Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഗ്‌നിസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ignis

കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിൽ വിറ്റാര ബ്രെസ നേടിയ മികച്ച വിജയം ആവർത്തിക്കാൻ മാരുതി പുറത്തിറക്കുന്ന ചെറു എസ് യു വിയാണ് ഇഗ്‌നിസ്. മാരുതിയുടെ ആദ്യ കോംപാക്റ്റ് ക്രോസ് ഓവർ എന്ന ലേബലിൽ വിപണിയിലെത്തുന്ന ഇഗ്‌നിസ് വിൽപ്പനയിൽ പുതു ചരിത്രം സൃഷ്ടിക്കും എന്നാണു കമ്പനി കരുതുന്നത്. നിലവാരത്തിലും ഫീച്ചറുകളിലും മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാകാൻ എത്തുന്ന ഇഗ്‌നിസിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

Suzuki Ignis

അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്‌നിസ്, മഹീന്ദ്രയുടെ കെയുവി 100, ഉടൻ പുറത്തിറങ്ങുന്ന ടാറ്റ നെക്സൺ തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും പ്രധാനമായും മത്സരിക്കുക. മികച്ച ‍ഡിസൈനും എസ് യു വി സ്റ്റൈലിങ്ങുമുള്ള ഇഗ്‌നിസിൽ ഡേ ടൈം റണ്ണിങ് ലാമ്പുകൾ, വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ്ഔട്ട് എ, ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവയുണ്ടാകും. കൂടാതെ ചെറു എസ് യുവികൾക്ക് ചേർന്ന് 180 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിലുണ്ടാകും.

ignis

ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്‌നിസിൽ സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി എയർബാഗ്, ഹിൽ ഡിസന്റ് കൺട്രോൾ, റിവേഴ്സ് പാർക്കിങ് ക്യാമറ എന്നിവയുണ്ടാകും. ഹർമെൻ കർഡോൺ മ്യൂസിക് സിസ്റ്റമായിരിക്കും കാറിൽ. ഹർമെന്‍ മ്യൂസിക് സിസ്റ്റം ഘടിപ്പിക്കുന്ന ആദ്യ മാരുതി വാഹനവും ഇഗ്‌നിസ് തന്നെ. സ്മാർട്ഫോൺ ഇന്റഗ്രേറ്റ് ചെയ്യാവുന്ന മ്യൂസിക് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലെയുമുണ്ടാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നാലുമീറ്ററിൽ താഴെ നീളമുണ്ടാകുന്ന സബ്കോംപാക്റ്റ് വിഭാഗത്തിലേക്കാണ് ഇഗ്നിസ് എത്തുക. കാറിന് 3679 എംഎം നീളവും 1660 എംഎം വീതിയുമുണ്ടാകും. 1.2 ലീറ്റർ പെട്രോൾ എൻജിൻ കൂടാതെ മാരുതിയുടെ ഒട്ടുമിക്ക ഡീസൽ വാഹനങ്ങളിലും ഉപയോഗിക്കുന്ന 1.3 ലീറ്റർ മള്‍ട്ടി ജെറ്റ് എൻജിനും ഇഗ്‌നിസിൽ പ്രതീക്ഷിക്കാം. കൂടാതെ ബലേനോ ആർഎസിൽ ഉപയോഗിക്കുന്ന 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് ടർബൊ പെട്രോൾ എൻജിനും കാറിലുണ്ടാകും.

കോംപാക്ട് ക്രോസ് ഓവർ സെഗ്‍മെന്റിൽ ഓൾ വീൽ ഡ്രൈവുമായി എത്തുന്ന ആദ്യ മോഡലുമാണ് ഇഗ്‌നിസ്. ഫുൾ ടൈം ഓൾ വീൽ ഡ്രൈവ് യൂണിറ്റായിരിക്കും വാഹനത്തിൽ. നോർമൽ റോഡുകളിൽ ടൂ വീൽ മോഡിൽ പ്രവർത്തിക്കുന്ന വാഹനം അത്യാവശ്യ ഘട്ടങ്ങളിൽ ഓൾ വീൽ ഡ്രൈവ് മോഡിലേക്കു തനിയെ മാറും. ഇഗ്‌നിസിന്റെ ഓട്ടമാറ്റിക്ക് പതിപ്പിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനായിരിക്കില്ല (എഎംടി) പകരം കണ്ടിന്യുവസ്‌ലി വേരിയബിൾ‌ ട്രാൻസ്മിഷനായിരിക്കും (സിവിടി) എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. ബ്രെസയുടെ വർധിച്ചു വരുന്ന ബുക്കിങ് ഇഗ്‌നിസിന്റെ പുറത്തിറക്കൽ അൽപ്പം വൈകിപ്പിച്ചേക്കാമെങ്കിലും നെക്സ വഴി വിൽക്കുന്ന മാരുതിയുടെ മൂന്നാമത്തെ വാഹനമായിരിക്കും ഇത്.