ഇന്ത്യയിൽ നിന്നു ഹോണ്ട ‘ജാസ്’ കയറ്റുമതി തുടങ്ങി

പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള മടങ്ങിവരവിനു മുന്നോടിയായി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) രാജസ്ഥാനിലെ തപുകരയിൽ കാർ നിർമാണം ആരംഭിച്ചു. ഒപ്പം ഇന്ത്യൻ നിർമിത ‘ജാസ്’ ദക്ഷിണ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യാനും തുടങ്ങി.

പുതിയ ‘ജാസി’ന്റെ നിർമാണം കൂടി തുടങ്ങിയതോടെ തപുകര ശാലയുടെ ഉൽപ്പാദനശേഷി ഉയർത്താനും എച്ച് സി ഐ എൽ നടപടി ആരംഭിച്ചു. 380 കോടി രൂപ ചെലവിലുള്ള വികസനപദ്ധതി അടുത്ത വർഷം മധ്യത്തോടെ പൂർത്തിയാവുമ്പോൾ ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി ഇപ്പോഴത്തെ 1.20 ലക്ഷം യൂണിറ്റിൽ നിന്ന് 1.80 ലക്ഷം യൂണിറ്റായിട്ടാണ് ഉയരുക.

ദക്ഷിണ ആഫ്രിക്കയിലേക്കുള്ള ‘ജാസ്’ കയറ്റുമതി ആരംഭിച്ച കാര്യം എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെന്നാണു സ്ഥിരീകരിച്ചത്. ഇന്ത്യൻ വിപണിക്കുള്ള ‘ജാസും’ തപുകരയിൽ തന്നെയാണു നിർമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രാദേശിക വിപണിക്കായി ഇടത്തരം സെഡാനായ ‘സിറ്റി’യും എൻട്രി ലവൽ സെഡാനായ ‘അമെയ്സു’മാണു ഹോണ്ട തപുകരയിൽ നിർമിക്കുന്നത്.

കഴിഞ്ഞ മാസം ‘ജാസ്’, ‘സിറ്റി’, ‘അമെയ്സ്’ തുടങ്ങി അറുനൂറോളം കാറുകളാണു ഹോണ്ട ഇന്ത്യയിൽ നിന്നു ദക്ഷിണ ആഫ്രിക്കയിലേക്കു കയറ്റുമതി ചെയ്തത്. ഇതിനു പുറമെ നേപ്പാളിലും ഹോണ്ട ഇന്ത്യയിൽ നിർമിച്ച കാറുകൾ വിൽക്കുന്നുണ്ട്. അതിനിടെ ‘ജാസി’ന്റെ മൂന്നാം തലമുറ മോഡൽ മിക്കവാറും ജൂലൈയിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. യു എസിലും ജപ്പാനിലുമടക്കം മൊത്തം അര കോടിയോളം ‘ജാസ്’ ആണ് ഹോണ്ട ഇതുവരെ വിറ്റഴിച്ചത്.

ഇന്ത്യയിലാവട്ടെ 2009ലായിരുന്നു ‘ജാസി’ന്റെ അരങ്ങേറ്റം; എന്നാൽ ഏഴു ലക്ഷത്തിലേറെ രൂപ വിലയുണ്ടായിരുന്ന കാറിനോടു വിപണി കാര്യമായ പ്രതിപത്തി കാട്ടിയില്ല. തുടർന്ന് കാറിന്റെ വില 1.60 ലക്ഷം രൂപയോളം കുറയ്ക്കാനും ഹോണ്ട നിർബന്ധിതരായി. വില കുറച്ചതോടെ വിൽപ്പനയിൽ നഷ്ടം നേരിട്ടതിനാൽ 2013ൽ ഹോണ്ട ‘ജാസി’ന്റെ ഇന്ത്യയിൽ നിന്നു പിൻവലിക്കുകയും ചെയ്തു.

നിലവിൽ ‘സിറ്റി’ക്കും ‘അമെയ്സി’നും പുറമെ കോംപാക്ട് കാറായ ‘ബ്രിയോ’, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’, പ്രീമിയം സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സി ആർ വി’ എന്നിവയാണു ഹോണ്ട ഇന്ത്യയിൽ വിൽക്കുന്നത്.