ഹീറോയുടെ ഓൺലൈൻ വിൽപ്പന ലക്ഷം യൂണിറ്റ് പിന്നിട്ടു

ഓൺലൈൻ വാണിജ്യ, വ്യാപാര പോർട്ടലായ സ്നാപ്ഡീൽ വഴിയുള്ള ഹീറോ മോട്ടോ കോർപിന്റെ ഇരുചക്രവാഹന വിൽപ്പന ലക്ഷം യൂണിറ്റ് പിന്നിട്ടു. സ്നാപ്ഡീൽ മുഖേന വിൽപ്പന ആരംഭിച്ച് അഞ്ചു മാസത്തിനകമാണു ഹീറോ ഇന്ത്യൻ ഇരുചക്രവാഹന വ്യവസായ രംഗത്തെ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ബൈക്കുകൾക്ക് ശരാശരി അര ലക്ഷം രൂപ നിരക്കിൽ കണക്കാക്കിയാൽ പോലും 500 കോടിയോളം രൂപയുടെ വ്യാപാരമാണു ഹീറോ മോട്ടോ കോർപ്പിനു സ്നാപ്ഡീലിൽ നിന്നു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഹീറോ മോട്ടോ കോർപ് ഓൺലൈൻ വ്യവസ്ഥയിൽ ഇരുചക്രവാഹന വിൽപ്പന ആരംഭിച്ചതെന്നു സ്നാപ്ഡീൽ സീനിയർ വൈസ് പ്രസിഡന്റ്(ഇലക്ട്രോണിക്സ് ആൻഡ് ഹോം) ടോണി നവീൻ വെളിപ്പെടുത്തി.

ഹീറോ മോട്ടോ കോർപിന് ഉജ്വല വരവേൽപ്പാണു സ്നാപ്ഡീൽ ഇടപാടുകാർ നൽകിയത്. അതിനാലാണു വെറും അഞ്ചു മാസക്കാലത്തിനിടെ ഹീറോ ഈ തകർപ്പൻ നേട്ടം സ്വന്തമാക്കാനായതെന്നും നവീൻ അഭിപ്രായപ്പെട്ടു. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലിനൊപ്പം ഹീറോയുടെ വിപുലമായ വിപണന ശൃംഖല കൂടി ചേരുന്ന സങ്കര മാതൃകയുടെ വിജയമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

സാധാരണ ഷോറൂമിൽ നിന്നു വ്യത്യസ്തമായി മോട്ടോർ സൈക്കിൾ, സ്കൂട്ടർ വിഭാഗങ്ങളിലായി എല്ലാ മോഡലുകളും വകഭേദങ്ങളും നിറങ്ങളും പ്രദർശനത്തിനുണ്ടെന്നതാണ് ഓൺലൈൻ സംവിധാനത്തിന്റെ പ്രത്യേകതയെന്നും നവീൻ കരുതുന്നു. കൂടാതെ ഓൺലൈൻ സംവിധാനത്തിലൂടെ വാഹനം വാങ്ങുന്നവർക്ക് ഹീറോ സൗജന്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നതും ആകർഷണമായിട്ടുണ്ട്. ഹീറോ മോട്ടോ കോർപിനു പുറമെ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ മഹീന്ദ്ര ടു വീലേഴ്സും പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡുമൊക്കെ ഇപ്പോൾ സ്നാപ്ഡീൽ വഴി വിൽപ്പന തുടങ്ങിയിട്ടുണ്ട്.

അതേസമയം സ്നാപ്ഡീലുമായുള്ള പങ്കാളിത്തം മികച്ച വിജയം സമ്മാനിച്ച സാഹചര്യത്തിൽ സ്വന്തം ഓൺലൈൻ വ്യാപാര സംവിധാനം അവതരിപ്പിക്കാനാണു ഹീറോ മോട്ടോ കോർപിന്റെ തയാറെടുപ്പ്. മിക്കവാറും ഇക്കൊല്ലം തന്നെ ഹീറോയുടെ ഓൺലൈൻ വെബ്സൈറ്റ് പ്രവർത്തനമാരംഭിക്കുമെന്നാണു സൂചന. ഇതാദ്യമായാണു കമ്പനി ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരീക്ഷണം നടത്തുന്നതെന്നും ലഭിച്ച പ്രതികരണം മികച്ചതായിരുന്നെന്നുമാണു ഹീറോ മോട്ടോ കോർപിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സ്വന്തം ഓൺലൈൻ ചാനൽ വികസിപ്പിക്കാൻ വെർച്വൽ ഷോറൂം തുറക്കാനുമാണു കമ്പനിയുടെ ആലോചന. 2014 ഓട്ടോ എക്സ്പോയിൽ ഹീറോ മോട്ടോ കോർപ് ഡിജിറ്റൽ ഷോറൂം പ്രദർശിപ്പിച്ചിരുന്നു.