ഇന്ത്യയിൽ 2.23 ലക്ഷം കാർ തിരിച്ചുവിളിക്കാൻ ഹോണ്ട

തകാത്ത കോർപറേഷനിൽ നിന്നുള്ള നിർമാണ പിഴവുള്ള എയർബാഗുകളുടെ പേരിൽ രണ്ടേകാൽ ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചു. നിർമാണ പിഴവിന്റെ പേരിൽ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ വാഹന പരിശോധനയാണിത്. നിർമാണതകരാറുണ്ടെന്നു സംശയിക്കുന്ന എയർബാഗ് ഇൻഫ്ളേറ്ററുകൾ മാറ്റിനൽകാനായി 2003നും 2011നുമിടയ്ക്ക് ഇന്ത്യയിൽ വിറ്റ 2,23,578 കാറുകളാണ് ഹോണ്ട തിരിച്ചുവിവിക്കുന്നത്.

ഒക്ടോബർ 12ന് ആരംഭിക്കുന്ന പരിശോധന സെഡാനുകളായ ‘സിറ്റി’ക്കും ‘സിവിക്കി’നും ഹാച്ച്ബാക്കായ ‘ജാസി’നും എസ് യു വിയായ ‘സി ആർ വി’ക്കുമാണു ബാധകമാവുക. തകരാറുള്ള എയർബാഗുകളുടെ ഇൻഫ്ളേറ്റർ സൗജന്യമായി മാറ്റിനൽകുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം; ഭൂരിഭാഗം വാഹനങ്ങളിലും ഡ്രൈവറുടെ ഭാഗത്തെ എയർബാഗിനാണു നിർമാണതകരാർ സംശയിക്കുന്നത്. അടുത്ത 12ന് ആരംഭിക്കുന്ന പരിശോധന വിവിധ ഘട്ടങ്ങളിലായാണു പൂർത്തിയാവുകയെന്നും കമ്പനി അറിയിച്ചു. നിർമാണ തകരാറുണ്ടെന്നു സംശയിക്കുന്ന എയർബാഗ് ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളെ നേരിട്ടു വിവരം അറിയിക്കുമെന്നും ഹോണ്ട വ്യക്തമാക്കി.

കഴിഞ്ഞ 15 മാസത്തിനിടെ ഇതു നാലാം തവണയാണു ഹോണ്ട വാഹനങ്ങൾ തിരിച്ചുവിളിച്ചുള്ള പരിശോധന പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മേയിൽ എയർബാഗ് തകരാറിന്റെ പേരിൽ തന്നെ ഹോണ്ട 11,381 വാഹനങ്ങൾ തിരിച്ചു വിളിച്ചിരുന്നു; 2003 — 2007 കാലത്തു നിർമിച്ചു വിറ്റ ‘അക്കോഡ്’, ‘സി ആർ വി’, ‘സിവിക്’ മോഡലുകൾക്കു വേണ്ടിയായിരുന്നു ആ പരിശോധന.

കഴിഞ്ഞ വർഷം ജൂലൈയിൽ എയർബാഗിലെ നിർമാണ തകരാർ സംശയിച്ചു 1,338 വാഹനങ്ങളാണു ഹോണ്ട കാഴ്സ് ഇന്ത്യ തിരിച്ചുവിളിച്ചു പരിശോധിച്ചത്; 2002 — 2003 കാലത്തു നിർമിച്ച ‘അക്കോഡി’നും ‘സി ആർ വി’ക്കുമായിരുന്നു പരിശോധന. തുടർന്ന് ഒക്ടോബറിൽ 2,338 കാറുകൾ കൂടി കമ്പനി തിരിച്ചുവിളിച്ചു; 2011 സെപ്റ്റംബറിനും 2014 ജൂലൈയ്ക്കുമിടയിൽ നിർമിച്ച ‘ബ്രിയൊ’, ‘അമെയ്സ്’, ‘സി ആർ വി’ എന്നിവയ്ക്കായിരുന്നു ഇത്തവണ പരിശോധന.

നിർമാണത കരാറിന്റെ പേരിൽ ഇന്ത്യയിൽ ഇതുവരെ നടന്ന അതിവുപലമായ വാഹന പരിശോധനകൾ(നിർമാതാവ്, പ്രഖ്യാപനം വന്ന മാസം, തിരിച്ചുവിളിച്ച വാഹനങ്ങളുടെ എണ്ണം, മോഡൽ ക്രമത്തിൽ):

ഫോഡ് ഇന്ത്യ(2012 ജൂലൈ): 1,28,655(ഫിഗൊ, ഫിയസ്റ്റ ക്ലാസിക്) ജനറൽ മോട്ടോഴ്സ്(2013 ജൂലൈ): 1,14,000(ടവേര) ഫോഡ് ഇന്ത്യ(2013 സെപ്റ്റംബർ): 1,66,021(ഫിഗൊ, ഫിയസ്റ്റ ക്ലാസിക്) മാരുതി സുസുക്കി(2014 ഏപ്രിൽ): 1,03,311(സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ) ജനറൽ മോട്ടോഴ്സ്(2015 ജൂലൈ): 1,55,000(സ്പാർക്ക്, ബീറ്റ്, എൻജോയ്) ഹോണ്ട കാഴ്സ് ഇന്ത്യ(2015 സെപ്റ്റംബർ): 2,23,578(സിറ്റി, സിവിക്, ജാസ്, സി ആർ വി).