കാർ വില കൂട്ടാനൊരുങ്ങി ഹോണ്ട

ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ആഭ്യന്തര വിപണിയിൽ വിൽക്കുന്ന മോഡലുകൾക്ക് ഈ ആഴ്ച തന്നെ വില വർധന പ്രഖ്യാപിക്കുമെന്നുസൂചന. വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും നേരത്തൈ വില വർധന നടപ്പാക്കിയിരുന്നു.

ഉൽപ്പാദനചെലവ് ഉയർന്നതു പരിഗണിച്ച് വാഹന വിലകളിൽ ഒന്നോ രണ്ടോ ശതമാനത്തിന്റെ വർധനയാവും ഹോണ്ട കാഴ്സ് പ്രഖ്യാപിക്കുകയെന്നാണു പ്രതീക്ഷ. അസംസ്കൃത വസ്തുക്കൾക്കു വിലയേറിയതും വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുമാണു വർധന അനിവാര്യമാക്കുന്നതെന്നാണു ഹോണ്ട കാഴ്സ് സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെന്നിന്റെ വിശദീകരണം.ഒപ്പം കഴിഞ്ഞ മാസം നിരത്തിലെത്തിയ ‘ജാസി’ന്റെ വില വർധന സംബന്ധിച്ചു കമ്പനി തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ ‘എസ് ക്രോസി’നും ഹ്യുണ്ടായ് ഏറ്റവുമൊടുവിൽ അവതരിപ്പിച്ച ‘ക്രേറ്റ’യ്ക്കും ഇരുകമ്പനികളും വില ഉയർത്തിയിരുന്നില്ല.

ജപ്പാനിലെ ഹോണ്ടയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ നിലവിൽ ആറു മോഡലുകളാണ് വിൽക്കുന്നത്: സെഡാനായ ‘സിറ്റി’, ‘എൻട്രി ലവൽ സെഡാനായ അമെയ്സ്’, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’, സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സി ആർ — വി’, ഹാച്ച്ബാക്കുകളായ ‘ജാസ്’, ‘ബ്രിയൊ’ എന്നിവ.

ഇന്ത്യൻ വിപണിയിൽ മികച്ച മുന്നേറ്റമാണ് ഹോണ്ട കാഴ്സ് അടുത്തയിടെ കൈവരിച്ചത്; 2014 — 15ൽ കമ്പനി മൊത്തം 1,89,062 വാഹനങ്ങൾ വിറ്റിരുന്നു. കഴിഞ്ഞ ഏപ്രിൽ — ജൂലൈ കാലത്തെ വിൽപ്പനയാവട്ടെ 63,000 യൂണിറ്റിലേറെയാണ്; 2014ൽ ഇതേ കാലത്തു നേടിയ വിൽപ്പനയെ അപേക്ഷിച്ച് 12 ശതമാനത്തോളം കൂടുതലാണിത്. ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തോടെയാണു ‘ക്രേറ്റ’ ഒഴികെയുള്ള വാഹനങ്ങളുടെ വില ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) കൂട്ടിയത്. മോഡൽ അടിസ്ഥാനത്തിൽ പരമാവധി 30,000 രൂപ വരെയായിരുന്നു വർധന.

ഇതിനു പിന്നാലെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കാർ വില ഉയർത്തി. പ്രീമിയം ക്രോസോവറായ ‘എസ് ക്രോസ്’ ഒഴികെയുള്ള മോഡലുകളുടെ വിലയിൽ 3,000 മുതൽ 9,000 രൂപ വരെയുള്ള വർധന കഴിഞ്ഞ 11നു പ്രാബല്യത്തിലുമെത്തി. 22 മാസത്തിനിടെ ഇതാദ്യമായാണു മാരുതി സുസുക്കി ഇന്ത്യ കാറുകളുടെ വില വർധിപ്പിക്കുന്നത്.