പത്തു ദിവസങ്ങൾ കൊണ്ട് ഇന്നോവയ്ക്ക് 15000 ബുക്കിങ്ങുകൾ

പുറത്തിറങ്ങി പത്തു ദിവസങ്ങൾകൊണ്ട് ടൊയോട്ടയുടെ എംപിവി ഇന്നോവ ക്രിസ്റ്റയ്ക്ക് ലഭിച്ചത് 15000 ബുക്കിങ്ങുകൾ. ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ബുക്കിങ്ങുകളിൽ‌ അറുപതു ശതമാനവും ഓട്ടോമാറ്റിക്കിന്റെ ടോപ്പ് എൻഡിനാണ് ലഭിച്ചിരിക്കുന്നത്. പത്തു ദിവസം കൊണ്ട് എറ്റവുമധികം ബുക്കിങ്ങുകള്‍ ലഭിച്ച വാഹനങ്ങളിലൊന്നാണ് ഇന്നോവ ക്രിസ്റ്റ. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എംയുവിയായ ഇന്നോവയുടെ സ്വീകാര്യത ക്രിസ്റ്റയ്ക്കും ലഭിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവയുടെ പുതിയ മോഡൽ ക്രിസ്റ്റ രണ്ടു പതിപ്പുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. 2.8 ലിറ്റർ ഡീസൽ 2.4 ലിറ്റർ ഡീസൽ എന്നിവയാണ് ഇന്നവോയുടെ വകഭേദങ്ങൾ. അതിൽ 2.8 ലിറ്റർ ഡീസൽ എൻജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്. സാധാരണ സുരക്ഷാ സംവിധാനങ്ങൾക്കു പുറമെ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവയും പ്രത്യേകതയാണ്.

ഇന്നോവ ക്രിസ്റ്റയ്ക്കു 14,13,826 മുതൽ 21,10,073 രൂപ വരെയാണു കൊച്ചിയിലെ എക്സ് ഷോറൂം വില. 2.8 ലിറ്റർ സിക്സ് സ്പീഡ് മോഡലിനു 14.29 കിലോമീറ്റർ ഇന്ധന ക്ഷമതയും 2.4 ലിറ്റർ ഫൈവ് സ്പീഡ് മോഡലിനു 15.10 കിലോമീറ്റർ ഇന്ധന ക്ഷമതയും ലഭിക്കുമെന്ന് അവകാശപ്പെടുന്നു.

2005 ൽ ടൊയോട്ട ക്വാളിസിന്റെ പകരക്കാരനായാണ് ഇന്നോവ എത്തിയത്. 2008 ലും 2011ലും 2013ലും ചെറിയ മാറ്റങ്ങളുമായി ഇന്നോവ എത്തിയെങ്കിലും ഇത് ആദ്യമായാണ് സമഗ്ര മാറ്റങ്ങളുമായി എത്തുന്നത്. പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സാഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ അകംഭാഗത്തിന്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പതിമൂന്നാമത് ഓട്ടോ എക്സ്പോയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു.