ഹോണ്ട ബി ആർ വി ഇന്തോനേഷ്യയിൽ

ഹോണ്ടയുടെ കോംപാക്റ്റ് എസ് യു വി, ബി ആർ വി ഇന്തോനേഷ്യയിൽ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ഇന്തോനേഷ്യൻ മോട്ടോർഷോയിലാണ് ബി ആർവി പുറത്തിറങ്ങിയത്. ഏകദേശം പത്ത് ലക്ഷം ഇന്ത്യൻ രൂപയാണ് ബിആർവിയുടെ വില. ‍അടുത്തവർഷം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്.

കോംപാക്റ്റ് എസ് യു വികൾക്കു ലഭിച്ച ജനപ്രിയത മുതലെടുക്കാനാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ബിആർ-വിയുമായി എത്തുന്നത്. ക്രോസ് ഓവർ യൂട്ടിലിറ്റി വാഹനമെന്നു കമ്പനി വിശേഷിപ്പിക്കുന്ന ‘ബി ആർ -വി’ റെനോ ഡസ്റ്റർ ഹ്യുണ്ടായ് ക്രേറ്റ, ഫോഡ് ഇകോസ്പോർട്ട്, മാരുതി സുസുക്കി എസ് ക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക. എന്നാൽ സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി ഏഴ് സീറ്ററായിരിക്കും ബി ആർ-വി

‘ബോൾഡ് റൗണ്ട് എബൗട്ട് വെഹിക്കിൾ’ എന്നതിന്റെ ചുരുക്കെഴുത്തായ ‘ബി ആർ — വി’ക്കു കരുത്തേകുന്നത് 1.5 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുകളാവും. ഇതോടൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഗീയർബോക്സ്. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ കണ്ടി‌ന്വസ്​ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ലഭ്യമാക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്. എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെയും വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’യുടെയും പ്ലാറ്റ്ഫോമിലാമ് ‘ബി ആർ -വി’യുടെ നിർമ്മാണം.