ഗതിമാൻ ഇന്ത്യയുടെ അതിവേഗട്രെയിൻ

Gatimaan Express

ട്രെയിനിൽ കയറാൻ പടിചവിട്ടുമ്പോഴേക്കും അതാ, ഒരു വനിത പുഞ്ചിരിച്ചുകൊണ്ട് റോസാപ്പൂ സമ്മാനിക്കുന്നു. സ്വാഗത വാക്കുകൾ കേട്ട് ട്രെയിനിനുള്ളിലെത്തുമ്പോൾ, ശ്രവണസുഖം നൽകി മധുര സംഗീതം, വേഗത മണിക്കൂറിൽ 160 കിലോമീറ്റർ. പറഞ്ഞുവരുന്നത് യുറോപ്യൻ രാജ്യങ്ങളിലേയോ മറ്റ് വികസിത രാജ്യങ്ങളിലേയോ ട്രെയിനുകളെക്കുറിച്ചല്ല, ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ട്രെയിനെക്കുറിച്ചാണ്.

Gatimaan Express

ബുള്ളറ്റ് ട്രെയിനിനു മുന്നോടിയായി അടുത്തമാസം ഇന്ത്യൻ പാളത്തിലേക്കെത്തുന്ന അതിവേഗട്രെയിനാണ് ഗതിമാൻ. ഡൽഹിയിൽനിന്ന് ആഗ്രവരെയുള്ള 210 കിലോമീറ്റർ 105 മിനിട്ടുകൊണ്ടു പിന്നിടുന്ന വേഗരാജാവ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലോടി രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന ബഹുമതി സ്വന്തമാക്കിയ ഗതിമാന്‍ യാത്ര തുടങ്ങിക്കഴിഞ്ഞു.

Gatimaan Express

പ്രത്യേകമായി തയ്യാറാക്കിയ കോച്ചുകളാണ് ട്രെയിനിലുള്ളത്. സൗജന്യ വൈ ഫൈ സംവിധാനം, ഓട്ടോമറ്റിക് ഡോറുകൾ, സഹായത്തിനായി ഹോസ്റ്റസുമാര്‍ എന്നിവയുള്ള ഗതിമാനില്‍ പന്ത്രണ്ട് എ.സി കോച്ചുകളുണ്ടാകും. വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസം ട്രെയിന്‍ യാത്ര നടത്തും. ഏകദേശം 50 കോടി രൂപ മുടക്കിയാണ് ഈ സൂപ്പർഫാസ്റ്റ് എസി ട്രെയിൻ നിർമിച്ചിരിക്കുന്നത്.

Gatimaan Express

യാത്ര സൗകര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും ഗതിമാൻ മുന്നിലാണ്. ശക്തിയേറിയ അടിയന്തിരബ്രേക്കിങ് സംവിധാനമാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത് കൂടാതെ സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം തുടങ്ങിയവയുമുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ഉന്നതനിലവാരം പുലര്‍ത്തും. പൂർണ്ണമായും ശീതികരിച്ച ട്രെയിനിൽ രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും പത്ത് റഗുലർകോച്ചുകളുമുണ്ടാകും. എക്സിക്യൂട്ടീവിന്റെ നിരക്ക് 1500 രൂപയും റെഗുലർ കോച്ചിലെ നിരക്ക് 750 രൂപയുമാണ്.