ഡൽഹിയിലേക്ക് ലുഫ്താൻസയുടെ ‘എ 350’ 11 മുതൽ

Lufthansa Airbus A350

ജർമൻ വിമാനകമ്പനിയായ ലുഫ്താൻസ് ‘എയർബസ് എ 350’ ഉപയോഗിച്ചു സർവീസ് തുടങ്ങുന്ന ആദ്യ രാജ്യമെന്ന പെരുമ ഇന്ത്യയ്ക്ക്. മ്യൂനിച്ചിൽ നിന്നു ഡൽഹിയിലേക്ക് ‘എയർബസ് എ 350’ ഉപയോഗിച്ചുള്ള ആദ്യ സർവീസ് ഫെബ്രുവരി 11നു തുടങ്ങുമെന്നു ലുഫ്താൻസ് അറിയിച്ചു. മ്യൂനിച്ച് — ഡൽഹി — മ്യൂനിച്ച് റൂട്ടിലെ പ്രതിദിന സർവീസിനാണു കമ്പനി ‘എയർബസ് എ 350’ വിമാനം ഉപയോഗിക്കുക. നിലവിൽ ‘എയർബസ് എ 340’ വിമാനമാണ് ഈ റൂട്ടിൽ പറക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടായി ഇന്ത്യയിൽ നിന്നുള്ള ഇടപാടുകാർക്കു മികച്ചതും ഏറ്റവും ആധുനികവുമായ വിമാനയാത്ര സാധ്യമാക്കാനാണ് ലുഫ്താൻസ് ശ്രമിച്ചിട്ടുള്ളതെന്നു ലുഫ്താൻസ് ജർമൻ എയർലൈൻസ് സീനയിർ ഡയറക്ടർ (സൗത്ത് ഏഷ്യ) വുൾഫ്ഗാങ് വിൽ അറിയിച്ചു.

യൂറോപ്പിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ എണ്ണത്തിൽ നേരിട്ട വൻവർധന പരിഗണിച്ചാണ് ഈ റൂട്ടിൽ ‘എയർബസ് എ 350’ ഏർപ്പെടുത്താൻ ലുഫ്താൻസ തീരുമാനിച്ചത്. ഗേറ്റുകൾ തമ്മിലുള്ള ദൂരം കുറവായതിനാൽ ലുഫ്താൻസയുടെ ഹബ്വായ മ്യൂനിച്ച് വഴി മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലുഫ്താൻസയുടെ ‘എയർബസ് എ 350’ വിമാനത്തിൽ 293 പേർക്കാണു യാത്രാസൗകര്യം; ഇതിൽ 48 സീറ്റ് ബിസിനസ് ക്ലാസിലും 21 എണ്ണം പ്രീമിയം ഇക്കോണമിയിലും 224 സീറ്റ് ഇക്കോണമി വിഭാഗത്തിലുമാണ്. അതേസമയം പുതിയ വിമാനത്തിൽ ഫസ്റ്റ് ക്ലാസ് സീറ്റുകൾ ലഭ്യമല്ലെന്നു ലുഫ്താൻസ വ്യക്തമാക്കുന്നു. ഓരോ റൂട്ടിലെയും ആവശ്യം പരിഗണിച്ചാണു കമ്പനി ഫസ്റ്റ് ക്ലാസ് ലഭ്യമാക്കുന്നത്; ഡൽഹി — മ്യൂണിച്ച് റൂട്ടിൽ ഇത്തരം സീറ്റുകൾക്ക് ആവശ്യക്കാരില്ലെന്നും കമ്പനി വെളിപ്പെടുത്തുന്നു.എല്ലായാത്രക്കാർക്കും വലിപ്പമേറിയ സ്ക്രീൻ, അത്യാധുനിക യൂസർ ഇന്റർഫേസ്, മെച്ചപ്പെട്ട ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എന്നിവയും ലുഫ്താൻസ വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരിച്ച രൂപകൽപ്പനയുടള്ള സെൽഫ് സർവീസ് മേഖലയാവും ബിസിനസ് ക്ലാസിന്റെ ആകർഷണം; മെച്ചപ്പെട്ട സീറ്റുകളും ചില്ലറ സാധനങ്ങൾ സൂക്ഷിക്കാൻ കൂടുതൽ സ്ഥലസൗകര്യവുമാണ് ഇക്കോണമി ക്ലാസ് യാത്രികരെ കാത്തിരിക്കുന്നത്. ദീർഘദൂരയാത്രയ്ക്കുള്ള വിമാനങ്ങളിൽ ഏറ്റവും ആധുനികമെന്ന വാഴ്ത്തപ്പെടുന്ന ‘എയർബസ് എ 350’ കൂടുതൽ പരിസ്ഥിതി സൗഹൃദമാണെന്ന ആകർഷണവുമുണ്ട്. 100 കിലോമീറ്റർ പറക്കാൻ ഓരോ യാത്രക്കാരനും 2.9 ലീറ്റർ ഇന്ധനമാണു വിമാനത്തിന്റെ ചെലവ്; സമാന വിമാനങ്ങളെ അപേക്ഷിച്ച് 25% കുറവാണിതെന്നാണു കണക്ക്.