വാഹന വിൽപ്പനയ്ക്ക് ഊർജ്ജം പകർന്ന് ക്രേറ്റയും, എസ് ക്രോസും, ജാസും

കുറച്ച് കാലങ്ങളായി വാഹന വിപണിക്ക് അത്ര നല്ലകാലമല്ല. പുതിയ ധാരാളം വാഹനങ്ങൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന വളർച്ച വിൽപ്പനയിൽ കൈവരിക്കാനായിരുന്നില്ല. ഈ വർഷത്തേയും സ്ഥിതി അത്ര മെച്ചമായിരുന്നില്ലെങ്കിലും മാരുതി എസ് ക്രോസിന്റെയും, ഹ്യുണ്ടായ് ക്രേറ്റയുടേയും ഹോണ്ട ജാസിന്റേയും വരവ് വാഹന വിപണിയുടെ മെല്ലപ്പോക്കിന് വിരാമമിടാൻ സഹായിച്ചിട്ടുണ്ട്. ജൂലൈയിലും ഓഗസ്റ്റിലുമായി പുറത്തിറങ്ങിയ ഈ വാഹനങ്ങളുടെ ചിറകിലേറി വേഗത കൈവരിച്ചിരിക്കുകയാണ് ഇന്ത്യൻ വാഹനവിപണി.

Maruti S-Cross

മാരുതിയുടെ ആദ്യ ക്രോസ് ഓവറായ എസ് ക്രോസ് ഓഗസ്റ്റ് ആദ്യമാണ് പുറത്തിറങ്ങിയത്. പ്രീമിയം വാഹനങ്ങൾക്ക് മാത്രമായുള്ള മാരുതിയുടെ നെക്‌സ ഡീലർഷിപ്പുവഴി വിൽക്കുന്ന എസ് ക്രോസിന് 8.78 ലക്ഷം മുതൽ 14.28 ലക്ഷം വരെയാണ് വില. മാരുതിയുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ 4600-4700 യൂണിറ്റ് എസ് ക്രോസുകളാണ് ഇന്ത്യയിൽ ആകെമാനം വിറ്റിരിക്കുന്നത്. കൂടാതെ 10000 ബുക്കിങ്ങും തങ്ങളുടെ ആദ്യ ക്രോസ് ഓവറിന് ലഭിച്ചെന്ന് മാരുതി പറയുന്നു

Hyundai Creta

അതേ സമയം ഹ്യുണ്ടായിയുടെ ക്രേറ്റ കമ്പനിക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി ഒരു മാസത്തിൽ 40000 ത്തിൽ അധികം വാഹനങ്ങൾ ഹ്യുണ്ടായ് വിറ്റിരിക്കുന്നു. കുറച്ചുനാൾ മുമ്പ് പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്കായ ഐ20 എലൈറ്റിനെപ്പോലെ തന്നെ വിൽപ്പന വിജയം നേടിയ കോംപാക്റ്റ് എസ് യു വി ക്രേറ്റ ജൂലൈ21 നാണ് പുറത്തിറക്കിയത്. പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ 10000 അധികം ബുക്കിങ് ലഭിച്ച ക്രേറ്റയ്ക്ക് 8.69 ലക്ഷം മുതൽ 13.76 ലക്ഷം വരെയാണ് വില. കമ്പനിയുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസം 6783 ക്രേറ്റകളെയാണ് ഇന്ത്യയിൽ ആകെമാനം വിറ്റപ്പോൾ ഹ്യുണ്ടായിയുടെ വിൽപ്പന 40,505 യൂണിറ്റുകൾ കടന്നു ജൂലൈയിൽ 36,500 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണിത്. വിൽപ്പനയുടെ 42 ശതമാനവും (17800)ക്രേറ്റയും, ഐ20 ആക്ടീവും, എലൈറ്റു കൂടിയായിരുന്നു. 

Honda Jazz

ജൂലൈ ആദ്യമാണ് ഹോണ്ട തങ്ങളുടെ മൂന്നാം തലമുറ ജാസിനെ പുറത്തിറക്കിയത്. ആദ്യമാസം തന്നെ ഏകദേശം 6676 യൂണിറ്റ് ജാസുകളാണ് ഇന്ത്യയിൽ വിറ്റത്. എന്നാൽ ഓഗസ്റ്റിൽ അത് 5400 യൂണിറ്റുകളായി കുറഞ്ഞു. ഹോണ്ടയുടെ ഇന്ത്യയിലെ നിർമ്മാണം കുറവായതുകൊണ്ട് മാത്രമാണ് ജാസിന്റെ വിൽപ്പന ഇടിഞ്ഞതെന്നാണ് ഹോണ്ട ഇന്ത്യൻ മാർക്കറ്റിങ്ങ് വൈസ് പ്രസിഡന്റ് അനിത ശർമ്മ പറയുന്നത്. നിലവിൽ സിറ്റിയും ജാസും നിർമ്മിക്കുന്ന രാജസ്ഥാനിലെ പ്ലാന്റിന്റെ കപ്പാസിറ്റി മാസത്തിൽ 10000 കാറുകൾ മാത്രമാണ് അതുകൊണ്ടാണ് ചിലമാസം വിൽപ്പന ഉയരുകയും മറ്റ് ചില മാസങ്ങളിൽ വിൽപ്പന തളരുകയും ചെയ്യുന്നത്. എന്നാൽ നിർമ്മാണ യൂണിറ്റ് അടുത്ത വർഷം വികസിപ്പിക്കുന്നത്തോടു കൂടി നിർമ്മാണം 1.2 ലക്ഷം യൂണിറ്റിൽ നിന്ന് 1.8 ലക്ഷം യുണിറ്റിലെത്തുമെന്നും കമ്പനി പറയുന്നു.