2.71 ലക്ഷം രൂപ വരെ വിലക്കിഴിവുമായി മഹീന്ദ്ര

Representative Image

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നു വിൽപ്പനയിൽ നേരിടുന്ന ഇടിവു മറികടക്കാൻ ചില മോഡലുകൾക്കു വമ്പൻ വിലക്കിഴിവ് വാഗ്ദാനം ചെയ്തു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ പണലഭ്യത പരിമിതമായതോടെ ഡീലർഷിപ്പുകളിൽ വാഹനം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണു മഹീന്ദ്രയുടെ ഈ നീക്കം. രാജ്യത്തെ ഡീലർമാരുമായി നടത്തിയ വിഡിയൊ കോൺഫറൻസിനിടയിലാണു കമ്പനി വിലക്കിഴിവുകൾ പ്രഖ്യാപിച്ചതെന്നാണു സൂചന. ചില മോഡലുകളുടെ വിലയിൽ 2.71 ലക്ഷം രൂപയുടെ വരെ കുറവാണ് കമ്പനി അനുവദിച്ചിരിക്കുന്നത്.

അടുത്ത 40 ദിവസത്തെ വിൽപ്പനയ്ക്ക് ആവശ്യമായ വാഹനങ്ങളാണു രാജ്യത്തെ ഡീലർഷിപ്പുകളിൽ ലഭ്യമായിട്ടുള്ളത്. പണലഭ്യത കുത്തനെ ഇടിഞ്ഞതോടെ ഗ്രാമീണ, അർധനഗര മേഖലകളിലെ വിൽപ്പന കുത്തനെ ഇടിഞ്ഞതാണു കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി.
ഇതോടെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സ്കോർപിയൊ’യ്ക്കു വിൽപ്പന കേന്ദ്രവും മോഡലും അടിസ്ഥാനമാക്കി അര ലക്ഷം രൂപയുടെ വരെ വിലക്കിഴിവാണു മഹീന്ദ്ര അനുവദിച്ചിരിക്കുന്നതെന്നാണു സൂചന. പ്രധാനമായും ഗ്രാമീണ മേഖലയിൽ വിറ്റു പോയിരുന്ന ‘ബൊലേറൊ’യ്ക്കാവട്ടെ 67,000 രൂപയുടെ വരെ വിലക്കിഴിവ് നിലവിലുണ്ട്. പ്രീമിയം എസ് യു വിയായ ‘എക്സ് യു വി 500’ വിലയിൽ 89,000 രൂപയുടെയും കോംപാക്ട് എസ് യു വിയായ ‘കെ യു വി 100’ വിലയിൽ 73,000 രൂപയുടെയുമൊക്കെ ആനുകൂല്യമാണു നിലവിലുള്ളത്. ഏതാനും മാസമായി കാര്യമായി വിൽപ്പന കൈവരിക്കാനാവാതെ പോയതോടെയാണ് ‘കെ യു വി 100’ വില ഗണ്യമായി കുറയ്ക്കാൻ മഹീന്ദ്ര നിർബന്ധിതരായത്.

കൊറിയൻ ഉപസ്ഥാപനമായ സാങ്യങ്ങിൽ നിന്നുള്ള എസ് യു വിയായ ‘റെക്സ്റ്റൺ’ വിലയിലാണ് ഏറ്റവും വലിയ ഇളവ് നിലവിലുള്ളത്; മോഡലും വിൽപ്പന കേന്ദ്രവും അടിസ്ഥാനമാക്കി 2.71 ലക്ഷം രൂപയുടെ വരെ ഇളവാണ് ‘റെക്സ്റ്റൺ’ പ്രേമികളെ കാത്തിരിക്കുന്നത്. വർഷാവസാനം വരെ വിവിധ മോഡലുകൾക്കുള്ള വിലക്കിഴിവ് തുടരാനാണു സാധ്യത. നവംബറിലെ വിൽപ്പന 2015ൽ ഇതേ മാസത്തെ അപേക്ഷിച്ച് 29.49% ഇടിഞ്ഞതായും മഹീന്ദ്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2015 നവംബറിൽ 39,383 യൂണിറ്റ് വിറ്റ സ്ഥാനത്തു കഴിഞ്ഞ മാസത്തെ വിൽപ്പന 29,814 വാഹനങ്ങൾ മാത്രമായിരുന്നു. വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെയും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെയുമൊക്കെ ഡീലർഷിപ്പുകളിൽ മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ അധിക സ്റ്റോക്ക് നിലവിലിണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ പണലഭ്യതയിലെ പരിമിതി വിൽപ്പനയിൽ തിരിച്ചടി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇത്തരം നിർമാതാക്കളും വിലക്കഴിവുകൾ അനുവദിക്കാൻ സാധ്യതയേറെയാണ്.