വില നിയന്ത്രിക്കാൻ വഴികൾ തേടുമെന്നു ഹോണ്ട കാഴ്സ്

Katsushi Inoue ( CEO of Honda Cars India Ltd. )

പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കട്സുഷി ഇനു. ഇന്ത്യയിലെ സപ്ലൈ ചെയിനിന്റെ നിലവാരം ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഉൽപ്പാദന ചെലവും അങ്ങനെ വാഹന വിലയും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഹോണ്ട ഇന്ത്യൻ നിർമിത യന്ത്രഭാഗങ്ങളുടെ വിഹിതം വർധിപ്പിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ പുതിയ മോഡലുകൾ അവതരിപ്പിക്കും മുമ്പ് ലോജിസ്റ്റിക്സിന്റെയും വാഹന നിർമാണത്തിന്റെയും ഡീലർഷിപ്പുകളുടെയും നിലവാരം ഉയർത്തുമെന്നും ഇനു വ്യക്തമാക്കി.

ഗുണനിലവാരം മെച്ചപ്പെടുത്തുകയാണു തന്റെ മുൻഗണന. എന്നാൽ എമേർജിങ് വിഭാഗത്തിൽപെട്ട വിപണിയെന്ന നിലയിൽ ഇന്ത്യയിലെ വിൽപ്പനയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വാഹന വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ നിർമാതാക്കളിൽ മാരുതി സുസുക്കിക്കും ഹ്യുണ്ടായി മോട്ടോർ ഇന്ത്യയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണു ഹോണ്ട കാഴ്സ്.

അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിൽ മൂന്നു ലക്ഷം വാഹനങ്ങൾ വിൽക്കാനാണു ഹോണ്ട കാഴ്സ് ലക്ഷ്യമിടുന്നത്. ഇതു സാധ്യമാവണമെങ്കിൽ ഇന്ത്യയിൽ നിർമിക്കുന്ന കാറുകളിൽ പ്രാദേശിക യന്ത്രഘടകങ്ങളുടെ വിഹിതം ഉയർത്തി വില പിടിച്ചു നിർത്തേണ്ടി വരുമെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ. നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന കാറുകളുടെ 90 ശതമാനത്തോളം ഘടകങ്ങൾ കമ്പനി പ്രാദേശികമായി സമാഹരിക്കുന്നുണ്ട്.

ഹോണ്ട നിശ്ചയിച്ച ഗുണനിലവാരവും വിലയും ഉറപ്പാക്കി സമയബന്ധിതമായി ഘടകങ്ങൾ നിർമിച്ചു നൽകാൻ തയാറുള്ളവരുമായി സഹകരിക്കാൻ തയാറാണെന്നാണ് ഇനുവിന്റെ നയം. എന്നാൽ ഇത്തരം കൂട്ടുകെട്ടുകൾ വഴി പ്രാദേശികമായി നിർമിച്ച ഘടകങ്ങളുടെ വിഹിതം എത്രത്തോളം ഉയർത്താനാണു പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഇന്ത്യൻ വിപണിയിൽ വിലനിർണയത്തിന്റെ പ്രാധാന്യം ഹോണ്ട തിരിച്ചറിഞ്ഞതിന്റെ തെളിവാണു പുതിയ ‘ജാസി’നു കമ്പനി നിശ്ചയിച്ച വില. 2009ൽ വിൽപ്പനയ്ക്കെത്തുമ്പോൾ ‘ജാസി’ന്റെ ആദ്യ തലമുറ മോഡലിന് ഏഴു ലക്ഷം രൂപയിലേറെ രൂപയായിരുന്നു വില. എന്നാൽ വില കൂടുതലാണെന്ന വിലയിരുത്തൽ തിരിച്ചടിയായതോടെ നിരത്തിലെത്തിയ വേള മുതൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ കാറിനു കഴിഞ്ഞിരുന്നില്ല. തുടർന്ന് 2011 ഓഗസ്റ്റിൽ വിലയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ കുറവ് പ്രഖ്യാപിച്ചതോടെ കാറിനു പ്രിയമേറി.

പക്ഷേ വൻ വിലക്കിഴിവ് അനുവദിച്ചതു മുതൽ ‘ജാസ്’ വിൽപ്പന ഹോണ്ടയ്ക്കു നഷ്ടക്കച്ചവടമായി. അതുകൊണ്ടുതന്നെ ‘ജാസി’ന്റെ വിൽപ്പന നിയന്ത്രിക്കാനും കമ്പനി നിർബന്ധിതരായി. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ‘ജാസി’ന്റെ പ്രതിമാസ വിൽപ്പന 400 യൂണിറ്റിൽ താഴെയായി പരിമിതപ്പെടുത്തുകയെന്ന തന്ത്രമാണ് അന്നു കമ്പനി പയറ്റിയത്. ഇതോടെ ‘ജാസി’നുള്ള കാത്തിരിപ്പേറി. ഇതോടെ ഉപയോക്താക്കൾക്കു ഹോണ്ടയോടുള്ള താൽപര്യം കൂടി നഷ്ടമാവുന്ന സാഹചര്യം വന്നതോടെ ‘ജാസി’ന്റെ ഉൽപ്പാദനം തന്നെ നിർത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

രണ്ടാം വരവിലാവട്ടെ മുൻ അനുഭവത്തിൽ നിന്നു പഠിച്ച പാഠങ്ങളുടെ പിൻബലത്തിലാണു ഹോണ്ട പുതിയ ‘ജാസി’ന്റെ വില നിശ്ചയിച്ചത്. ഇത്തവണ കാറിന്റെ അടിസ്ഥാന മോഡലിന് ഡൽഹി ഷോറൂമിൽ 5.30 ലക്ഷം വിലയോടെയാണു ‘ജാസി’ന്റെ വരവ്. പ്രധാന എതിരാളിയായ ഹ്യുണ്ടായ് ‘എലീറ്റ് ‘ഐ 20’ കാറിന്റെ അടിസ്ഥാന മോഡലിനോടു കിട പിടിക്കുന്ന വിലയാണിത്.