‘ലക്സസ്’ കാറുകളുടെ ബുക്കിങ്ങിനു തുടക്കം

Lexus ES300h

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ ബ്രാൻഡായ ലക്സസ് ഇന്ത്യയിലേക്ക്. അടുത്ത വർഷം വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ലക്സസ് ശ്രേണിക്കുള്ള ബുക്കിങ് ടൊയോട്ട ആരംഭിച്ചു. മുംബൈയിൽ ‘ലക്സസ് ബുട്ടീക്’ എന്ന ആദ്യ ഷോറൂം തുറക്കുന്നതിനു മുന്നോടിയായി ക്രോസോവറായ ‘ആർ എക്സ് 450 എച്ച്’, സെഡാനായ ‘ഇ എസ് 300 എച്ച്’, എസ് യു വികളായ ‘എൽ എക്സ് 450 ഡി’, ‘എൽ എക്സ് 570’ എന്നിവയ്ക്കുള്ള ബുക്കിങ്ങാണു സ്വീകരിക്കുന്നത്. ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാർച്ചോടെ വാഹനം കൈമാറുമെന്നാണു ടൊയോട്ടയുടെ വാഗ്ദാനം. 75 ലക്ഷം രൂപ മുതൽ 2.20 കോടി രൂപ വരെയാണു വിവിധ മോഡലുകളുടെ വില.

ഛത്രപതി ശിവജി വിമാനത്താവള ടെർമിലിനു സമീപം സാന്റാക്രൂസിലെ താജ് ഹോട്ടലിലാണു ടൊയോട്ട ‘ലക്സസി’നായുള്ള ആദ്യ ഷോറൂം തുടങ്ങുന്നത്. സന്ദർശകർക്കു പൂർണതോതിലുള്ള ‘ലക്സസ്’ അനുഭവം പ്രദാനം ചെയ്യുംവിധമാണു ‘ലക്സസ് ബുട്ടീക്കി’ന്റെ രൂപകൽപ്പന. സങ്കര ഇന്ധന സാങ്കേതികവിദ്യയുടെ പിൻബലമുള്ള ‘എൽ എക്സ് 450 എച്ച്’, ‘സെഡാനായ ‘ഇ എസ് 300 എച്ച്’ എന്നിവയും രണ്ട് എസ് യു വികളുമുൾപ്പെടുന്നതാണ് ഇന്ത്യയിലെ പ്രാരംഭഘട്ട മോഡൽ ശ്രേണി. തുടക്കത്തിൽ വിദേശനിർമിത മോഡലുകൾ ഇറക്കുമതി ചെയ്താവും വിൽപ്പന; വിപണി വളരുന്നതിനനുസൃതമായി പ്രാദേശികതലത്തിൽ അസംബ്ലിങ് പ്ലാന്റ് പരിഗണിക്കും.‘എൽ എക്സ് 450 എച്ച്’ ക്രോസവറിന്റെ നാലാം തലമുറ മോഡലാണ് ഇന്ത്യയിലെത്തുന്നത്. 3.5 ലീറ്റർ, വി സിക്സ് പെട്രോൾ എൻജിനൊപ്പം വൈദ്യുത മോട്ടോറും കാറിലുണ്ട്. 308 എച്ച് പിയാണ് എൻജിനും മോട്ടോറും കൂടി സൃഷ്ടിക്കുന്ന മൊത്തം കരുത്ത്. അടുത്തുതന്നെ വിൽപ്പനയ്ക്കെത്തുന്ന ‘ടൊയോട്ട പ്രയസി’ലെ പോലെ ഇലക്ട്രോണിക് കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(ഇ സി വി ടി) ആണു കാറിലുമുള്ളത്.

ടൊയോട്ട ‘കാംറി’ ആധാരമാക്കിയുള്ള ‘ഇ എസ് 300 എച്ച്’ സെഡാനാവും ലക്സസിന്റെ ഇന്ത്യയിലെ എൻട്രി ലവൽ മോഡൽ. ‘എൽ എക്സ് 450 എച്ച്’ പോലെ ഹൈബ്രിഡ് രൂപത്തിലാവും ഈ സെഡാന്റെയും ഇന്ത്യയിലേക്കുള്ള വരവ്. ഇവയ്ക്കൊപ്പം എസ് യു വികളായ ‘എൽ എക്സ് 450 ഡി’, ‘എൽ എക്സ് 570’ എന്നിവയും ഇന്ത്യയിലെത്തും. ‘ലാൻഡ് ക്രൂസർ’ ആധാരമാക്കി വികസിപ്പിച്ച ഇരുമോഡലുകളും ഡീസൽ എൻജിനോടെയും ലഭ്യമാവുമെന്ന പ്രത്യേകതയുണ്ട്. ‘എൽ എക്സ് 450 ഡി’യിലെ നാലര ലീറ്റർ വി എയ്റ്റ് ഡീസൽ എൻജിൻ പരമാവധി 260 എച്ച് പി കരുത്തും 650 എൻ എം വരെ ടോർക്കുമാണ് സൃഷ്ടിക്കുക. ‘എൽ എക്സ് 570’ എസ് യു വിക്കു കരുത്തേകുന്നത് 5.7 ലീറ്റർ വി എയ്റ്റ് പെട്രോൾ എൻജിനാണ്; 383 ബി എച്ച് പി വരെ കരുത്തും 546 എൻ എം ടോർക്കുമാണ് ഈ എൻജിന്റെ ശേഷി. ‘ലക്സസ്’ ശ്രേണിയുടെ വില(ലക്ഷം രൂപയിൽ): ‘ഇ എസ് 300 എച്ച്’ — 75, ‘ആർ എക്സ് 450 എച്ച്’ — 115, ‘എൽ എക്സ് 450 ഡി’ — 200, ‘എൽ എക്സ് 570’— 220.