ആദ്യ മാസം 9,000 ബുക്കിങ് നേടി ഹോണ്ട ‘ബി ആർ — വി’

കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിപണി പിടിക്കാൻ അവതരിപ്പിച്ച ‘ബി ആർ — വി’ക്ക് ഒറ്റ മാസത്തിനിടെ ഒൻപതിനായിരത്തോളം ബുക്കിങ്ങുകൾ ലഭിച്ചതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). പെട്രോൾ, ഡീസൽ എൻജിനുകളോടെ വിപണിയിലുള്ള ‘ബി ആർ — വി’ കഴിഞ്ഞ മാസം അഞ്ചിനാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്നുള്ള ഒരു മാസത്തിനിടെയാണ് 9,000 ബുക്കിങ്ങുകൾ ‘ബി ആർ — വി’ സ്വന്തമാക്കിയതെന്നു ഹോണ്ട കാഴ്സ് സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രമൺ കുമാർ ശർമ അറിയിച്ചു.

ഇന്ത്യൻ വാഹന വിപണിയിൽ സ്വന്തം സ്ഥാനം നിലനിർത്താൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്നും കൂടുതൽ ഇടപാടുകാർ ഹോണ്ട കാറുകൾ തേടിയെത്തുന്നുണ്ടെന്നും ശർമ വെളിപ്പെടുത്തി. രാജ്യതലസ്ഥാന മേഖലയിലും മറ്റും വിലക്ക് നിലവിൽ വന്ന സാഹചര്യത്തിൽ ഇക്കൊല്ലം ഡീസൽ കാറുകളെ അപേക്ഷിച്ച് പെട്രോൾ മോഡലുകൾക്കാണ് ആവശ്യക്കാരേറെയെന്നും അദ്ദേഹം സൂചിപ്പിച്ചു.കഴിഞ്ഞ വർഷം ഹോണ്ടയുടെ ഇന്ത്യയിലെ മൊത്തം വാഹന വിൽപ്പനയിൽ 40 ശതമാനത്തോളമായിരുന്നു ഡീസൽ എൻജിനുള്ള മോഡലുകളുടെ വിഹിതം; അവശേഷിക്കുന്ന 60% പെട്രോൾ മോഡലുകളുടെ സംഭാവനയാണെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഇക്കൊല്ലം ഇതുവരെയുള്ള വിൽപ്പനയിൽ പെട്രോൾ മോഡലുകളുടെ വിഹിതം 72% ആയി ഉയർന്നിട്ടുണ്ട്. അവശേഷിക്കുന്ന 28 ശതമാനത്തോളം മാത്രമാണു ഡീസൽ എൻജിനുകളുടെ സംഭാവനയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഹാച്ച്ബാക്കായ ‘ബ്രിയൊ’, എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’ എന്നിവയുമായി പ്ലാറ്റ്ഫോം പങ്കിടുന്ന ‘ബി ആർ വി’ക്ക് ഡൽഹി ഷോറൂമിലെ വില 8.75 ലക്ഷം മുതൽ 12.90 ലക്ഷം വരെയാണ്. 1.5 ലീറ്റർ ഡീസൽ, പെട്രോൾ എൻജിനുകളാണ് ഈ എസ് യു വിക്കു കരുത്തേകുന്നത്. കഴിഞ്ഞ വർഷം ഗയ്കിൻഡൊ ഇന്തൊനീഷ ഇന്റർനാഷനൽ ഓട്ടോ ഷോയിലായിരുന്നു ‘ബി ആർ വി’യുടെ രാജ്യാന്തരതലത്തിലെ അരങ്ങേറ്റം. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് ഇന്ത്യയിൽ ആദ്യമായി ഹോണ്ട ‘ബി ആർ വി’ പ്രദർശിപ്പിച്ചത്.