വാഹന വില: 100% വായ്പയ്ക്ക് പദ്ധതിയുമായി ഹോണ്ട

Honda Amaze

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു മൂലമുള്ള പ്രതിസന്ധിയെ മറികടക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) വാഹന വായ്പയ്ക്കായി പ്രമുഖ സ്വകാര്യ മേഖല ബാങ്കുകളുമായി ധാരണയിലെത്തി. കാറുകളുടെ വില പൂർണമായും വായ്പ നൽകാൻ എച്ച് ഡി എഫ് സി ബാങ്കും ആക്സിസ് ബാങ്കും ഐ സി ഐ സി ഐ ബാങ്കുമാണു ഹോണ്ടയുമായി കരാറിലെത്തിയത്. വിവിധ മോഡലുകളുടെ ഓൺ റോഡ് വില തന്നെ വായ്പയായി അനുവദിക്കാമെന്നാണു ഹോണ്ടയും ഈ ബാങ്കുകളുമായുള്ള ധാരണ.

മൂല്യമേറിയ നോട്ടുകളായ 500 രൂപയും 1000 രൂപയും പിൻവലിച്ചതു കാർ വാങ്ങലിനെ ബാധിക്കുമെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ജ്ഞാനേശ്വർ സെൻ അഭിപ്രായപ്പെട്ടു. കാർ വാങ്ങൽ പ്രക്രിയയിൽ പണമിടപാടിന്റെ വിഹിതം കുത്തനെ ഇടിയും. വാഹന വായ്പ ലഭിച്ചാലും മാർജിൻ തുക പണമായി കണ്ടെത്തുക എളുപ്പമാവില്ലെന്നു സെൻ കരുതുന്നു. ഈ സാഹചര്യത്തിലാണു കാർ വാങ്ങൽ എളുപ്പമാക്കാൻ വാഹന വില പൂർണമായി തന്നെ വായ്പയായി ലഭ്യമാക്കാൻ കമ്പനി പ്രമുഖ സ്വകാര്യ മേഖല ബാങ്കുകളുമായി ധാരണയിലെത്തിയത്. ഇതോട ഹോണ്ട കാറുകൾ വാങ്ങാൻ ഓൺ റോഡ് വില പൂർണമായി തന്നെ എച്ച് ഡി എഫ് സി ബാങ്കും ആക്സിസ് ബാങ്കും ഐ സി ഐ സി ഐ ബാങ്കും വായ്പയായി അനുവദിക്കുമെന്നു സെൻ വെളിപ്പെടുത്തി.

ശമ്പളക്കാർക്കു പുറമെ സ്വയം തൊഴിൽ വിഭാഗത്തിൽപെടുന്നവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഹോണ്ടയുടെ എല്ലാ മോഡലുകൾക്കും ബാധകമായി ഈ 100% വാഹന വായ്പ സൗകര്യം രാജ്യത്തെ എല്ലാ ഹോണ്ട ഡീലർഷിപ്പുകളിലും ലഭ്യമാണെന്നും സെൻ അറിയിച്ചു. അതേസമയം ഷോറൂം വില പൂർണമായോ ഓൺ റോഡ് വിലയുടെ 90 ശതമാനമോ ആണു വായ്പ നൽകുകയെന്ന് ഐ സി ഐ സി ഐ ബാങ്ക് വിശദീകരിച്ചു. ‘സി ആർ വി’ ഒഴികെയുള്ള മോഡലുകളുടെ ഓൺ റോഡ് വില പൂർണമായി തന്നെ എച്ച് ഡി എഫ് സി ബാങ്ക് വായ്പ നൽകും. വാഹന വില പൂർണമായി വായ്പ നൽകി 96 മാസത്തവണകളായി തിരിച്ചടയ്ക്കാനുള്ള സൗകര്യമാണ് ആക്സിസ് ബാങ്ക് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്.