‘ജീത്തൊ’ തകർപ്പൻ വിജയം കൊയ്തെന്നു മഹീന്ദ്ര

നിരത്തിലെത്തി ആദ്യ വർഷത്തിനുള്ളിൽ ചെറുകിട വാണിജ്യ വാഹന(എസ് സി വി)മായ ‘ജീത്തൊ’ 20% വിപണി വിഹിതം സ്വന്തമാക്കിയെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ‘ജീത്തൊ’യുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും കമ്പനി പ്രഖ്യാപിച്ചു. രണ്ടു വർഷം അഥവാ 40,000 കിലോമീറ്റർ നിളുന്ന വാറന്റിയോടെയാണു ‘ജീത്തൊ’ വിൽപ്പനയ്ക്കെത്തുന്നത്.

കഴിഞ്ഞ വർഷം ജൂണിലാണ് മഹീന്ദ്ര ‘ജീത്തൊ’ നിരത്തിലെത്തിയത്. പരിമിതകാലം കൊണ്ടുതന്നെ എസ് സി വി വിഭാഗത്തിൽ കമ്പനിക്കു വിലാസം നേടിക്കൊടുക്കാൻ ‘ജീത്തൊ’യ്ക്കു കഴിഞ്ഞെന്നാണു മഹീന്ദ്രയുടെ അവകാശവാദം. സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെ, ഉപഭോക്തൃ കേന്ദ്രീകൃതമായ പുതു മോഡലുകൾ അവതരിപ്പിക്കുന്നതാണു മഹീന്ദ്രയുടെ കരുത്തെന്നു കമ്പനിയുടെ ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ വിശദീകരിച്ചു.

വാഗ്ദാനങ്ങൾ പാലിച്ചുള്ള മുന്നേറ്റമാണു ‘ജീത്തൊ’യും കാഴ്ചവയ്ക്കുന്നത്. രണ്ടു ടണ്ണിലേറെ ഭാരവാഹകശേഷിയുള്ള ലഘു വാണിജ്യ വാഹന(എൽ സി വി) വിഭാഗത്തിൽ വിപണി വിഹിതം മെച്ചപ്പെടുത്താൻ ‘ജീത്തൊ’ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ജീത്തൊ’യുടെ രൂപകൽപ്പനയും പ്രകടനക്ഷമതയും ഇന്ധനക്ഷമതയുമൊക്കെ ഉപയോക്താക്കൾക്കും സ്വീകാര്യമായിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു ടണ്ണിൽ താഴെ ഭാരം വഹിക്കാൻ ശേഷിയുള്ള വിഭാഗത്തിൽ വൈവിധ്യമാർന്ന ഉപയോഗങ്ങൾക്കുള്ള എട്ടോളം മിനി ട്രക്കുകളുടെ ശ്രേണിയാണു ‘ജീത്തൊ’. ലീറ്ററിന് 37.6 കിലോമീറ്ററാണു ‘ജീത്തൊ’യ്ക്ക് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.