ജി എമ്മിന്റെ ഒപെലും വോക്സോളും ഏറ്റെടുക്കാൻ പി എസ് എ ഗ്രൂപ്

സി കെ ബിർല ഗ്രൂപ്പിൽ നിന്ന് ‘അംബാസഡർ’ ബ്രാൻഡ് സ്വന്തമാക്കിയ പിന്നാലെ ഫ്രഞ്ച് വാഹന നിർമാതാക്കളായ പി എസ് എ ഗ്രൂപ്പ് യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സി(ജി എം)ന്റെ യൂറോപ്യൻ വിഭാഗത്തെയും ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഒപെൽ, വോക്സോൾ ബ്രാൻഡുകൾ അടക്കം പ്രവർത്തന നഷ്ടം രേഖപ്പെടുത്തുന്ന യൂറോപ്യൻ വിഭാഗത്തെ ജി എം, സിട്രോണിന്റെയും ഡി എസിന്റെയും പ്യുഷൊയുടെയുമൊക്കെ മാതൃസ്ഥാപനമായ പി എസ് എ ഗ്രൂപ്പിനെ ഏൽപ്പിക്കുമെന്നാണു സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ ഏറെ പുരോഗതി കൈവരിച്ചു കഴിഞ്ഞെന്നും വിവിധ വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നു. ജി എമ്മിന്റെ യൂറോപ്യൻ ഉപസ്ഥാപനങ്ങളായ ഒപെലിലും വോക്സോളിലും പി എസ് എ ഗ്രൂപ്പിന് ഭൂരിപക്ഷ ഓഹരി പങ്കാളിത്തം അനുവദിക്കാനാണു നീക്കം. ജി എമ്മിനെ പി എസ് എ ഗ്രൂപ് സ്വന്തമാക്കുന്നതു യൂറോപ്യൻ വാഹന വ്യവസായ മേഖലയിൽ മൊത്തത്തിൽ തന്നെ മാറ്റങ്ങൾക്കു വഴി തെളിക്കാനാണു സാധ്യത.

അതേസമയം, പി എസ് എ ഗ്രുപ്പുമായുള്ള ചർച്ചകളെക്കുറിച്ചോ ഓഹരി കൈമാറ്റത്തെക്കുറിച്ചോ ജി എം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ജി എമ്മുമായി നേരിട്ടു ചർച്ച നടത്തുന്നുണ്ടെന്നു പി എസ് എ ഗ്രൂപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒപെൽ ഏറ്റെടുക്കുന്നതടക്കം തന്ത്രപരമായ ഒട്ടേറെ സാധ്യതകൾ ചർച്ചയിലുണ്ടെന്നും ഗ്രൂപ് സൂചിപ്പിച്ചിരുന്നു. ബ്രിട്ടനിൽ നടന്ന അഭിപ്രായവോട്ടെടുപ്പിൽ യൂറോപ്യൻ യൂണിയൻ വിടണമെന്നു വാദിക്കുന്ന ‘ബ്രെക്സിറ്റ്’ വിഭാഗം വിജയം നേടിയത് യൂറോപ്പിലെ പ്രവർത്തനം ലാഭത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായെന്നാണു ജി എമ്മിന്റെ വാദം. ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തും യു എസിലെ ഏറ്റവും വലുതുമായ വാഹന നിർമാതാക്കളായ ജി എമ്മിന് 2000 മുതൽ ഒപെൽ ബ്രാൻഡിൽ നിന്ന് മൊത്തം 1500 കോടി ഡോളർ(1,00,305 കോടി രൂപ) നഷ്ടം നേരിട്ടെന്നാണു കണക്ക്.

2009ൽ പാപ്പരായ ഘട്ടത്തിൽ ഒപെൽ ഡിവിഷൻ വിൽക്കാൻ ജി എം തീരുമാനിച്ചിരുന്നു; എന്നാൽ ആകർഷകമായ യൂറോപ്യൻ വിപണിയിലെ സാന്നിധ്യം നിലനിർത്താൻ ലക്ഷ്യമിട്ട് ഒപെൽ തുടരുകയായിരുന്നു. ഇക്കൊല്ലമെങ്കിലും കമ്പനിയുടെ പ്രവർത്തനം ലാഭത്തിലെത്തുമെന്നായിരുന്നു ജി എമ്മിന്റെ പ്രതീക്ഷ; എന്നാൽ 2016ലും യൂറോപ്പിലെ പ്രവർത്തനം 25.7 കോടി ഡോളർ(ഏകദേശം 1718.56 കോടി രൂപ) നഷ്ടത്തിലാണു കലാശിച്ചത്. പ്യൂഷൊയ്ക്കും സിട്രോണിനുമൊപ്പം ഒപെൽ കൂടി സ്വന്തമായാൽ നാട്ടുകാരായ റെനോയെ പിന്തള്ളി യൂറോപ്യൻ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തെത്താൻ പി എസ് എ ഗ്രൂപ്പിനു സാധിക്കും. ജർമനിയിൽ നിന്നുള്ള ഫോക്സ്വാഗനാണു യൂറോപ്യൻ നിർമാതാക്കളിൽ ആദ്യ സ്ഥാനത്ത്.