സ്മാർട്ടായി സൈക്കിൾ ഹെൽമെറ്റ്

സൈക്കിൾ യാത്രക്കാർക്ക് സുരക്ഷ ഉപകരണമാണ് ഹെൽമെറ്റ്. വീഴ്ച്ചയിൽ നിന്ന് യാത്രികരെ സുരക്ഷിതരാക്കുന്ന ഹെൽമെറ്റിനെ സ്മാർട്ടാക്കി അവതരിപ്പിക്കുകയാണ് ലിവോൾ എന്ന ചൈനീസ് കമ്പനി. സൈക്കിളിന്റെ ഡയറക്ഷൻ ഇൻഡികേറ്റ് ചെയ്യുന്ന ഇൻഡികേറ്റർ തുടങ്ങി ഫോട്ടോയും വിഡിയോയും വരെ എടുക്കാവുന്ന ഫീച്ചറുകളുണ്ടീ ഹെൽമെറ്റിൽ. സുരക്ഷയും സ്മാർട്ട് ഫീച്ചറുകളും ഒരുമിച്ച് ചേർത്താണ് ലിവോ ബ്ലിങ് ഹെൽമെറ്റുകൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. 

ഹെൽമെറ്റിന്റെ മുകളിലുള്ള എൽഇഡി ലൈറ്റുകൾ രാത്രിയിൽ സൈക്കിൾ യാത്രക്കാരന് സുരക്ഷയൊരുക്കുന്നു. പിന്നിലെ എൽഇഡി ടെയ്ൽ ലൈറ്റുകൾ ഇന്റികേറ്ററുകളായാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഹെൽമറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറിലൂടെ നിങ്ങൾക്ക് ഫോണിൽ സംസാരിക്കുകയും പാട്ടുകേൾക്കുകയുമെല്ലാം ചെയ്യാം. സൈക്കിൾ ഘടിപ്പിക്കാവുന്ന ബ്ലിംഗ് ജെറ്റ് എന്ന റിമോട്ട് വഴിയാണ് ഹെൽമെറ്റിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. മൊബൈൽ ഫോണുമായും ഘടിപ്പിക്കാവുന്ന ഈ റിമോർട്ടിലൂടെ ഫോണും നിയന്ത്രിക്കാൻ സാധിക്കും. 

സൈക്കിൾ യാത്രക്കാരൻ വീണ് പരിക്കേൽക്കുകയാണെങ്കിൽ ഫോണുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഹെൽമെറ്റ് സേവ് ചെയ്തിരിക്കുന്ന നമ്പറുകളിലേയ്ക്ക് എസ് ഒ എസ് മെസേജും അയക്കും. കൂടാതെ ലിവോൾ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ സഞ്ചരിക്കുന്ന വേഗം, ആൾട്ടിറ്റൂഡ് തുടങ്ങിയ വിവരങ്ങളും ഫോണിൽ തൽസമയം വന്നുകൊണ്ടിരിക്കും. ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഹെൽമറ്റ് എന്ന ലേബലിൽ എത്തിയിരിക്കുന്ന ലിവോൾ ബ്ലിംഗ് ഹെൽമെറ്റിന് 159 ഡോളറാണ് (ഏകദേശം 10300 രൂപ) വില.