എയർബാഗ് പൊട്ടിത്തെറി: മരണം 8 ആയെന്നു ഹോണ്ട

തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗ് വിന്യാസ വേളയിൽ പൊട്ടിത്തെറിച്ച് ഒരാൾ കൂടി കൊല്ലപ്പെട്ടതായി ഹോണ്ട മോട്ടോർ കമ്പനി സ്ഥിരീകരിച്ചു. 2014 സെപ്റ്റംബറിൽ കലിഫോണിയയിലെ ലൊസാഞ്ചലസ് കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ ജ്യുവൽ ബ്രാങ്മാൻ(26) മരണമാണു ഹോണ്ട, തകാത്ത കോർപറേഷൻ നിർമിച്ച എയർബാഗുകളുടെ കണക്കിൽപെടുത്തിയത്. ഇതോടെ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗ് പൊട്ടിത്തെറിച്ച് ആഗോളതലത്തിൽ എട്ടുപേർ മരിക്കുകയും നൂറോളം പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണു കണക്ക്.

സാൻ ഡിയാഗോയിൽ നിന്നു വാടകയ്ക്കെടുത്ത 2001 മോഡൽ ‘സിവിക്കി’ലുള്ള യാത്രയാണു ജ്യുവൽ ബ്രാങ്മാന്റെ മരണത്തിൽ കലാശിച്ചത്. എയർബാഗിൽ നിർമാണപിഴവ് സംശയിച്ച് 2009 ജൂലൈയിൽ തന്നെ പരിശോധനയ്ക്കായി ഈ കാർ തിരിച്ചുവിളിച്ചിരുന്നെന്നാണു ഹോണ്ടയുടെ വാദം. വാഹന ഉടമകൾക്കു നാലു തവണ നോട്ടീസ് നൽകിയിട്ടും കാർ പരിശോധനയ്ക്കു ഹാജരാക്കിയില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞ ഏപ്രിലിൽ ലൂസിയാനയിൽ നടന്ന അപകടത്തിൽ കാർ ഓടിച്ചിരുന്ന കൈലാൻ ലാങ്ലിനൈസ്(22) മരിച്ചതും എയർബാഗ് തകരാർ മൂലമാണെന്നു കഴിഞ്ഞ ആഴ്ച ഹോണ്ട സ്ഥിരീകരിച്ചിരുന്നു. 2005 മോഡൽ ‘അക്കോഡ്’ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷം ഏപ്രിൽ ഒൻപതിനായിരുന്നു ലാങ്ലിനൈസിന്റെ മരണം.

എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. യു എസ് സർക്കാരിന്റെ സമ്മർദഫലമായി കമ്പനിയുടെ എയർബാഗുകൾക്കു നിർമാണതകരാറുണ്ടെന്നു തകാത്ത കോർപറേഷൻതന്നെ കഴിഞ്ഞ മാസം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് വിവിധ നിർമാതാക്കളുടെ വാഹനങ്ങളിൽ ഘടിപ്പിച്ച 3.38 കോടിയോളം എയർബാഗുകൾ പരിശോധിക്കാനും തകാത്ത കോർപറേഷൻ നടപടി തുടങ്ങി.