Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം വരവിൽ കരുത്തുകാട്ടി ഹോണ്ടയുടെ ‘ജാസ്’

Jazz

ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായ ബാറ്റ്സ്മാൻ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി അടിച്ചതു പോലെയാണു ഹോണ്ട ‘ജാസി’ന്റെ കാര്യം. ഒന്നാം വരവിൽ ഇന്ത്യൻ കാർ വിപണിയിൽ കാര്യമായ തരംഗം പോലും സൃഷ്ടിക്കാനാവാതെ മടങ്ങിയ ‘ജാസ്’ ഇപ്പോഴിതാ വിൽപ്പനയിൽ പുതിയ ചരിത്രം രചിച്ചു മുന്നേറുന്നു. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ കണക്കെടുപ്പിൽ ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായി മാറി പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’.

മാസങ്ങളായി സെഡാനായ ‘സിറ്റി’ക്കാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിൽപ്പന പട്ടികയിൽ ഒന്നാം സ്ഥാനം. എൻട്രി ലവൽ സെഡാനായ ‘അമെയ്സും’ ഹാച്ച്ബാക്കായ ‘ബ്രിയോ’യുമൊക്കെയാണ് അടുത്ത സ്ഥാനങ്ങളിൽ.എന്നാൽ കഴിഞ്ഞ മാസം ആദ്യവാരം ആകർഷക വിലനിലവാരത്തിൽ വിൽപ്പനയ്ക്കെത്തിയ ‘ജാസി’ന് ഉജ്വല വരവേൽപ്പാണ് ഇന്ത്യൻ വിപണി നൽകിയത്; 6,676 ‘ജാസ്’ ആണു ജൂലൈയിൽ നിരത്തിലെത്തിയത്. രണ്ടാം സ്ഥാനത്തായ ‘സിറ്റി’യുടെ വിൽപ്പനയാവട്ടെ 5,180 യൂണിറ്റിലൊതുങ്ങി. ‘ജാസി’ന്റെ പിൻബലത്തിൽ 2014 ജൂലൈയെ അപേക്ഷിച്ച് വിൽപ്പനയിൽ 18% വർധന കൈവരിക്കാനും ഹോണ്ടയ്ക്കായി; കഴിഞ്ഞ ജൂലൈയിൽ 15,709 കാർ വിറ്റത് ഇക്കുറി 18,606 എണ്ണമായിട്ടാണ് ഉയർന്നത്. പോരെങ്കിൽ ഈ മുന്നേറ്റത്തിനിടെ 14,556 കാർ വിറ്റ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യെ പിന്തള്ളി ഇന്ത്യൻ കാർ നിർമാതാക്കൾക്കിടയിൽ മൂന്നാം സ്ഥാനത്തെത്താനും ഹോണ്ടയ്ക്കു കഴിഞ്ഞു.

‘ഹോണ്ടയുടെ കാർ’ എന്ന അവകാശപ്പെട്ട് വിലയിൽ പ്രീമിയം ഈടാക്കാൻ ശ്രമിച്ചതാണ് ‘ജാസി’ന്റെ ആദ്യ വരവ് ദുരന്തത്തിൽ കലാശിച്ചത്. 2009ൽ വിൽപ്പനയ്ക്കെത്തുമ്പോൾ ഏഴു ലക്ഷം രൂപയിലേറെയായിരുന്നു ‘ജാസി’നു വില. വില കൂടുതലാണെന്ന വിലയിരുത്തൽ തിരിച്ചടിയായതോടെ നിരത്തിലെത്തിയ വേള മുതൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ ‘ജാസി’നു കഴിഞ്ഞതുമില്ല.

ഇതോടെ 2011 ഓഗസ്റ്റിൽ കാറിന്റെ വിലയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ കുറവ് പ്രഖ്യാപിച്ചു; ഇതോടെ കാറിന് ആവശ്യക്കാരേറിയെങ്കിലും ‘ജാസ്’ വിൽപ്പന ഹോണ്ടയ്ക്കു നഷ്ടക്കച്ചവടമായി. തുടർന്ന് 2013ൽ ‘ജാസി’ന്റെ പഴയ തലമുറ മോഡലിന്റെ ഇന്ത്യയിലെ ഉൽപ്പാദനവും വിൽപ്പനയും തന്നെ ഹോണ്ട അവസാനിപ്പിക്കുകയായിരുന്നു. ഇക്കുറിയാവട്ടെ പ്രധാന എതിരാളിയായ ഹ്യുണ്ടായ് ‘എലീറ്റ് ‘ഐ 20’ കാറിന്റെ അടിസ്ഥാന മോഡലിനോടു കിട പിടിക്കുന്ന വില നിലവാരത്തിലാണു ‘ജാസ്’ എത്തിയത്. കഴിഞ്ഞ തവണത്തേതിൽ നിന്നു വ്യത്യസ്തമായി ഡീസൽ എൻജിനോടെയും ഇക്കുറി ‘ജാസ്’ വിൽപ്പനയ്ക്കുണ്ടെന്നതാണു മറ്റൊരു അനുകൂല ഘടകം.

‘ജാസി’ന്റെ പെട്രോൾ മോഡലുകൾക്ക് 5.3 മുതൽ 7.29 ലക്ഷം രൂപ വരെ വിലയുള്ളപ്പോൾ ഡീസൽ എൻജിനുള്ള കാർ സ്വന്തമാക്കാൻ 6.49 മുതൽ 8.59 ലക്ഷം രൂപ വരെ മുടക്കണം. ഓട്ടമാറ്റക് വകഭേദങ്ങളുടെ വിലയാവട്ടെ 6.99 ലക്ഷം രൂപ മുതൽ 7.85 ലക്ഷം രൂപ വരെയാണ്. മികവു തെളിയിച്ച 1.2 ലീറ്റർ, ഐ വി ടെക് പെട്രോൾ എൻജിനാണു ‘ജാസി’നു കരുത്തേകുന്നത്. ഒപ്പം ‘അമെയ്സി’ൽ അരങ്ങേറുകയും ‘സിറ്റി’യിലും വിജയം ആവർത്തിക്കുകയും ചെയ്ത 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിൻ സഹിതവും ‘ജാസ്’ ലഭിക്കും. ആഗോളതലത്തിൽ തന്നെ ഡീസൽ എൻജിനുള്ള ‘ജാസ്’ വിൽപ്പനയ്ക്കെത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. പോരെങ്കിൽ ഇന്ത്യയിലല്ലാതെ മറ്റൊരു വിപണിയിലും ഡീസൽ ‘ജാസ്’ വിൽക്കാൻ തൽക്കാലം ഹോണ്ടയ്ക്കു പദ്ധതിയുമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.