Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിലെ കാർ വിൽപ്പന: ലക്ഷ്യം മറികടന്നു ഹോണ്ട

Honda

ചൈനയിൽ കഴിഞ്ഞ വർഷം 10 ലക്ഷത്തിലേറെ കാറുകൾ വിറ്റെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി. 2015ൽ ചൈനയിൽ 9.50 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു ഹോണ്ട ലക്ഷ്യമിട്ടിരുന്നത്. വിൽപ്പന സംബന്ധിച്ച വിശദ കണക്കുകൾ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്നും ഹോണ്ട വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയ്ക്കു പരമ്പരാഗതമായി ജപ്പാൻഇതര രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങളോടാണു പ്രതിപത്തി. ചൈനീസ് ഉപയോക്താക്കളിൽ ഇടയ്ക്കിടെ ഉണരാറുള്ള ജപ്പാൻ വിരുദ്ധ വികാരം മുതലെടുത്ത് ജനറൽ മോട്ടോഴ്സും ഫോക്സ്വാഗൻ എ ജിയും ഫോഡ് മോട്ടോർ കമ്പനിയുമൊക്കെ നേട്ടം കൊയ്യുന്നതും പതിവുകാഴ്ചയാണ്.

എന്നാൽ കഴിഞ്ഞ വർഷത്തോടെ ഹോണ്ടയും എതിരാളികളായ ടൊയോട്ട മോട്ടോർ കോർപറേഷനും ചൈനീസ് വിപണിയിൽ പ്രകടനം മെച്ചപ്പെടുത്തുകയായിരുന്നു. ജപ്പാനും ചൈനയുമായുള്ള ബന്ധം മെച്ചപ്പെട്ടത് പ്രയോജനപ്പെടുത്തി സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിൽപ്പനയിലാണ് ഇരു കമ്പനികളും നേട്ടം കൊയ്തത്. 2015 ജനുവരി — നവംബർ കാലത്ത് എല്ലാ മാസവും 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച കൈവരിക്കാനും ഇരുകമ്പനികൾക്കുമായി. കഴിഞ്ഞ വർഷം ചൈനീസ് വാഹന വിപണിയിലെ മൊത്തം വിൽപ്പനയിൽ മൂന്നു ശതമാനം വളർച്ച മാത്രമാണു പ്രതീക്ഷിക്കുന്നതെന്നിരിക്കെ ഇതിനെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ ജാപ്പനീസ് നിർമാതാക്കൾക്കു കഴിയുമെന്നാണു സൂചന.

കഴിഞ്ഞ വർഷം കൈവരിച്ച മുന്നേറ്റം നിലനിർത്താൻ അടുത്ത മൂന്നു വർഷത്തിനിടെ പതിനഞ്ചോളം പുതിയ അവതരണങ്ങളും ചൈനയ്ക്കായി ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം ചൈനീസ് വിപണിക്കായി പ്രത്യേകം പരിഷ്കരിച്ച വാഹനങ്ങളാവുമെന്നും ഹോണ്ട വ്യക്തമാക്കി. പുതിയ അവതരണങ്ങളിൽ ആദ്യത്തേത് ബജറ്റ് എസ് യു വിയാകും; ഈ വാഹനം അടുത്തു തന്നെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. വിൽപ്പന 10 ലക്ഷം കടന്നെങ്കിലും എതിരാളികളായ ടൊയോട്ടയെ നിസ്സാൻ മോട്ടോർ കമ്പനിയെയും അപേക്ഷിച്ചു ഹോണ്ടയുടെ പ്രകടത്തിനു തിളക്കം കുറവാണ്. ജപ്പാനിൽ നിന്നുള്ള ഈ എതിരാളികളുടെ ചൈനയിലെ മൊത്തം വിൽപ്പന നവംബറിനുള്ളിൽ തന്നെ 10 ലക്ഷം യൂണിറ്റിനു മുകളിലെത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.