ഗൂഗിളിന്റെ സ്വയം ഓടുന്ന കാർ പദ്ധതിയുടെ തലവൻ കമ്പനി വിടുന്നു

ക്രിസ് ആംസൻ

സാൻ ഫ്രാൻസിസ്കോ∙ ഗൂഗിളിന്റെ സ്വയം ഓടുന്ന കാർ പദ്ധതിയുടെ ചീഫ് ടെക്നോളജി ഓഫിസർ ക്രിസ് ആംസൻ കമ്പനി വിടുന്നു. കാർ പദ്ധതിയിൽ ഇനി തന്റെ സേവനം ആവശ്യമില്ലെന്നും താൻ പുതിയ വെല്ലുവിളികൾ തേടിയിറങ്ങുകയാണെന്നും ആംസൻ തന്റെ ബ്ലോഗിലാണു കുറിച്ചത്.

ഏഴുവർഷം മുൻപാണു ഗൂഗിളിന്റെ കലിഫോർണിയ ആസ്ഥാനത്തെ എക്സ് ലാബിൽ അന്നു രഹസ്യമായിരുന്ന സ്വയം ഓടുന്ന കാർ ഗവേഷണപദ്ധതിയിൽ ആംസൻ ചേർന്നത്. ഗൂഗിൾ എക്സ് ലാബ് സ്ഥാപകനും കംപ്യൂട്ടർ സയന്റിസ്റ്റുമായ സെബാസ്റ്റ്യൻ ത്രോൺ 2013ൽ കമ്പനി വിട്ടശേഷം ഗവേഷണ സംഘത്തിന്റെ തലവനായിരുന്നു ആംസൻ.

കഴിഞ്ഞവർഷം ഹ്യൂണ്ടായ് അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോൺ ക്രാഫ്‌സിക്കിനെ കാർ പദ്ധതിയുടെ മേധാവിയായി നിയോഗിച്ചതിനെത്തുടർന്നുള്ള അഭിപ്രായ വ്യത്യാസം മൂലമാണു ആംസൻ ഗൂഗിൾ വിടുന്നതെന്നു റിപ്പോർട്ടുണ്ട്. ഗൂഗിൾ മാതൃസ്ഥാപനമായ ആൽഫബറ്റിനു കീഴിൽ എക്സ് ലാബിനെ പ്രത്യേക കമ്പനിയാക്കാൻ വേണ്ടിയായിരുന്നു പുതിയ നിയമനം.

എന്നാൽ, കാർ ഗവേഷണപദ്ധതിയിൽ നിർണായകമായ സേവനം നൽകിയ ആംസൻ ഊഷ്മളമായാണു കമ്പനി വിടുന്നതെന്നു ഗൂഗിൾ വക്താവ് അറിയിച്ചു. സ്വയം ഡ്രൈവ് ചെയ്യുന്ന കാർ ഗൂഗിൾ ഇതിനകം 24 ലക്ഷം കിലോമീറ്റർ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കാർ പുറത്തിറങ്ങണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. സമീപകാലത്ത് ഗൂഗിൾ കാർ ഗവേഷണപദ്ധതിയുടെ ഭാഗമായിരുന്ന ഏതാനും സാങ്കേതിക വിദഗ്ധരും ഗവേഷകരും കമ്പനി വിട്ടിരുന്നു.