Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊയ്ത്തു മെതിയന്ത്ര വിപണി പിടിക്കാൻ മഹീന്ദ്ര

കൊയ്ത്തു മെതിയന്ത്ര വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഫിൻലൻഡിലെ സാംപൊ റോസൻല്യുവിൽ 35% ഓഹരി പങ്കാളിത്തം നേടി. കംബൈൻ ഹാർവസ്റ്റർ വിഭാഗത്തിൽ പ്രവേശിക്കാനായി 1.8 കോടി യൂറോ(ഏകദേശം 135 കോടി രൂപ) മുടക്കിയാണു മഹീന്ദ്ര സാംപ റോസൻല്യൂ ഓഹരികൾ സ്വന്തമാക്കിയത്. മിക്കവാറും ജൂണോടെ ഓഹരി കൈമാറ്റം സംബന്ധിച്ച നടപടികൾ പൂർത്തിയാവുമെന്നാണു പ്രതീക്ഷ. ആഗോളതലത്തിൽ കംബൈൻ ഹാർവസ്റ്റർ ബിസിനസ് വളർത്താനായി സഹകരിച്ചു പ്രവർത്തിക്കുമെന്നാണ് ഇരുകമ്പനികളുടെയും പ്രഖ്യാപനം. 135 കോടി രൂപയിൽ കവിയാത്ത തുകയ്ക്ക് ഫിന്നിഷ് കമ്പനിയിൽ 35% വരെ ഓഹരികൾ സ്വന്തമാക്കാനാണു തീരുമാനമെന്നു മഹീന്ദ്ര സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ട്രാക്ടറുകൾക്കപ്പുറത്തേക്ക് കാർഷികോപകരണ ശ്രേണി വിപുലീകരിക്കാനുള്ള തന്ത്രപരമായ നീക്കമാണു കമ്പനി നടത്തുന്നതെന്ന് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു. പരസ്പര സഹകരണത്തിലൂടെ വികസിതവും വികസ്വരവുമായ വിപണികളിൽ മത്സരിക്കാൻ ഇരുകമ്പനികൾക്കും കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വിൽപ്പന അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളാണു മഹീന്ദ്ര; ഇന്ത്യയ്ക്കു പുറമെ യു എസ്, ചൈന, ജപ്പാൻ തുടങ്ങി പല വിദേശ വിപണികളിലും മഹീന്ദ്രയുടെ ട്രാക്ടറുകൾ വിൽപ്പനയ്ക്കുണ്ട്. ആഗോളതലത്തിൽ കംബൈൻ ഹാർവസ്റ്റർ വിഭാഗത്തിൽ മികച്ച വളർച്ച കൈവരിക്കാൻ സാംപൊ റോസെൻല്യൂവുമായുള്ള പങ്കാളിത്തം മഹീന്ദ്രയെ സഹായിക്കുമെന്ന് എം ആൻഡ് എം ഫാം എക്സിപ്മെന്റ് ആൻഡ് ടു വീലർ വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ രാജേഷ് ജെജുരികർ അഭിപ്രായപ്പെട്ടു. ഇന്ത്യയടക്കമുള്ള പുതിയ വിപണികളിൽ സാംപൊയുടെ കംബൈൻ ഹാർവസ്റ്ററുകൾ വിൽപ്പനയ്ക്കെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. സവിശേഷ വിളകൾക്കും വികസ്വര വിപണികൾക്കുമായി സാംപൊ റോസെൻല്യു പുതിയ കംബൈൻ ഹാർവസ്റ്ററുകൾ വികസിപ്പിക്കുമെന്നും എം ആൻഡ് എം വ്യക്തമാക്കുന്നു. യോജിച്ചു പ്രവർത്തിക്കുമ്പോൾ ഏഷ്യ, ആഫ്രിക്ക, യുറേഷ്യൻ ഇക്കണോമിക് യൂണിയൻ രാജ്യങ്ങളാവും കമ്പനികളുടെ പ്രധാന വിപണിയെന്നും മഹീന്ദ്ര വിശദീകരിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം സാംപൊ റോസെൻല്യുവിന്റെ വരുമാനം 9.3 കോടി യൂറോ(ഏകദേശം 703.43 കോടി രൂപ) ആയിരുന്നു. അൾജീരിയയിൽ സാംപൊ റോസെൻല്യുവിനു പങ്കാളിത്തമുള്ള കംബൈൻ ഹാർവസ്റ്റർ കമ്പനിയുടെ വരുമാനമാവട്ടെ 4.5 കോടി യൂറോ(ഏകദേശം 340.37 കോടി രൂപ) ആയിരുന്നു. യൂറോപ്പ്, യുറേഷ്യ, നോർത്ത് ആഫ്രിക്ക മേഖലയിലെ രാജ്യങ്ങളാണു സാംപൊയുടെ പ്രധാന വിപണി.

Your Rating: