ഹോണ്ട കാഴ്സ് സെയിൽസ് വിഭാഗം മേധാവി കമ്പനി വിട്ടു

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ന്റെ വിൽപ്പന വിഭാഗത്തെ നയിച്ചിരുന്ന വിക്രം പവ്വ രണ്ടു പതിറ്റാണ്ടു നീണ്ട സേവനത്തിനു ശേഷം കമ്പനി വിട്ടു. എച്ച് സി ഐ എല്ലിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും സെയിൽ വിഭാഗം ഓപ്പറേറ്റിങ് ഹെഡ്ഡുമായിരുന്നു അദ്ദേഹം.

ദേശീയതലത്തിലെ വാഹന വിൽപ്പനയ്ക്കൊപ്പം കോർപറേറ്റ് സെയിൽസ്, ഡീലർ ക്വാളിറ്റി, ട്രെയ്നിങ്, പ്രോഡക്ട് പ്ലാനിങ് വിഭാഗങ്ങളുടെ ചുമതലയും പവ്വയ്ക്കായിരുന്നു. 20 വർഷത്തോളമായി ഹോണ്ടയ്ക്കൊപ്പമുള്ള പവ്വ, ഇന്ത്യയിലും വിദേശത്തും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

സ്ട്രാറ്റജിക് പ്ലാനിങ് ജനറൽ മാനേജരായി 2011ലാണ് പവ്വ ഹോണ്ട കാഴ്സിലെത്തുന്നത്. ആറു മാസത്തിനു ശേഷം അദ്ദേഹത്തെ സെയിൽസ് വിഭാഗത്തിലേക്കു മാറ്റി. ഹോണ്ട ഓസ്ട്രേലിയയിൽ ജനറൽ മാനേജരായും പവ്വ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഹമ്മദബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നു പഠിച്ചിറങ്ങിയ പവ്വ 1994 ഓഗസ്റ്റിൽ ഹോണ്ട സിയൽ പവർ പ്രോഡക്ട്സിൽ കോർപറേറ്റ് പ്ലാനിങ്ങിന്റെ ചുമതലക്കാരനായിട്ടാണു ഹോണ്ട കുടുംബത്തിൽ പ്രവേശിച്ചത്. അതേസമയം ഹോണ്ടയിൽ നിന്നു വിട പറയുന്നെന്ന വാർത്തകളോടു പ്രതികരിക്കാൻ പവ്വ സന്നദ്ധനായിട്ടില്ല.