രണ്ടു വർഷം കൊണ്ട് ഹോണ്ട വിറ്റത് 1.6 ലക്ഷം സിറ്റികൾ

Honda City

ഡീസൽ എൻജിൻ പുറത്തിറക്കിയതു മുതൽ ഹോണ്ടയ്ക്ക് നല്ല കാലമാണ്. കോംപാക്റ്റ് സെ‍ഡാനായ അമെയ്സിന് പിന്നാലെ സി സെഗ്‌മെന്റ് കാറായ സിറ്റിയും വിൽപ്പനയിൽ ചരിത്രം കുറിച്ച് മുന്നേറുന്നു. 2014 ജനുവരിയിൽ പുറത്തിറങ്ങിയ നാലാം തലമുറ ഹോണ്ട സിറ്റിയുടെ 1.6 ലക്ഷം യൂണിറ്റുകളാണ് രണ്ടു വർഷം കൊണ്ട് ഇന്ത്യൻ നിരത്തിലിറങ്ങിയത്. പെട്രോൾ ഡീസൽ വകഭേദങ്ങളുണ്ടെങ്കിലും വിൽപ്പനയിൽ മുന്നിൽ ഡീസൽ സിറ്റി തന്നെയാണെന്നാണ് കമ്പനി അറിയിച്ചത്.

Honda City

1998ൽ‌ ഇന്ത്യയിലെത്തിയ ഹോണ്ട സിറ്റിയുടെ നാല് തലമുറകളാണ് ഇതുവരെ പുറത്തിറങ്ങിയത്. തുടക്കത്തിൽ വിപണയിൽ ഏറ്റവുമധികം വിൽപ്പനയുള്ള സി സെഗ്‍മെന്റ് കാറായിരുന്നു സിറ്റിയെങ്കിലും പിന്നീട് ഡീസൽ എൻജിന്റെ അഭാവം കാറിന്റെ വിൽപ്പനയെ പിന്നോട്ടു വലിച്ചു. ഹോണ്ടയുടെ കോംപാക്റ്റ് സെ‍ഡനായ അമെയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഡീസൽ എൻജിനുമായി എത്തിയ സിറ്റി സെഗ്‍മെന്റിൽ‌ ഏറ്റവുമധികം വിൽപ്പനയുള്ള കാർ എന്ന ഖ്യാതി തിരിച്ചു പിടിക്കുകയായിരുന്നു.

മൂന്നാം തലമുറയിൽ ഉപയോഗിച്ചിരുന്ന പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് നാലാം തലമുറയിലും. 1.5 ലീറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിന് 117.4 ബിഎച്ച്പിയാണ് കരുത്തും 145 എന്‍എം ടോര്‍ക്കുമുണ്ട്. സിവിടി ഓട്ടോമാറ്റിക് ഗീയര്‍ ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ സിറ്റിയ്ക്കുണ്ട്. 1.5 ലിറ്റർ ഐ ഡിടെക് ഡീസൽ എൻജിന് 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോർക്കുമുണ്ട്.