ബാറ്ററിയിൽ ഓടുന്ന ടിപ്പറുമായി ഹീറോ ഇലക്ട്രിക്

ചെറു ടിപ്പറടക്കമുള്ള പുതു മോഡലുകളുമായി വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക്. ഉൽപന്നശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണു കമ്പനി ലിതിയം അയോൺ ബാറ്ററി കരുത്തേകുന്ന പുതിയ സ്കൂട്ടറും ഭാരവാഹനവുമൊക്കെ പുറത്തിറക്കിയത്. ബാറ്ററിയിൽ ഓടുന്ന ഡംപറിന്റെ ഭാരവാഹക ശേഷി 250 കിലോഗ്രാമാണ്; 1.75 ലക്ഷം രൂപയാണു വില. ഹീറോ ഇലക്ട്രിക്കിന്റെ പുതിയ സ്കൂട്ടറുകൾ ഏപ്രിലിലാണു വില്പ്പനയ്ക്കെത്തുക. സ്കൂട്ടറുകളുടെ അരങ്ങേറ്റം ഏപ്രിൽ ഒന്നിനാവുമെന്നു ടിപ്പർ പുറത്തിറക്കി ഹീറോ ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൊഹിന്ദർ ഗിൽ അറിയിച്ചു. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന അപകട ഭീഷണി നേരിടാൻ വൈദ്യുത വാഹനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാറ്ററിയിൽ ഓടുന്ന ടിപ്പറിനെപ്പറ്റി ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇവയുടെ വിൽപ്പനയ്ക്കുള്ള ചർച്ചകൾ ആരംഭിച്ചെന്നും ഗിൽ വെളിപ്പെടുത്തി. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗമുള്ള ടിപ്പർ ഒറ്റത്തവണ ചാർജ് ചെയ്താൽ 80 കിലോമീറ്റർ ഓടുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. ചരക്കുകൾ കയറ്റാനും ഇറക്കാനുമായി ഹൈഡ്രോളിക് സംവിധാനവും ഇ ടിപ്പറിലുണ്ട്. ആറു മാസത്തിനുള്ള ഭാരവാഹക ശേഷി കൂടുതലുള്ള ടിപ്പർ പുറത്തിറക്കുമെന്നും ഗിൽ അറിയിച്ചു. 500 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ളതും ബാറ്ററിയിൽ ഓടുന്നതുമായ ടിപ്പർ അവതരിപ്പിക്കാനാണു പദ്ധതി.

ലിതിയം അയോൺ ബാറ്ററി ഘടിപ്പിച്ച എൻട്രി ലവൽ സ്കൂട്ടറായ ‘മാക്സി’ക്ക് 49,500 രൂപയാവും വില; ‘ഒപ്റ്റിമ’യ്ക്ക് 54,500 രൂപയും വേഗമേറിയ ‘ഫോട്ടോണി’ന് 88,000 രൂപയുമാണു വിലയെന്നു ഗിൽ അറിയിച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളുടെ വികസനത്തിനു കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ഹീറോ ഗ്രൂപ് മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജാൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ വൈദ്യുത വാഹന വിപണി ലക്ഷ്യമിട്ടു കമ്പനി കൂടുതൽ മോഡലുകൾ വികസിപ്പിച്ചു വില്പ്പനയ്ക്കെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.