ഇന്ത്യൻ നിർമിത ‘ഫിഗൊ’ ദക്ഷിണ ആഫ്രിക്കയിൽ വിൽപ്പനയ്ക്ക്

ഇന്ത്യയിൽ നിർമിച്ച ‘ഫിഗൊ’ സെഡാനും ഹാച്ച്ബാക്കും യു എസിൽ നിന്നുള്ള ഫോഡ് ദക്ഷിണ ആഫ്രിക്കൻ വിപണിയില് വിൽപ്പനയ്ക്കെത്തിച്ചു. ഗുജറാത്തിലെ സാനന്ദിലെ നിർമാണശാലയിൽ നിന്നുള്ള ‘ഫിഗൊ’ സെഡാനും ഹാച്ച്ബാക്കും ക്രമേണ അൻപതോളം വിദേശരാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തിക്കാനാണു ഫോഡിന്റെ പദ്ധതി. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്ത്യൻ നിർമിത ‘ഫിഗൊ’ ദക്ഷിണ ആഫ്രിക്കയിൽ അവതരിപ്പിച്ചത്.

ഹാച്ച്ബാക്കായ ‘ഫിഗൊ’യുടെ വകഭേദങ്ങൾക്ക് 1,58,900 റാണ്ട്(ഏകദേശം 7.73 ലക്ഷം രൂപ) മുതൽ 2,03,900 റാണ്ട്(9.92 ലക്ഷത്തോളം രൂപ) വരെയാണു ദക്ഷിണ ആഫ്രിക്കയിലെ വില. സെഡാൻ രൂപത്തിലുള്ള ‘ഫിഗൊ’ സ്വന്തമാക്കാൻ 1,60,900 — 2,05,900 റാണ്ട്(ഏകദേശം 7.83 മുതൽ 10.02 ലക്ഷം രൂപ) മുടക്കണം. അതേസമയം ഇന്ത്യയിൽ നിലവിലുള്ള എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ടു ചെത്തിയൊതുക്കി വിൽപ്പനയ്ക്കെത്തിച്ച ‘ആസ്പയർ’ അല്ല ഫോഡ് ദക്ഷിണ ആഫ്രിക്കയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. പകരം പൂർണ നീളമുള്ള ‘ഫിഗൊ’ സെഡാനാണു ഫോഡ് ആംബിയന്റ്, ട്രെൻഡ്, ടൈറ്റാനിയം വകഭേദങ്ങളിൽ ദക്ഷിണ ആഫ്രിക്കയിൽ ലഭ്യമാക്കുക.

ആസ്റ്റൻ മാർട്ടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, റേക്ക്ഡ് ബോണറ്റ്, നീളമേറിയ ഹെഡ്​ലാംപ് തുടങ്ങി രൂപത്തിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലൊന്നും ഇന്ത്യയിൽ ലഭിക്കുന്ന ‘ആസ്പയറും’ ആഫ്രിക്കയിലെ ‘ഫിഗൊ’ സെഡാനുമായി കാര്യമായ മാറ്റങ്ങളില്ല. പക്ഷേ നീളം പൂർണമായതിനാൽ കാറിന്റെ ഡിക്കിയിൽ 445 ലീറ്റർ സംഭരണ സ്ഥലം ലഭ്യമാണ്; ‘ആസ്പയറി’ലാവട്ടെ ബൂട്ട് സ്പേസ് 359 ലീറ്ററിൽ ഒതുങ്ങുമെന്ന വ്യത്യാസമുണ്ട്. ഹാച്ച്ബാക്കിലാവട്ടെ പിൻസീറ്റുകൾ 60:40 അനുപാതത്തിൽ വിഭജിക്കാനും അവസരമുണ്ട്. മൈ ഫോഡ് ഡോക്ക്, ബ്ലൂ ടൂത്ത്, യു എസ് ബി, ഓക്സിലറി ഇൻ എന്നിവയ്ക്കൊക്കെ അനുയോജ്യമായ വോയ്സ് ആക്ടിവേറ്റഡ് സിങ്ക് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, പവർ ഫോൾഡിങ് ഔട്ടർ റിയർവ്യൂ മിറർ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫോഡിന്റെ സ്വന്തം ആവിഷ്കാരമായ മൈ കീ എന്നിവയൊക്കെ കാറിനൊപ്പം ലഭിക്കും.

ഇന്ത്യയ്ക്കു സുപരിചിതമായ 1.5 ലീറ്റർ, ടി ഐ — വി സി ടി പെട്രോൾ, ടി ഡി സി ഐ ഡീസൽ എൻജിനുകളോടെയാണു കാർ ദക്ഷിണ ആഫ്രിക്കയിൽ വിൽപ്പനയ്ക്കുള്ളത്. പെട്രോൾ എൻജിൻ പരമാവധി 112 പി എസ് കരുത്തും 136 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ ഡീസലിൽ നിന്ന് 100 പി എസ് വരെ കരുത്തും 215 എൻ എം വരെ ടോർക്കും പ്രതീക്ഷിക്കാം. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഡ്യുവൽ ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. പെട്രോൾ എൻജിനൊപ്പം മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സൗകര്യം.