യു എസിൽ വൈദ്യുത സ്കൂട്ടറുമായി മഹീന്ദ്ര

Mahindra Genze 2.0

യു എസിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര ഗ്രൂപ് കമ്പനിയായ ജെൻസിൽ നിന്നുള്ള വൈദ്യുത ബൈക്ക് വിൽപ്പനയ്ക്കെത്തി. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ഔക്ലൻഡ് മേയർ ലിബ‌്‌വി ഷാഫും ചേർന്നാണ് ബൈക്ക് പുറത്തിറക്കിയത്. നഗരപ്രദേശങ്ങളിലെ യാത്രകൾക്ക് അനുയോജ്യമായ ‘ജെൻസ് 2.0’ വൈദ്യുത ബൈക്കിന് 2,999 ഡോളർ(ഏകദേശം 2.03 ലക്ഷം രൂപ) ആണു വില. ബേ ഏരിയയിൽ ‘ജെൻസ് 2.0’ ബൈക്കുകളുടെ വിൽപ്പന ആരംഭിച്ചതായി കമ്പനി അറിയിച്ചു. കാർ ഉപേക്ഷിച്ചു ധാരാളം പേർ ‘ജെൻസി’ലേക്കു ചേക്കേറുമെന്നു കരുതുന്നതായി ജെൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിഷ് പലേക്കർ വെളിപ്പെടുത്തി. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരും യാത്രയുടെ ആദ്യ, അവസാന ഘട്ടങ്ങളിൽ ‘ജെൻസ് 2.0’ പരിഗണിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Mahindra Genze 2.0

വിദ്യാർഥികളെയും നഗരവാസികളെയും ലക്ഷ്യമിട്ടാണു മഹീന്ദ്ര ജെൻസ് ബാറ്ററിയിൽ ഓടുന്ന ഈ ഇരുചക്രവാഹനം വികസിപ്പിച്ചത്. ലോകത്തിലെ ഏറ്റവും കാര്യക്ഷമതയേറിയതും ഉല്ലാസം പകരുന്നതുമായ വാഹനമാവണമിതെന്ന ലക്ഷ്യത്തോടെയാണ് ‘ജെൻസ് 2.0’ രൂപകൽപ്പന ചെയ്തതെന്നു പലേകർ വിശദീകരിച്ചു. ഭാരം 232 പൗണ്ട്(105 കിലോഗ്രാം) മാത്രമാണെന്നതിനാൽ ‘ജെൻസ് 2.0’ കൈകാര്യം ചെയ്യുക ഏറെ എളുപ്പമാണെന്നും അദ്ദേഹം കരുതുന്നു. സംയോജിത ചാർജർ സഹിതമെത്തുന്ന ബാറ്ററിക്കാവട്ടെ 31 പൗണ്ട് (14 കിലോഗ്രാം) ആണു ഭാരം. ഓട്ടത്തിനിടെ ചാർജ് നിറയുന്ന ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ ‘ജെൻസ് 2.0’ 30 മൈൽ(48 കിലോമീറ്റർ) പിന്നിടും.

വൈദ്യുത ഡ്രൈവിന്റെ പിൻബലമുള്ളതിനാൽ 100% ടോർക്കുമായി മികച്ച കുതിപ്പാണ് ‘ജെൻസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഗതാഗതത്തിരക്കേറിയ നഗരമേഖലകളിൽ ഈ മികവ് ഏറെ ഗുണകരമാവുമെന്നും മഹീന്ദ്ര ജെൻസ് അവകാശപ്പെടുന്നു. ട്രാഫിക് സിഗ്നലുകളിൽ നിന്ന് ആദ്യം പുറത്തെത്തുക ‘ജെൻസ് 2.0’ ഉപയോഗിക്കുന്നവരാകുമെന്നാണു പലേകറുടെ വാഗ്ദാനം. മിചിഗനിലെ ആൻ ആർബറിൽ 56,000 ചതുരശ്ര അടി വിസ്തൃതിയുള്ള നിർമാണശാലയിൽ നിന്നാണ് ‘ജെൻസ് 2.0’ പുറത്തെത്തുന്നത്.