ഹോണ്ട അക്കോഡ് തിരിച്ചെത്തുന്നു

സമ്പന്നരായ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രീമിയം സലൂണുകൾ തിരിച്ചെത്തിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയും ടൊയോട്ടയും തയാറെടുക്കുന്നു. ജർമൻ ആഡംബര കാർ നിർമാതാക്കളുടെ എൻട്രി ലവൽ ഹാച്ച്ബാക്കുകളിൽ നിന്നും സെഡാനുകളിൽ നിന്നുമുള്ള ശക്തമായ മത്സരം അതിജീവിക്കാനാവാതെ വന്നപ്പോഴാണ് ഇരു കമ്പനികളും ഇന്ത്യയിൽ നിന്നു പ്രീമിയം സലൂണുകൾ പിൻവലിച്ചത്. ഡീസൽ എൻജിനുള്ള മോഡലുകൾ ലഭ്യമല്ലാത്തതും ഇത്തരം കാറുകളുടെ വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിച്ചിരുന്നു. എന്നാൽ അടുത്ത വർഷത്തിനിടെ ‘അക്കോഡ്’ തിരിച്ചെത്തിക്കുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം സങ്കര ഇന്ധന മോഡലായ ‘പ്രയസു’മായി ഇന്ത്യയിൽ വീണ്ടുമൊരു അങ്കത്തിനുള്ള തയാറെടുപ്പിലാണു ടൊയോട്ട കിർലോസ്കർ മോട്ടോർ. ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗനിൽ നിന്നുള്ള പുതിയ ‘പസറ്റി’നോടും ഇതേ ഗ്രൂപ്പിൽപെട്ട സ്കോഡയിൽ നിന്നുള്ള ‘സുപർബി’നോടുമാവും ‘അക്കോഡി’ന്റെയും ‘പ്രയസി’ന്റെയും പോരാട്ടം.

യാത്രാസുഖത്തിനൊപ്പം ഇന്ധനക്ഷമതയുടെ കൂടി നിരത്തിയാവും ഹോണ്ടയുടെയും ടൊയോട്ടയുടെയും അങ്കമെന്നാണു സൂചന. ലീറ്ററിന് 20 കിലോമീറ്റർ വരെയാണ് ‘അക്കോഡി’നു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; സങ്കര ഇന്ധന മോഡലെന്ന നിലയിൽ ‘പ്രയസി’ന്റെ ഇന്ധനക്ഷമത 40 കിലോമീറ്റർ വരെ നീളും. അതേസമയം സ്ഥല സൗകര്യവും സാങ്കേതികവിദ്യയിലെ മികവുമാകും ഫോക്സ്വാഗന്റെ മറുപടി. 25 മുതൽ 35 ലക്ഷം രൂപ വരെയാണു പ്രീമിയം സലൂണുകളുടെ വില നിലവാരം.

എതാനും വർഷം മുമ്പു വരെ ഹോണ്ടയിൽ നിന്നും ടൊയോട്ടയിൽ നിന്നുമുള്ള പ്രീമിയം സലൂണുകളായിരുന്നു യാത്രാസുഖം ലക്ഷ്യമിടുന്ന സമ്പന്ന കുടുംബങ്ങളുടെ ഇഷ്ട വാഹനം. എന്നാൽ ഇതേ വില നിലവാരത്തിൽ മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവും ഔഡിയുമൊക്കെ ലഭ്യമായതോടെ ജാപ്പനീസ് കമ്പനികളുടെ വഴിയടഞ്ഞു. ഇതോടെ ഹോണ്ട ‘അക്കോഡി’ന്റെയും ടൊയോട്ട ‘കാംറി’യുടെയും വിൽപ്പന നാമമാത്രമായി.

എന്നാൽ ഇപ്പോൾ പ്രീമിയം സലൂണും ആഡംബര വിഭാഗത്തിലെ എൻട്രി ലവൽ മോഡലുകളുമായുള്ള വ്യത്യാസം ഉപയോക്താക്കൾക്കു ബോധ്യമായെന്നാണു ഹോണ്ടയുടെയും ടൊയോട്ടയുടെയും വിലയിരുത്തൽ. ഈ അനുകൂല സാഹചര്യത്തിൽ പ്രീമിയം സലൂണുകൾക്കു തിരിച്ചുവരാനാവുമെന്നും അവർ കരുതുന്നു. 2010 — 11ൽ 8,000 യൂണിറ്റിന്റെ വിൽപ്പന നേടിയ പ്രീമിയം സലൂൺ വിഭാഗത്തിന്റെ പ്രകടനം പിന്നീട് 2,000 യൂണിറ്റിലേക്കു താഴ്ന്നിരുന്നു. എന്നാൽ ഇനി സ്ഥിതി മെച്ചപ്പെടുമെന്ന ഉറച്ച പ്രതീക്ഷയിലാണു ഹോണ്ടയും ടൊയോട്ടയുമൊക്കെ. പുത്തൻ മോഡൽ അവതരണങ്ങളുടെ പിൻബലത്തിൽ വാർഷിക വിൽപ്പന 5,000 യൂണിറ്റ് വരെ ഉയരുമെന്നും നിർമാതാക്കൾ കണക്കുകൂട്ടുന്നു.