‘മോജൊ’യ്ക്കു പ്രത്യേക ഷോറും തുറക്കാൻ മഹീന്ദ്ര

ഇരുചക്രവാഹന വിപണിയിലെ പ്രീമിയം, നിഷ് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി വരുംവർഷങ്ങളിൽ ‘മോജൊ’യാവും പ്രധാന ഉൽപന്നമെന്നു മഹീന്ദ്ര ടു വീലേഴ്സ്. ഈ വിഭാഗത്തിലെ സാധ്യത പൂർണമായും മുതലെടുക്കാൻ ‘മോജൊ’യ്ക്കു പുതുവകഭേദങ്ങൾ അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ‘സ്ക്രാംബ്ലർ’, ‘അഡ്വഞ്ചർ ടൂറർ’ പതിപ്പുകൾ രണ്ടു വർഷത്തിനകം വിൽപ്പനയ്ക്കെത്തിക്കാനാണു പദ്ധതി. കൂടാതെ ‘മോജൊ’ വിപണനത്തിനായി പ്രത്യേക ഔട്ട്ലെറ്റുകൾ തുറക്കാനും മഹീന്ദ്ര ടു വീലേഴ്സ് തീരുമാനിച്ചിട്ടുണ്ട്.

അഞ്ചു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ വർഷമാണു മഹീന്ദ്ര ‘മോജൊ’ വിൽപ്പനയ്ക്കെത്തിച്ചത്; 2010 ഓട്ടോ എക്സ്പോയിലായിരുന്നു മഹീന്ദ്ര ‘മോജൊ’ ആദ്യം പ്രദർശിപ്പിച്ചത്. എന്നാൽ കാത്തിരിപ്പിനെ ന്യായീകരിക്കുന്ന പ്രകടനക്ഷമതയോടെയായിരുന്നു ‘മോജൊ’യുടെ വരവ്. ‘സ്ക്രാംബ്ലർ’, ‘അഡ്വഞ്ചർ’ വകഭേദങ്ങൾക്കു പുറമെ ‘മോജൊ’യുടെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കാനും മഹീന്ദ്ര ആലോചിക്കുന്നുണ്ട്. ഈ മോഡലിന്റെ പരീക്ഷണ ഓട്ടത്തിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. വില കുറയ്ക്കാനായി സൈലൻസറിന്റെ എണ്ണം ഒന്നാക്കുന്നതിനൊപ്പം ഫ്യുവൽ ഇഞ്ചക്ഷനു പകരം കാർബുറേറ്റർ ഏർപ്പെടുത്താനുമാണു നീക്കം. ‘പിരേലി’ ടയറുകൾക്കു പകരം ഈ മോഡലിൽ എം ആർ എഫ് നിർമിത ടയറുകളും ഇടംപിടിക്കും. ഇതോടെ വിലയുടെ കാര്യത്തിലും അടുത്തയിടെ വിപണിയിലെത്തിയ ബജാജ് ‘ഡോമിനർ 400’ പോലുള്ള ബൈക്കുകളോടു മത്സരിക്കാൻ ‘മോജൊ’യ്ക്കു കഴിയുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.

ഇതിനു പുറമെ മഹീന്ദ്ര ഇക്കൊല്ലം സ്വന്തമാക്കിയ വിദേശ ബ്രാൻഡുകളായ ‘ജാവ’യെയും ‘ബി എസ് എ’യെയും പടയ്ക്കിറക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ ‘ജാവ’ ബൈക്കുകൾ ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണു സൂചന. അതേസമയം ‘ബി എസ് ഐ’ ശ്രേണിയുടെ വിൽപ്പന യൂറോപ്പിലും അമേരിക്കയിലുമായി പരിമിതപ്പെടുത്താനാണു സാധ്യത. എസ് വൈ എം കൈനറ്റിക് ഏറ്റെടുത്ത് 2008ലാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇരുചക്രവാഹന വ്യവസായത്തിൽ പ്രവേശിച്ചത്. എന്നാൽ തുടക്കത്തിൽ കമ്യൂട്ടർ വിഭാഗത്തിൽ അവതരിപ്പിച്ച ‘സെഞ്ചൂറൊ’യും ‘ഗസ്റ്റോ’യും പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോയത് കമ്പനിക്കു തിരിച്ചടിയായി. ഇതോടെ കമ്പനി ‘മോജൊ’ അവതരിപ്പിച്ചു പ്രീമിയം വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.