Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവകാല വിൽപ്പന 12.5 ലക്ഷം യൂണിറ്റെന്നു ഹോണ്ട

honda-activa

ഇക്കൊല്ലത്തെ നവരാത്രി, ദീപാവലി ഉത്സവകാല വിൽപ്പന 12.50 ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). മുൻവർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 25 ശതമാനത്തോളം അധികമാണിതെന്നും കമ്പനി അറിയിച്ചു. ഉത്സവകാലം പ്രമാണിച്ച് സെപ്റ്റംബർ — ഒക്ടോബർ മാസങ്ങളിലായി ഏഴു ലക്ഷത്തോളം ‘ആക്ടീവ’യാണ് എച്ച് എം എസ് ഐ വിറ്റത്. ‘സി ബി ഷൈൻ’ അടക്കമുള്ള മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയാവട്ടെ രണ്ടു ലക്ഷത്തിലേറെ യൂണിറ്റായിരുന്നു. കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 2015 ഒക്ടോബറിനെ അപേക്ഷിച്ച് ഒൻപതു ശതമാനത്തോളം വർധനയോടെ 4,92,367 യൂണിറ്റായിരുന്നെന്നും എച്ച് എം എസ് ഐ അറിയിച്ചു. അതേസമയം, ഒന്നാം സ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപാവട്ടെ ആറു ലക്ഷത്തിലേറെ യൂണിറ്റാണ് കഴിഞ്ഞ മാസം വിറ്റത്.

ഒക്ടോബറിലും ഓട്ടമാറ്റിക് സ്കൂട്ടർ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റ് പിന്നിട്ടത് എച്ച് എം എസ് ഐയ്ക്കു നേട്ടമായിട്ടുണ്ട്; തുടർച്ചയായ നാലാം മാസമാണു ഗീയർരഹിത സ്കൂട്ടറുകളുടെ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റിനു മുകളിലെത്തുന്നത്. ഉത്സവകാലത്തെ വർധിച്ച ആവശ്യം നിറവേറ്റാൻ കമ്പനി ആറു മാസം മുമ്പു തന്നെ ഒരുക്കം തുടങ്ങിയിരുന്നെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു വെളിപ്പെടുത്തി. ഗീയർരഹിത സ്കൂട്ടറുകളോട് ഇന്ത്യൻ വിപണിക്കുള്ള താൽപര്യവും മാറ്റമില്ലാതെ തുടരുകയാണ്. ഗുജറാത്തിലെ പുതിയ സ്കൂട്ടർ നിർമാണശാല സെപ്റ്റംബറോടെ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചത് ഹോണ്ടയ്ക്കു നേട്ടമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്സവകാലത്തെ ഉയർന്ന ആവശ്യം നിറവേറ്റാൻ കമ്പനിയെ സഹായിച്ചതും പുതിയ ശാലയാണ്. ഉത്സവകാലത്തിനിടെ 10 ലക്ഷത്തിലേറെ പുതിയ ഉപയോക്താക്കളെ നേടാൻ കമ്പനിക്കു കഴിഞ്ഞു; ധൻതേരസ് ദിനത്തിൽ മാത്രം 2.60 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു രേഖപ്പെടുത്തിയതെന്നും മുരമാറ്റ്സു അവകാശപ്പെട്ടു.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴു മാസത്തിനിടെ 33.01 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണ് എച്ച് എം എസ് ഐ രേഖപ്പെടുത്തിയത്. മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 26% വളർച്ചയോടെ 21,01,168 സ്കൂട്ടറുകളാണു കമ്പനി വിറ്റത്. മോട്ടോർ സൈക്കിൾ വിൽപ്പനയാവട്ടെ 12% വളർച്ചയോടെ 10,42,301 യൂണിറ്റായി ഉയർന്നു. ഉത്സവകാല വിൽപ്പനയുടെ പിൻബലത്തിൽ ഇന്ത്യയിലെ വിപണി വിഹിതം 26% ആയെന്നും ഹോണ്ട അവകാശപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പനയിൽ മൊത്തത്തിൽ 11% വളർച്ച രേഖപ്പെടുത്തുമ്പോൾ എച്ച് എം എസ് ഐ നേടിയത് 21% വർധനയാണ്.  

Your Rating: