വരവായ് മഹീന്ദ്ര ‘മോജൊ

ഒടുവിൽ മഹീന്ദ്രയിൽ നിന്നുള്ള പുതിയ മോട്ടോർ സൈക്കിളായ ‘മോജൊ’ അരങ്ങേറ്റത്തിനൊരുങ്ങുന്നു. മറയോടെയും മറവില്ലാതെയുമൊക്കെ ഈ ബൈക്ക് പരീക്ഷണ ഓട്ടം നടത്തുന്നതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വാഹന പ്രേമികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇടയ്ക്ക് ഈ ബൈക്കിനെക്കുറിച്ചുള്ള ലഘുവിവരണമടക്കം മഹീന്ദ്ര ‘മോജൊ’ ടെസ്റ്റ് ഡ്രൈവ് വിഡിയോ യുട്യൂബിലും അടുത്തയിടെ പ്രത്യക്ഷപ്പെട്ടു. എന്നാൽ നിർമാതാക്കളുടെ സമ്മർദത്തെ തുടർന്നാവണം പിന്നീട് ഈ വിഡിയോ യുട്യൂബിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

കാലമേറെയായി വാഹന പ്രേമികളെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന ‘മോജൊ’യ്ക്കുള്ള ബുക്കിങ് വിവിധ മഹീന്ദ്ര ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങി എന്നതാണു പുതിയ വിശേഷം. 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണ് അവതരണതീയതിയോ വിലയോ പ്രഖ്യാപിക്കാത്ത പുതിയ ബൈക്കിനുള്ള ബുക്കിങ്ങുകൾ ഡീലർഷിപ്പുകൾ ഏറ്റെടുക്കുന്നത്. മിക്കവാറും ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ‘മോജൊ’ ഔപചാരികമായി നിരത്തിലെത്തുമെന്നാണു പ്രതീക്ഷ.

മഹീന്ദ്രയുടെ പുതിയ 300 സി സി എൻജിനാവും ‘മോജൊ’യ്ക്കു കരുത്തേകുക; ഒറ്റ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനു പരമാവധി 32 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുമെന്നാണു വിശ്വാസം. പുത്തൻ എൻജിനൊപ്പം എൽ ഇ ഡി പൈലറ്റ് ലാംപ്, ‘കെ ടി എം’ ബൈക്കുകളില പോലെ തലകുത്തനെയുള്ള മുൻ സസ്പെൻഷൻ, മുനനിൽ പെറ്റൽ ഡിസ്ക് ബ്രേക്ക്, മൾട്ടി ഫംക്ഷൻ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയൊക്കെയായിട്ടാവും ‘മോജൊ’യുടെ വരവ്. ഇന്ധനക്ഷമതയെക്കുറിച്ചു സൂചനയില്ലെങ്കിലും 20 ലീറ്റർ സംഭരണ ശേഷിയുള്ള ‘കൂറ്റൻ’ ടാങ്കും ബൈക്കിലുണ്ടാവും.