വാഹന വിപണിയെ കാത്തിരിക്കുന്നതു വൻവെല്ലുവിളി

കനത്ത വെല്ലുവിളികൾക്കിടയിലും ഈ സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ 10 ശതമാനത്തിലേറെ വളർച്ച കൈവരിക്കാനാവുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എൽ). എന്നാൽ ഇക്കൊല്ലത്തെ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റിലെത്തിക്കുകയെന്ന മുൻലക്ഷ്യം കൈവരിക്കുക എളുപ്പമാവില്ലെന്നും കമ്പനി കരുതുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1.92 ലക്ഷം യൂണിറ്റാണു ഹോണ്ട ഇന്ത്യയിൽ വിറ്റത്; 2014 — 15ലെ വിൽപ്പനയെ അപേക്ഷിച്ച് രണ്ടു ശമതാനത്തോളം അധികമാണിത്. അതേസമയം ഏഴു സീറ്റുള്ള ‘ബി ആർ വി’യുമായി വളർച്ച സാധ്യതയേറിയ കോംപാക്ട് എസ് യു വി വിപണിയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലുമാണു ഹോണ്ട.

ഇക്കൊല്ലത്തെ വിൽപ്പനയിൽ കമ്പനി ന്യായമായ വളർച്ച നേടാനാവുമെന്നാണു കരുതുന്നതെന്നു ഹോണ്ട കാഴ്സ് സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അറിയിച്ചു. 2016 — 17ൽ വിൽപ്പന മൂന്നു ലക്ഷത്തിലെത്തിക്കണമെന്നു കമ്പനി നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ നിലവിൽ വിപണിയിലുള്ള പ്രതികൂല സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഈ ലക്ഷ്യം കൈവരിക്കുക എളുപ്പമാവില്ലെന്നു സെൻ അഭിപ്രായപ്പെട്ടു. പുതിയ സെസും മറ്റും വന്നതോടെ വാഹന വിലയേറി. അതുപോലെ ഡീസൽ എൻജിന്റെ ഭാവി സംബന്ധിച്ചും അനിശ്ചിതത്വം തടരുകയാണ്. വിപണിയിൽ അനിശ്ചിതത്വങ്ങളും വെല്ലുവിളികളും പെരുകുമ്പോൾ വിൽപ്പനയിൽ നിശ്ചയിച്ച മുൻലക്ഷ്യങ്ങൾ കൈവരിക്കുക എളുപ്പമാവില്ലെന്നു സെൻ വിശദീകരിച്ചു. വാഹന വ്യവസായം മൊത്തത്തിൽ തന്നെ സമ്മർദത്തിലായതിനാൽ വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുക ക്ലേശകരമാവുമെന്നും അദ്ദേഹം വിലയിരുത്തി.

യാത്രാവാഹന വ്യവസായം കഴിഞ്ഞ വർഷം നേടിയത് ഏഴു ശതമാനം വളർച്ചയാണ്. എന്നാൽ കഴിഞ്ഞ വർഷം അവസാനപാദത്തിലെ വിൽപ്പനയിൽ രേഖപ്പെടുത്തിയ വളർച്ച രണ്ടു ശതമാനം മാത്രമായിരുന്നെന്നു സെൻ ചൂണ്ടിക്കാട്ടി. പെട്രോൾ കാറുകളോടുള്ള ആഭിമുഖ്യം പൊടുന്നനെ തിരിച്ചെത്തിയതും വിവിധോദ്ദേശ്യ വാഹന (എം പി വി) വിൽപ്പനയിൽ വൻഇടിവു നേരിട്ടതുമാണു ഹോണ്ട നേരിട്ട പ്രധാന വെല്ലുവിളികൾ. വിപണിയുടെ താൽപര്യത്തിനൊത്ത് ഉൽപ്പാദന ഷെഡ്യൂൾ പുനഃക്രമീകരിക്കാൻ സമയമെടുത്തതും ഹോണ്ടയെ പ്രതിസന്ധിയിലാക്കി. ഒപ്പം എം പി വി വിഭാഗത്തിൽ നേരിട്ട തിരിച്ചടി ‘മൊബിലിയൊ’യുടെ നിലനിൽപ് തന്നെ അപകടത്തിലാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ടാക്സി വിഭാഗത്തിൽ ‘മൊബിലിയൊ’യ്ക്കു കാര്യമായ പ്രാതിനിധ്യമില്ലാത്തതും സ്ഥിതിഗതി വഷളാക്കി. പരിഷ്കരിച്ച ‘അമെയ്സി’നു വിപണിയിൽ മികച്ച വരവേൽപ് ലഭിച്ചെന്നു സെൻ അവകാശപ്പെട്ടു. പുതിയ ‘ബി ആർ വി’യുടെ വരവും വിൽപ്പന മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോഡ് ‘ഇകോസ്പോർട്’, റെനോ ‘ഡസ്റ്റർ’, ഹ്യുണ്ടേയ് ‘ക്രേറ്റ’ എന്നിവയ്ക്കൊപ്പം മാരുതി സുസുക്കിയുടെ പുതുതാരമായ ‘വിറ്റാര ബ്രേസ’യും ‘ബി ആർ വി’യുടെ എതിരാളികളുടെ പട്ടികയിലുണ്ട്. ഇക്കൊല്ലം 45 പുതിയ ഡീലർഷിപ്പുകൾ തുറക്കാനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്. 2016 — 17 അവസാനിക്കുമ്പോഴേക്കു വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം 340 ആയി ഉയർത്താനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.