‘മസ്താങ്’ വരുന്നു, റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടിൽ

റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘മസ്താങ്’ പുറത്തിറക്കാൻ ഫോഡ് തയാറായി. നോർത്ത് അമേരിക്കയിലെ മിച്ചിഗനിലുള്ള ഫ്ളാറ്റ്റോക്ക് അസംബ്ലി പ്ലാന്റിൽ നിന്നാണ് ആദ്യത്തെ ആർ എച്ച് ഡി ‘മസ്താങ്’ പുറത്തെത്തുന്നത്. കാർ നിരത്തിലെത്തി അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണു വലതു വശത്തു സ്റ്റീയറിങ്ങുള്ള ‘മസ്താങ്’ യാഥാർഥ്യമാവുന്നതെന്ന സവിശേഷതയുമുണ്ട്.

എന്തായാലും ആർ എച്ച് ഡി ‘മസ്താങ്ങി’നു മികച്ച സ്വീകരണമാണു വിപണി കാത്തുവച്ചിരിക്കുന്നതെന്നാണു കണക്കുകൾ നൽകുന്ന സൂചന. ഇതുവരെ കാറിനുള്ള രണ്ടായിരത്തോളം ഓർഡറുകളാണു ഫോഡ് യു കെയെ തേടിയെത്തിയത്. ഇതിൽ തന്നെ 80 ശതമാനവും കൺവെർട്ട്ബ്ളിനെ ഉപേക്ഷിച്ച് ഫാസ്റ്റ്ട്രാക്ക് വകഭേദമാണു തിരഞ്ഞെടുത്തിരിക്കുന്നത്.

രണ്ട് എൻജിൻ സാധ്യതകളോടെയാണു ‘മസ്താങ്ങി’ന്റെ വരവ്: അഞ്ചു ലീറ്റർ വി എയ്റ്റും 2.3 ലീറ്റർ ഇകോ ബൂസ്റ്റും. ശേഷിയേറിയ എൻജിൻ പരമാവധി 410 ബി എച്ച് പി കരുത്തും ഇകോബൂസ്റ്റ് എൻജിൻ 312.67 ബി എച്ച് പി കരുത്തുമാണു സൃഷ്ടിക്കുക. കാർ ബുക്ക് ചെയ്തവരിൽ 70 ശതമാനത്തോളം തിരഞ്ഞെടുത്തിരിക്കുന്നത് ശേഷിയേറിയ എൻജിനാണെന്നും ഫോഡ് യു കെ വെളിപ്പെടുത്തുന്നു.

കാറിലെ ട്രാൻസ്മിഷൻ സാധ്യതകളായി ആറു സ്പീഡ് മാനുവൽ, സെലക്ട് ഷിഫ്റ്റ് പാഡിൽ ഷിഫ്റ്റർ സഹിതം ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണുള്ളത്. ബുക്കിങ്ങിൽ ഇരു ട്രാൻസ്മിഷനുകൾക്കും ഏറെക്കുറെ തുല്യ പരിഗണനയാണു ലഭിച്ചത്. റേസ് റെഡ് നിറത്തിനാണ് ആവശ്യക്കാരേറെ; ആർ എച്ച് ഡി ‘മസ്താങ്’ തേടിയെത്തിയവരിൽ 23 ശതമാനത്തിനും ഈ നിറത്തോടാണു താൽപര്യം. മാഗ്നറ്റിക് സിൽവറും ഷാഡോ ബ്ലാക്കും തിരഞ്ഞെടുത്തത് 16.1% വീതം ഇടപാടുകാരാണ്. ഡീപ് ഇംപാക്ട് ബ്ലൂ, ട്രിപ്പിൾ യെലോ സ്റ്റാൻഡ് നിറങ്ങാണു നാലും അഞ്ചും സ്ഥാനങ്ങളിൽ. അകത്തളത്തിന് എബണി ബ്ലാക്ക് നിറമാണ് 75 ശതമാനത്തോളം ഉടമകളും തിരഞ്ഞെടുത്തിരിക്കുന്നത്. ഉപഗ്രഹ നാവിഗേഷൻ, ഷാക്കർ പ്രോ 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യാവുന്ന മുൻസീറ്റ്, റിയർ വ്യൂ കാമറ, ലസ്റ്റർ നിക്കൽ — സിൽവർ അലോയ് വീൽ, എക്സ്ട്രാ ക്രോം ഡീറ്റെയ്ലിങ് എന്നിവയടങ്ങിയ കസ്റ്റം പായ്ക്കും പകുതിയോളം പേർ തിരഞ്ഞെടുത്തിട്ടുണ്ട്. കാറിൽ താച്ചം കാറ്റഗറി വൺ അലാം സംവിധാനവും ലഭ്യമാണ്.

യു കെയിൽ 29,995 പൗണ്ട്(ഏകദേശം 31.16 ലക്ഷം രൂപ) ആണ് ‘ഇകോബൂസ്റ്റ്’ എൻജിനുള്ള ‘മസ്താങ്ങി’നു വില; അതേസമയം വി എയ്റ്റ് എൻജിനുള്ള മോഡലിന് 33,995 പൗണ്ട്(35.33 ലക്ഷത്തോളം രൂപ) ആണു വില. ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു നവംബറോടെ കാർ കൈമാറുമെന്നാണു ഫോഡിന്റെ വാഗ്ദാനം. വൈകാതെ ഇതേ മോഡൽ ഫോഡ് ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന.