യെൻ മൂല്യത്തകർച്ച: ജപ്പാനിലേക്കു മടങ്ങാൻ ഹോണ്ടയും

വിനിമയ നിരക്കിൽ യെൻ നേരിടുന്ന വിലത്തകർച്ച പരിഗണിച്ച് നിർമാണശാലകൾ ജപ്പാനിലേക്കു തിരിച്ചു കൊണ്ടു പോകാൻ വൻകിട കമ്പനികൾ ഒരുങ്ങുന്നു. സാങ്കേതികവിദ്യ, വസ്ത്ര, വാഹന വ്യവസായ മേഖകളിലെ വൻകിട കമ്പനികളാണു ജപ്പാനിൽ നിർമാണശാലകൾ പുനഃസ്ഥാപിക്കാൻ ആലോചിക്കുന്നത്.

ഹോണ്ട, പയനിയർ, യുണിക്ലോ എന്നിവയ്ക്കു പുറമെ സാങ്കേതികവിദ്യ വിഭാഗത്തിലെ പാനസോണിക്, ഷാർപ്, കാനൻ തുടങ്ങിയ കമ്പനികളും ജപ്പാനിലേക്കു മടങ്ങാൻ തയാറെടുക്കുന്നുണ്ട്. വർഷങ്ങളായി ചൈനയിലും ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലുമായിട്ടാണ് ഈ കമ്പനികളുടെ നിർമാണശാലകൾ പ്രവർത്തിക്കുന്നത്. യെന്നിന്റെ മൂല്യത്തിൽ 2013 മാർച്ചിനു ശേഷമുള്ള കാലത്ത് 30 ശതമാനത്തോളം ഇടിവാണു നേരിട്ടത്. ഇതോടെ ജപ്പാനിൽ നിന്നുള്ള കയറ്റുമതി ആകർഷകമായി മാറിയതാണു വിവിധ കമ്പനികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഉൽപ്പാദന ചെലവും അസംസ്കൃത വസ്തു വിലയും ഉയർന്നിട്ടും ലാഭം വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളെ സഹായിച്ചതും യെന്നിന്റെ വിലയിടിവ് തന്നെ.

ജാപ്പനീസ് വാഹന നിർമാതാക്കളിൽ മൂന്നാം സ്ഥാനക്കാരായ ഹോണ്ട ‘ഫിറ്റി’ന്റെ സങ്കര ഇന്ധന മോഡലിന്റെ നിർമാണം മെക്സിക്കോയിൽ നിന്നും ബ്രിട്ടനിൽ നിന്നും ജന്മനാട്ടിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്. പയനിയറാവട്ടെ വാഹനങ്ങൾക്കുള്ള നാവിഗേഷൻ സംവിധാനങ്ങളുടെ നിർമാണം തായ്ലൻഡിൽ നിന്ന് ജപ്പാനിലേക്കു മാറ്റാനാണ് തയാറെടുക്കുന്നത്.

യുണിക്ലോ ചെയിനിന്റെ ഉടമകളായ ഫാസ്റ്റ് റീട്ടെയ്ലിങ് ടെക്സ്റ്റൈൽ കമ്പനിയാവട്ടെ ഉൽപ്പാദന ചെലവേറിയതിന്റെ ഫലമായി കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലും വില കൂട്ടാൻ നിർബന്ധിതരായിരുന്നു. ഇതേത്തുടർന്നാണു യെൻ വിലയിടിവിന്റെ ആനുകൂല്യം ലക്ഷ്യമിട്ട് നിർമാണശാലകൾ ജപ്പാനിലേക്കു മാറ്റാൻ കമ്പനിയും ഒരുങ്ങുന്നത്.