ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടി ഹോണ്ട

സുരക്ഷയുടെ കാര്യത്തിൽ ഹോണ്ടയുടെ കാറുകൾ ഒരിക്കലും പിന്നിലല്ല. കരുത്തും സൗന്ദര്യവും മാത്രമല്ല സുരക്ഷയിലും തങ്ങളുടെ കാറുകൾ മുന്നിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ജാപ്പനീസ് നിർമ്മാതാക്കളായ ഹോണ്ട. യൂറോപ്യൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (യൂറോ എൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാറാണ് ഹോണ്ടയുടെ ചെറുകാറായ ജാസ് നേടിയിരിക്കുന്നത്. ജാസിന്റെ യൂറോപ്യൻ വകഭേദമാണ് ക്രാഷ് ടെസ്റ്റിൽ മുഴുവൻ പോയിന്റും ലഭിച്ചിരിക്കുന്നത്.

64 കിലോമീറ്റർ വേഗതയിൽ നടത്തിയ ഫ്രണ്ട് ക്രാഷ് ടെസ്റ്റിലും 50 കിലോമീറ്റർ വേഗതയിൽ നടത്തിയ സൈഡ് ക്രാഷ് ടെസ്റ്റിലും 32 കിലോമീറ്റർ വേഗതയിൽ നടത്തിയ സൈഡ് പോൾ ടെസ്റ്റിലുമാണ് ജാസ് സുരക്ഷിതമാണെന്ന് യുറോ എൻസിഎപി കണ്ടെത്തി. മുന്നിലെ യാത്രക്കാർക്ക് 93 ശതമാനും സുരക്ഷയും പിന്നിലെ കുട്ടികൾക്ക് 85 ശതമാനം സുരക്ഷയും വഴിയാത്രക്കാർക്ക് 73 ശതമാനം സുരക്ഷയും ജാസ് നൽകുന്നുണ്ട്. 6 എയർബാഗുകള്‍, സിറ്റി ബ്രേക്ക് സിസ്റ്റം, അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം, ഫ്രണ്ട് കൊളിഷൻ വാർണിംഗ്, ഇന്റലിജന്റ് സ്പീഡ് ലിമിറ്റർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള യൂറോപ്യൻ മോഡലിലാണ് യുറോ എൻസിഎപി ക്രാഷ് ടെസ്റ്റ് നടത്തിയത്.

ഹോണ്ടയുടെ ആദ്യ ചെറു ഡീസൽ കാറായ ജാസിന് ഇന്ത്യയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1.2 ലീറ്റർ, ഐ വി ടെക് പെട്രോൾ എൻജിനും 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുമാണ് ജാസിന്റെ ഇന്ത്യൻ പതിപ്പിലുള്ളത്. ആഗോളതലത്തിൽ തന്നെ ഡീസൽ എൻജിനുള്ള ‘ജാസ്’ ആദ്യം വിൽപ്പനയ്ക്കെത്തിയത് ഇന്ത്യയിലായിരുന്നു.