ഹോണ്ട ‘ഡബ്ല്യു ആർ — വി’ ബുക്കിങ്ങിനു തുടക്കം

Honda WR-V

അരങ്ങേറ്റത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ പുത്തൻ ക്രോസോവറായ ‘ഡബ്ല്യു ആർ — വി’ക്കുള്ള ബുക്കിങ്ങുകൾ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് സ്വീകരിച്ചു തുടങ്ങി. 21,000 രൂപ ഈടാക്കിയാണു രാജ്യമെങ്ങുമുള്ള ഹോണ്ട ഡീലർഷിപ്പുകൾ ഈ 16ന് അരങ്ങേറ്റം കുറിക്കുന്ന ‘ഡബ്ല്യു ആർ — വി’ ബുക്കിങ് സ്വീകരിക്കുന്നത്. ഹോണ്ടയുടെ ഇന്ത്യയിലെ ഗവേഷണ — വികസന വിഭാഗവും ജപ്പാനിലെ ഹോണ്ട ആർ ആൻഡ് ഡിയും ചേർന്നാണു ‘ഡബ്ല്യു ആർ — വി’ വികസിപ്പിച്ചത്. ആഗോളതലത്തിൽ ‘ഡബ്ല്യു ആർ — വി’ വിൽപ്പനയ്ക്കെത്തുന്ന ആദ്യ വിപണിയും ഇന്ത്യ തന്നെ.

Honda WR-V

ഹോണ്ട ശ്രേണിയിലെ പുത്തൻ സ്പോർടി, ലൈഫ് സ്റ്റൈൽ വാഹനമാണു ‘ഡബ്ല്യു ആർ — വി’യെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ അറിയിച്ചു. നഗരങ്ങളിലെ ദൈനംദിന ഉപയോഗത്തിനൊപ്പം ഉല്ലാസയാത്രകൾക്കും ഉതകുംവിധമുള്ള അനായാസ ഡ്രൈവിങ്ങാണു വാഹനത്തിന്റെ പ്രധാന സവിശേഷതയെന്നും അദ്ദേഹം വിശദീകരിച്ചു.
ക്രിയാത്മക രീതിയിലാണു ഹോണ്ട കാഴ്സ് ഇന്ത്യ 2017നു തുടക്കമിട്ടിരിക്കുന്നത്.

Honda WR-V

ഇടത്തരം സെഡാനായ ‘സിറ്റി’യുടെ പുത്തൻ പതിപ്പായ ‘ന്യൂ സിറ്റി 2017’ മികച്ച വരവേൽപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണു കമ്പനി ഇക്കൊല്ലത്തെ രണ്ടാമത്തെ പ്രധാന അവതരണമായ ‘ഡബ്ല്യു ആർ — വി’ പുറത്തിറക്കാൻ തയാറെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുത്തൻ ‘സിറ്റി’യും പുതുപുത്തൻ ക്രോസോവറായ ‘ഡബ്ല്യു ആർ — വി’യും ചേരുന്നതോടെ ഇന്ത്യയിലെ വാഹന വിൽപ്പനയിൽ മികച്ച വളർച്ച കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.