സ്കൂട്ടർ വിൽപ്പന: രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു ഹീറോ

Hero Duet

രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ കൈവിട്ടു പോയ രണ്ടാം സ്ഥാനം ഹീറോ മോട്ടോ കോർപ് തിരിച്ചുപിടിച്ചു. അടുത്തയിടെ നിരത്തിലെത്തിയ ‘ഡ്യുവറ്റി’ന്റെയും ‘മാസ്ട്രോ എജ്ഡി’ന്റെയും പിൻബലത്തിൽ സ്കൂട്ടർ വിൽപ്പനയിൽ കൈവരിച്ച മികച്ച മുന്നേറ്റമാണ് എതിരാളികളായ ടി വി എസ് മോട്ടോറിനെ പിന്തള്ളി രണ്ടാം സ്ഥാനം വീണ്ടെടുക്കാൻ ഹീറോ മോട്ടോ കോർപിനെ സഹായിച്ചത്. ഫെബ്രുവരിയിൽ അവസാനിച്ച മൂന്നു മാസക്കാലത്തിനിടെ ഹീറോ മോട്ടോ കോർപ് 2,57,322 വിറ്റപ്പോൾ ടി വി എസ് മോട്ടോറിന്റെ വിൽപ്പന 1,87,151 യൂണിറ്റിലൊതുങ്ങി. കഴിഞ്ഞ ഏപ്രിൽ — ഫെബ്രുവരി കാലത്ത് ഹീറോ മോട്ടോ കോർപ് കൈവരിച്ച മൊത്തം വിൽപ്പന 7,31,967 സ്കൂട്ടറുകളാണ്. അതേസമയം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസക്കാലത്തിനിടെ 7,07,884 സ്കൂട്ടറുകളാണ് ടി വി എസ് വിറ്റത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസത്തിനിടെ രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ 12% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2014 — 15ലെ ആദ്യ 11 മാസത്തിനിടെ മൊത്തം 41,05019 സ്കൂട്ടർ വിറ്റത് ഇക്കുറി 45,81,640 യൂണിറ്റായാണ് ഉയർന്നത്. 56% വിപണി വിഹിത്തോടെ എച്ച് എം എസ് ഐ ഒന്നാം സ്ഥാനത്തും 16% വിഹിതത്തോടെ ഹീറോ മോട്ടോ കോർപ് രണ്ടാം സ്ഥാനത്തും 15.5% വിഹിതത്തോടെ ടി വി എസ് മൂന്നാം സ്ഥാനത്തുമാണ്.

TVS Jupiter

യമഹ(6.3%), സുസുക്കി(4.5%) എന്നിവരാണു തുടർന്നുള്ള സ്ഥാനങ്ങളിൽ രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളും ഹീറോ മോട്ടോ കോർപിന്റെ പഴയ പങ്കാളികളുമായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യ്ക്കാണ് അനിഷേധ്യമായ ഒന്നാം സ്ഥാനം. 2015 ഏപ്രിൽ — 2016 ഫെബ്രുവരി കാലത്ത് എച്ച് എം എസ് ഐ വിറ്റത് 25,44,872 സ്കൂട്ടറുകളാണ്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ സ്കൂട്ടർ വിപണിയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കാനുള്ള മത്സരമാണ് ഇപ്പോൾ ഉഷാറായി നടക്കുന്നത്. സ്കൂട്ടർ വിപണിയിലെ രണ്ടാം സ്ഥാനത്തിനായി ടി വി എസ് മോട്ടോർ കമ്പനിയും ഹീറോ മോട്ടോ കോർപുമായി ഏറെ നാളായി മത്സരം കൊഴുക്കുന്നുണ്ട്. ഏതാനും വർഷം മുമ്പു ടി വി എസിനെ പിന്നിലാക്കിയതോടെ ഹീറോയായിരുന്നു രണ്ടാം സ്ഥാനത്ത്; പക്ഷേ കഴിഞ്ഞ വർഷം നടത്തിയ പുത്തൻ മോഡൽ അവതരണങ്ങളുടെ പിൻബലത്തിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടി വി എസ്, ഹീറോയെ പിന്തള്ളി മുന്നിലെത്തി. തുടർന്നു മൂന്നു മാസം മുമ്പ് ഹീറോ മോട്ടോ കോർപ് രണ്ടു പുതിയ ഗീയർരഹിത സ്കൂട്ടറുകൾ പുറത്തിറക്കി: ‘ഡ്യുവറ്റ്’, ‘മാസ്ട്രോ എഡ്ജ്’.

Honda Activa

പിന്നാലെ ഇരുമോഡലുകൾക്കുമായി വൻപരസ്യപ്രചാരണവും വിപണന പരിപാടികളും ഹീറോ മോട്ടോ കോർപ് നടപ്പാക്കി. ഇതോടൊപ്പം രാജ്യവ്യാപകമായി ആറായിരത്തോളം വിൽപ്പന കേന്ദ്രങ്ങൾ നിലവിലുള്ളതും ഹീറോയ്ക്കു ഗുണകരമായി. സ്വന്തമായി വികസിപ്പിച്ച ഈ സ്കൂട്ടറുകളാണ് ഹീറോയ്ക്ക് വിൽപ്പന കണക്കെടുപ്പിൽ ഇപ്പോൾ നേട്ടം സമ്മാനിച്ചിരിക്കുന്നത്. പുത്തൻ എൻജിന്റെയും ഷാസിയുടെയും പിൻബലത്തോടെ എത്തിയ സ്കൂട്ടറുകൾ കമ്പനിയുടെ സാങ്കേതിക മികവാണു വിളംബരം ചെയ്യുന്നതെന്നാണു ഹീറോ മോട്ടോ കോർപിന്റെ അവകാശവാദം. അടുത്ത വർഷവും ഈ സ്കൂട്ടറുകളെ ആധാരമാക്കിയാണു കമ്പനിയുടെ വിപണന തന്ത്രങ്ങൾ ഒരുങ്ങുന്നത്. നിലവിൽ ഒരു ലക്ഷത്തോളം യൂണിറ്റാണു കമ്പനിയുടെ പ്രതിമാസ ഉൽപ്പാദനശേഷി. ഗുജറാത്തിലെ നിർദിഷ്ട ശാല പ്രവർത്തനക്ഷമമാവുന്നതോടെ സ്കൂട്ടർ ഉൽപ്പാദനം വർധിപ്പിക്കാനും ഹീറോയ്ക്കു പദ്ധതിയുണ്ട്.