ഇക്കോസ്പോർട്ടിനു തിരിച്ചു വിളി

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡിന്റെ കോംപാക്റ്റ് എസ് യു വി ഇക്കോസ്പോർട് കമ്പനി തിരിച്ചു വിളിക്കുന്നു. 2013 നവംബറിനും 2014 ഏപ്രിലിനും ഇടയ്ക്കു നിർമിച്ച 48,700 ഇക്കോ സ്പോർട്ട് എസ്‌യുവികളുടെ ഇന്ധന–ബ്രേക്ക് ലൈനുകൾക്കും പിൻ സീറ്റ് ബാക് റെസ്റ്റുകൾക്കും തകരാർ സാധ്യത കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.

തിരിച്ചു വിളിക്കുന്ന വാഹനങ്ങളിൽ തകരാർ കണ്ടെത്തിയാൽ അവയുടെ ഘടകങ്ങൾ മാറ്റി നൽകുമെന്നു ഫോഡ് ഇന്ത്യ അറിയിച്ചു. ഫോഡ് ശ്രേണിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലായ കോംപാക്ട് എസ് യു വി ‘ഇകോസ്പോർട്’ ഇതു നാലാം തവണയാണു കമ്പനി തിരിച്ചുവിളിക്കുന്നത്.

വാഹനം നിരത്തിലെത്തി ഏറെക്കഴിയും മുമ്പ് 2013 മധ്യത്തിലാണ് ഗ്ലോപ്ലഗ് മൊഡ്യൂളിന്റെ സ്ഥാനം പുനഃക്രമീകരിക്കാൻ ഫോഡ് ഇന്ത്യ 972 ‘ഇകോസ്പോർട്’ തിരിച്ചുവിളിച്ചത്. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മുന്നിലെ എയർബാഗുമായും ഫ്യുവൽ ലൈനുമായും ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ ഫോഡ് 20,700 ‘ഇകോസ്പോർട്ടുകളും കഴിഞ്ഞ വർഷം അവസാനം സസ്പെൻഷൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 16444 ഇക്കോസ്പോർട്ടുകളും തിരിച്ചു വിളിച്ചിരുന്നു.