രണ്ടാം വരവിൽ ‘ഹൈബ്രിഡ്’ കരുത്തോടെ ഹോണ്ട ‘അക്കോഡ്’

ഇന്ത്യൻ പ്രീമിയം സെഡാൻ വിപണിയിലെ ജനപ്രിയ മോഡലുകൾക്കൊപ്പമാണു ഹോണ്ടയുടെ ‘അക്കോഡി’നു സ്ഥാനം. വിൽപ്പനയിൽ മുന്നിട്ടു നിന്നതിനു പുറമെ ഈ വിഭാഗത്തിലെ നിലവാരം നിശ്ചയിച്ചിരുന്നതു പോലും ‘അക്കോഡ്’ ആയിരുന്നു. എന്നാൽ പൂർണതോതിലുള്ള സെഡാനു പകരം പ്രീമിയം വിഭാഗത്തിലെ എൻട്രി ലെവൽ മോഡലുകൾക്കും എസ് യു വികൾക്കും പ്രിയമേറിയതോടെയാണ് ‘അക്കോഡി’ന്റെ കഷ്ടകാലം ആരംഭിച്ചത്. തുടർന്ന് വിൽപ്പന ഗണ്യമായി ഇടിഞ്ഞതോടെ 2013 ഡിസംബറിൽ ഹോണ്ട കാഴ്സ് ‘അക്കോഡി’നെ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിക്കുകയും ചെയ്തു. കാര്യമായ വിപണന സാധ്യതയില്ലാത്ത ‘അക്കോഡി’നായി സമയം പാഴാക്കുന്നതിനു പകരം കോംപാക്ട് ഹാച്ച്ബാക്കായ ‘ബ്രിയോ’യിലും എൻട്രിലവൽ സെഡാനായ ‘അമെയ്സി’ലും ഇടത്തരം സെഡാനായ ‘സിറ്റി’യിലും വിവിധോദ്ദേശ്യവാഹനമായ ‘മൊബിലിയൊ’യിലും ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഹോണ്ടയുടെ തീരുമാനം. അതുകൊണ്ടുതന്നെ 2013ൽ ആഗോളവിപണികളിൽ വിൽപ്പനയ്ക്കെത്തിയ ഒൻപതാം തലമുറ ‘അക്കോഡി’നെ ഹോണ്ട ഇന്ത്യയിൽ അവതരിപ്പിച്ചുമില്ല.

എന്നാൽ വിപണിയിലെ മാറിയ സാഹചര്യം പരിഗണിച്ച് ‘അക്കോഡ്’ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തുമെന്നു ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ രണ്ടു ലീറ്റർ പെട്രോൾ എൻജിനോടെ വിൽപ്പനയ്ക്കെത്തുന്ന ‘അക്കോഡി’ന്റെ സങ്കര ഇന്ധന വകഭേദവും അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന.എതിരാളികളായ ടൊയോട്ട ‘കാംറി’യുടെ സങ്കര ഇന്ധന വകഭേദം അവതരിപ്പിച്ച് ഇന്ത്യയിൽ നേട്ടം കൊയ്യുന്നതാണു ഹോണ്ടയ്ക്കു വഴികാട്ടിയാവുന്നത്. നിരത്തിലെത്തി എട്ടു മാസത്തിനിടെ 700 യൂണിറ്റിന്റെ വിൽപ്പനയാണു ‘കാംറി’ കൈവരിച്ചത്. പോരെങ്കിൽ ഫോക്സ്വാഗനും ഗ്രൂപ്പിലെ തന്നെ സ്കോഡയും ഇന്ത്യയ്ക്കായി ‘പസറ്റി’ന്റെയും ‘സൂപർബി’ന്റെയും പുതുതലമുറ മോഡലുകൾ ഇന്ത്യയ്ക്കായി പരിഗണിക്കുന്നുണ്ട്.

രണ്ടാം വരവിൽ ‘പുതിയ അക്കോഡ്’ ഇന്ത്യയിലെത്തുമെന്നാണു ഹോണ്ട പറയുന്നത്. എന്നാൽ ‘അക്കോഡി’ന്റെ ഒൻപതാം തലമുറ മൂന്നു വർഷത്തോളം മുമ്പു തന്നെ ലോക വിപണികളിൽ വിൽപ്പനയ്ക്കെത്തിയിരുന്നു; ഇതിന്റെ പരിഷ്കരിച്ച പതിപ്പും വിദേശത്തു ലഭ്യമാണ്. അതുകൊണ്ടുതന്നെ ഒൻപതാം തലമുറ ‘അക്കോഡി’ന്റെ ഈ പരിഷ്കരിച്ച പതിപ്പാവും ഇന്ത്യയിലെത്തുകയെന്ന് ഉറപ്പാണ്. പതിവു പിന്തുടർന്ന് യു എസ് വിപണിയുടെ മാനദണ്ഡം പാലിക്കുന്ന ‘അക്കോഡ്’ ആവും ഇന്ത്യയിലുമെത്തുക. ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോയിലാവും പുതിയ ‘അക്കോഡി’ന്റെ ഔപചാരികമായ അരങ്ങേറ്റം. തുടർന്ന് ഏപ്രിലോടെ വില പ്രഖ്യാപനവും വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയുമൊക്കെ പ്രതീക്ഷിക്കാം. സങ്കര ഇന്ധന ‘കാംറി’യോടുള്ള ആഭിമുഖ്യം പരിഗണിച്ച് ഇതേ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ‘അക്കോഡ്’ ആവും വിപണിയിലെത്തുക.

കാറിനു കരുത്തേകുക രണ്ടു ലീറ്റർ, 16 വാൽവ്, ഐ വി ടെക് പെട്രോൾ എൻജിനാവും; ഇതോടൊപ്പം ഓൺ ഡ് ബാറ്ററിയിൽ നിന്ന കരുത്തു കണ്ടെത്തുന്ന വൈദ്യുത മോട്ടോറുമുണ്ടാവും. പെട്രോൾ എൻജിന് പരമാവധി 141 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാം; മോട്ടോർ കൂടി ചേരുന്നതോടെ കരുത്ത് 196 ബി എച്ച് പിയും ടോർക്ക് 306 എൻ എമ്മുമാകും. ഇലക്ട്രോണിക് സി വി ടി ആണു ട്രാൻസ്മിഷൻ.