പത്തു ലക്ഷം പിന്നിട്ടു ഹ്യുണ്ടേയ് ‘ഐ 20’

പ്രീമിയം കോംപാക്ട് ഹാച്ച്ബാക്കായ ‘ഐ ട്വന്റി’യുടെ ആഗോളതലത്തിലെ മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). ഇന്ത്യയിൽ ഏറ്റവുമധികം അംഗീകാരങ്ങൾ വാരിക്കൂട്ടിയ മോഡലാണ് ‘ഐ 20’ എന്നും കമ്പനി അവകാശപ്പെട്ടു; അരങ്ങേറ്റ വേള മുതൽ ആകെ 34 അവാർഡുകളാണു കാറിനെ തേടിയെത്തിയത്. ആഗോളതലത്തിൽ കാർ നേടിയ സ്വീകാര്യതയ്ക്കുള്ള തെളിവാണ് വിൽപ്പന കണക്കിലെ ഈ നേട്ടമെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. സ്പോർടി രൂപകൽപ്പനയ്ക്കും പ്രായോഗികതയ്ക്കുമൊപ്പം മികച്ച പ്രകടനക്ഷമതയുമാണ് ‘ഐ 20’ കാറിന്റെ കരുത്തെന്നും അദ്ദേഹം വിലയിരുത്തി.

പ്രീമിയം ഹാച്ച് ബാക്കായ ‘ഐ 20’ 2008ലാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. നിരത്തിലെത്തിയതു മുതൽ മികച്ച വിൽപ്പന കൈവരിക്കാനും കാറിനായി. തുടർന്ന് ഇതേ പരമ്പരയിൽ ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടീവ്’ എന്നീ പുതുമോഡലുകളും ഹ്യുണ്ടേയ് അവതരിപ്പിച്ചു. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന 10 കാറുകൾക്കൊപ്പം ഇടംപിടിക്കാൻ ‘എലീറ്റ് ഐ ട്വന്റി’ക്കും സാധിച്ചിരുന്നു. ഇന്ത്യയിൽ മാരുതി സുസുക്കി ‘ബലേനൊ’, ഫോക്സ്വാഗൻ ‘പോളോ’, ഫിയറ്റ് ‘പുന്തൊ’, ഹോണ്ട ‘ജാസ്’ തുടങ്ങിയവയെയാണ് ‘എലീറ്റ് ഐ 20’ നേരിടുന്നത്. ‘ഐ 20 ആക്ടീവാ’കട്ടെ ടൊയോട്ട ‘എത്തിയോസ് ക്രോസ്’, ഫോക്സ്വാഗൻ ‘പോളോ ക്രോസ്’ എന്നിവയുമായാണു മത്സരിക്കുന്നത്.