‘എത്തിയോസി’നോടുമൊക്കെയാവും ‘ഫിഗൊ ആസ്പയറി’ന്റെ പോരാട്ടം.

എക്സൈസ് ഡ്യൂട്ടി ഇളവിനായി നീളം നാലു മീറ്ററിനു താഴെയൊതുക്കിയ ‘ആസ്പയറി’ന് അടിത്തറയാവുന്നതു ഫോഡ് വികസിപ്പിച്ച പുത്തൻ പ്ലാറ്റ്ഫോമാണ്. വിപണിയിലെ കടുത്ത മത്സരം മുൻനിർത്തി പെട്രോൾ, ഡീസൽ എൻജിനുകളോടെ കാർ വിൽപ്പനയ്ക്കെത്തുന്നുണ്ട്: 1.2 ലീറ്റർ ടി ഐ — വി സി ടി പെട്രോൾ, 1.5 ലീറ്റർ ടി ഐ — വി സി ടി പെട്രോൾ, 1.5 ലീറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിവയാണ് എൻജിൻ സാധ്യതകൾ. ശേഷി കുറഞ്ഞ പെട്രോൾ എൻജിൻ പരമാവധി 88 പി എസ് കരുത്തും ശേഷിയേറിയ പെട്രോൾ എൻജിൻ 112 പി എസ് കരുത്തുമാണു സൃഷ്ടിക്കുക; ഡീസൽ എൻജിനിൽ നിന്നുള്ള പരമാവധി കരുത്താവട്ടെ 100 പി എസ് ആണ്. എൻജിനുകൾക്ക് ലീറ്ററിന് യഥാക്രമം 18.16 കിലോമീറ്റർ, 17 കിലോമീറ്റർ, 25.83 കിലോമീറ്റർ വീതമാണ് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

പെട്രോൾ എൻജിനിൽ 1.2 ലീറ്ററിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും 1.5 ലീറ്ററിനൊപ്പം ഇരട്ട ക്ലച്, ആറു സ്പീഡ് ‘പവർഷിഫ്റ്റ്’ ഗീയർബോക്സുമാണു ട്രാൻസ്മിഷൻ. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കാനും ഫോഡിനു പദ്ധതിയുണ്ട്.

പരിഷ്കരിച്ച ‘ഫിയസ്റ്റ’യിലെ പോലെ രൂപകൽപ്പനയിൽ കൈനറ്റിക് ശൈലി പിന്തുടരുന്ന കാറിനു കാഴ്ചയിൽ ‘ആസ്റ്റൻ മാർട്ടി’നോടാണു സാമ്യം. ആറ് എയർബാഗ്, സ്പീഡ് ലിമിറ്റർ പ്രോഗ്രാമബിൾ കീ, ലതർ സീറ്റ് തുടങ്ങിയവയൊക്കെയായി എത്തുന്ന കാറിന് അഞ്ചര മുതൽ എട്ടര ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്.

ആംബിയന്റ്, ട്രെയൻഡ്, ടൈറ്റാനിയം എന്നീ വകഭേദങ്ങൾക്കു പുറമെ മുന്തിയ വേരിയന്റായ ടൈറ്റാനിയം പ്ലസ് ആയും ‘ആസ്പയർ’ വിപണിയിലുണ്ടാവും. റൂബി റെഡ്, സ്പാർക്ലിങ് ഗോൾഡ്, ഓക്സ്ഫഡ് വൈറ്റ്, ടക്സിഡൊ ബ്ലാക്ക്, ഡീപ് ഇംപാക്ട് ബ്ലൂ, ഇൻഗൊട്ട് സിൽവർ, സ്മോക്ക് ഗ്രേ എന്നീ ഏഴു നിറങ്ങളിലാണ് ‘ആസ്പയർ’ എത്തുക.