ജർമൻ പോലീസിന് കൂട്ടായ് 65 ലക്ഷത്തിന്റെ മസ്താങ്

Ford Mustang GT

സൂപ്പർ കാറുകളുടെ ഈറ്റില്ലമാണ് ജർമനി. ഔഡി, ബിഎംഡബ്ല്യു തുടങ്ങി ലോക പ്രശസ്ത കാർ നിർമാതാക്കളെല്ലാം ജർമനിക്കാർ തന്നെ. എന്നാൽ ജർമൻ പോലീസ് പെട്രോളിങ് വാഹനമായി തിരഞ്ഞെടുത്തത് അമേരിക്കൻ മസിൽകാർ. മസ്താങ് ജിടിയുടെ ആറാം തലമുറ കാറിനെയാണ് ജർമനിയിൽ പോലീസിൽ എടുത്തത്. മസ്താങ്ങിന്റെ തന്റെ ട്യൂണിങ് ഡിവിഷനായ വൂൾഫ് റേസിങ് ട്യൂൺ ചെയ്ത വൂൾഫ് വൈഡ് 5.0 എന്ന പതിപ്പാണ് ജർമൻ പോലീസിന് കമ്പനി നൽകിയത്.

Mustang

അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനാണ് കാറിന്. പാഡിൽ ഷിഫ്റ്റർ സഹിതമുള്ള ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. 455 ബിഎച്ച്പിയാണ് കരുത്ത്. മസ്താങ്ങിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.3 സെക്കന്റുകൾ മാത്രം മതി.

കഴിഞ്ഞ ജൂലൈയിൽ ഫോഡ് മസ്താങ്ങിനെ ഇന്ത്യയിലെത്തിച്ചിരുന്നു. റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടാണ് ഇന്ത്യയിലെത്തുന്ന ‘മസ്താങ്ങി’ന്റെ പ്രധാന സവിശേഷത. സ്വതന്ത്രമായ പിൻ സസ്പെൻഷൻ, എൽ ഇ ഡി സഹിതം എച്ച് ഐ ഡി ഹെഡ്ലാംപ് യൂണിറ്റ്, എൽ ഇ ഡി ഡീറ്റെയ്ൽഡ് ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ സോൺ എച്ച് വി എ സി സിസ്റ്റം, ലോഞ്ച് കൺട്രോൾ, ഇലക്ട്രോണിക് ലൈൻ ലോക്ക്, ഡ്രൈവ് മോഡ് സെലക്ടർ, ക്രോസ് ട്രാഫിക് അലെർട്ടോടെ ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, മുന്നിൽ ഇരട്ട എയർബാഗ് എന്നിവയൊക്കെ ‘മസ്താങ് ജി ടി’യിലുണ്ട്.

Mustang

യു കെയിൽ അവതരിപ്പിക്കുമ്പോൾ 29,995 പൗണ്ട് (ഏകദേശം 26.79 ലക്ഷം രൂപ) ആയിരുന്നു ‘ഇകോബൂസ്റ്റ്’ എൻജിനുള്ള ‘മസ്താങ്ങി’നു വില; വി എയ്റ്റ് എൻജിനുള്ള മോഡലിന് 33,995 പൗണ്ട് (30.36 ലക്ഷത്തോളം രൂപ) ആണു വില. ഇറക്കുമതി ചുങ്കവും മറ്റും ചേരുന്നതുകൊണ്ട് ഇന്ത്യയിൽ മസ്താങിന്റെ വില 65 ലക്ഷം രൂപയാണ്.