ഹോണ്ട സിറ്റി തിരിച്ചു വിളിക്കുന്നു

honda city

ഫ്യുവൽ റിട്ടേൺ പൈപ്പിലെ തകരാറിന്റെ പേരിൽ ഡീസൽ എൻജിനുള്ള 90,210 വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചു. 2013 ഡിസംബറിനും 2015 ജൂലൈയ്ക്കുമിടയിൽ നിർമിച്ച 64,428 ഡീസൽ ‘സിറ്റി’ കാറുകളുടെയും 2014 ജൂണിനും 2015 ജൂലൈയ്ക്കുമിടയിൽ നിർമിച്ച 25,782 ‘മൊബിലിയൊ’ എം പി വികളുടെയും ഫ്യുവൽ റിട്ടേൺ പൈപ്പ് മാറ്റി നൽകാനാണു ഹോണ്ടയുടെ പദ്ധതി. ഇതോടെ ഇന്ത്യയിൽ ഹോണ്ട തിരിച്ചു വിളിച്ചു പരിശോധിക്കുന്ന വാഹനങ്ങളുടെ മൊത്തം എണ്ണം 17 ലക്ഷത്തിനു മുകളിലെത്തി.

honda mobilio

ഫ്യുവൽ റിട്ടേൺ പൈപ്പിന് ഇളക്കം തട്ടി ഇന്ധനം ചോരാനും എൻജിൻ നിന്നു പോകാനുമുള്ള സാധ്യത പരിഗണിച്ചാണു ഹോണ്ടയുടെ വാഹന പരിശോധന. തകരാറുള്ള കാറുകളുടെ ഫ്യുവൽ റിട്ടേൺ പൈപ്പ് ഹോണ്ട ഡീലർഷിപ്പുകൾ മുഖേന സൗജന്യമായി മാറ്റി നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. പരിശോധന ഈ 19ന് ആരംഭിക്കും; തകരാർ സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ നേരിട്ടു വിവരം അറിയിക്കാനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.കൂടാതെ പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ പട്ടിക ഹോണ്ട കാഴ്സ് വെബ്സൈറ്റിലും ലഭ്യമാണ്. അക്കങ്ങളും അക്ഷരങ്ങളുമായി 17 കാരക്ടറുള്ള വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ(വി ഐ എൻ) നൽകി വെബ്സൈറ്റിൽ നിന്നു വിവരം അറിയാം.

കഴിഞ്ഞ സെപ്റ്റംബറിൽ എയർബാഗ് ഇൻഫ്ളേറ്റർ തകരാറിന്റെ പേരിൽ ഹോണ്ട കാഴ്സ് ഇന്ത്യ 2,23,578 വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു.‘സി ആർ വി’, ‘സിവിക്’, ‘സിറ്റി’, ‘ജാസ്’ തുടങ്ങിയവയ്ക്കായിരുന്നു എയർബാഗിലെ നിർമാണ പിഴവിന്റെ പേരിലുള്ള പരിശോധന ആവശ്യം.തുടർന്ന് ഒക്ടോബറിൽ ഹോണ്ട സി വി ടി ട്രാൻസ്മിഷനുള്ള 3,879 ‘സിറ്റി’യും തിരിച്ചുവിളിച്ചു. കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷനെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിൽ ചില പരിഷ്കാരങ്ങൾ വരുത്താനാണു കമ്പനി 2014 ഫെബ്രുവരിക്കും നവംബറിനുമിടയ്ക്കു നിർമിച്ച കാറുകൾ തിരിച്ചുവിളിച്ചത്. സി വി ടി സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ നടന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇന്ത്യയിലെയും നടപടി.

ഇതിനു മുമ്പ് 2015 മേയിലും എയർബാഗ് പ്രശ്നത്തിന്റെ പേരിൽ ഹോണ്ട കാഴ്സ് പതിനായിരത്തിലേറെ വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. 2004 മോഡലിൽപെട്ട 575 ‘സി ആർ വി’ക്കും 2003 — 2007 മോഡലിൽപെട്ട 10,085 ‘അക്കോഡി’നുമാണു പരിശോധന ആവശ്യമായിരുന്നത്. തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗിലെ ഇൻഫ്ളേറ്റർ ഉയർത്തുന്ന സുരക്ഷാഭീഷണിയുടെ പേരിൽ ആഗോളതലത്തിൽ നടന്ന പരിശോധനയുടെ ഭാഗമായി ഇന്ത്യയിൽ ഒരു 2004 മോഡൽ ‘സിവിക്കും’ തിരിച്ചുവിളിച്ചിരുന്നു.