16 ദേശീയപാത പദ്ധതികൾക്ക് അനുമതി; ചെലവ് 7,457 കോടി

പതിനൊന്ന് സംസ്ഥാനങ്ങളിലായി മൊത്തം 7,457 കോടി രൂപ ചെലവിൽ 16 ദേശീയപാത പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 7,456.88 കോടി രൂപ ചെലവിൽ 622 കിലോമീറ്റർ ദൈർഘ്യമുള്ള 16 പാതകളുടെ നിർമാണത്തിനാണ് സാമ്പത്തിക സ്ഥിര സമിതി(എസ് എഫ് സി) അനുമതി നൽകിയതെന്നു കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി സഞ്ജയ് മിത്ര അറിയിച്ചു. ഇതിൽ രണ്ടെണ്ണം ഹൈബ്രിഡ് ആന്വിറ്റി രീതിയിലും 13 എണ്ണം എൻജിനീയറിങ്, കൺസ്ട്രക്ഷൻ രീതിയിലും ഒരെണ്ണം ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ബി ഒ ടി) വ്യവസ്ഥയിലുമാണു പൂർത്തിയാക്കുക.

ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, അസം, സിക്കിം സംസ്ഥാനങ്ങളിലെ ദേശീയപാത നിർമാണ പദ്ധതികൾക്കാണു സമിതി അംഗീകാരം നൽകിയത്. ഉത്തരാഖണ്ഡിൽ ചാർധാം യാത്രയുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികൾക്കാണ് അനുമതി; എൻ എച്ച് 58ന്റെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്താൻ യഥാക്രമം 248 കോടി രൂപയും 200 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ദേശീയ പാത വികസന പദ്ധതി(എൻ എച്ച് ഡി പി)യുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി എൻ എച്ച് 66ന്റെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്താനാണു മഹാരാഷ്ട്രയ്ക്ക് അനുമതി. ഹൈബ്രിഡ് ആന്വിറ്റി വ്യവസ്ഥയിലുള്ള പാത വികസനത്തിന് യഥാക്രമം 905, 1,338 കോടി രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഹരിയാന — പഞ്ചാബ് അതിർത്തിയിൽ നിന്നു ജിണ്ട് വരെ ദേശീയ പാത 71നെ നാലു വരിപ്പാതയാക്കാനുള്ള പദ്ധതിയാണു ബി ഒ ടി വ്യവസ്ഥയിൽ പൂർത്തിയാക്കുക. അരുണാചൽ പ്രദേശ്, അസം, സിക്കിം എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലായി അഞ്ചു ദേശീയപാത വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.