Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ ‘മോജൊ’ 11 സംസ്ഥാനങ്ങളിലേക്കു കൂടി

Mahindra Mojo 300 Mahindra Mojo

മഹീന്ദ്ര ടു വീലേഴ്സിൽ നിന്നുള്ള ‘മോജൊ’ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ കൂടി വിൽപ്പനയ്ക്കെത്തി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന അരങ്ങേറ്റത്തെ തുടർന്നു ഡൽഹി, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ടൂറിങ് ബൈക്ക് വിഭാഗത്തിൽപെട്ട ‘മോജൊ’ വിൽപ്പനയ്ക്കുണ്ടായിരുന്നത്. അവതരണ വേളയിൽ ഡൽഹി ഷോറൂമിൽ 1.58 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ വില; എന്നാൽ ഒരു മാസത്തിനു ശേഷം മഹീന്ദ്ര ബൈക്കിന്റെ വില 5,000 രൂപ വർധിപ്പിച്ച് 1.63 ലക്ഷം രൂപയാക്കി. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, പുണെ, ബെംഗളൂരു നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ മാത്രമാണു ‘മോജൊ’ ലഭ്യമായിരുന്നത്. രണ്ടാം ഘട്ട വിപണനം യാഥാർഥ്യമായതോടെ 14 സംസ്ഥാനങ്ങളിൽ ‘മോജൊ’ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്.

Mahindra Mojo Mahindra Mojo

മഹീന്ദ്ര ടു വീലർ ശ്രേണിയിലെ ആവേശകരമായ മോഡലാണു ‘മോജൊ’ എന്നു കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വിനോദ് സഹായ് അഭിപ്രായപ്പെട്ടു. ബൈക്കിന്റെ സാധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് 14 സംസ്ഥാനങ്ങളിലെ 34 ഡീലർഷിപ്പുകളിലേക്കു ‘മോജൊ’യുടെ വിപണനം വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ‘മോജൊ’ ആരാധകരുടെ കൂട്ടായ്മയായി ‘മോജൊ ട്രൈബി’നും മഹീന്ദ്ര ടു വീലേഴ്സ് രൂപം നൽകിയിട്ടുണ്ട്. ബൈക്ക് ഉടമകൾക്ക് റൈഡിങ് അനുഭവങ്ങൾ പങ്കുവയ്ക്കാനും പുതിയ യാത്രകൾ ആസൂത്രണം ചെയ്യാനുമൊക്കെയുള്ള സംഗമ വേദിയായിട്ടാണു ‘മോജൊ ട്രൈബി’ന്റെ ഘടന. അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം അനായാസമാക്കാൻ പ്രത്യേക മോജൊ ട്രൈബ് മൊബൈൽ ആപ്ലിക്കേഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Mahindra Mojo 300 Mahindra Mojo

സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 295 സി സി എൻജിനാണു ‘മോജൊ’യ്ക്കു കരുത്തേകുന്നത്; പരമാവധി 27 ബി എച്ച് പി കരുത്തും 30 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനാവും. ആറു സ്പീഡ് ട്രാൻസ്മിഷനോടെ എത്തുന്ന ബൈക്കിന്റെ എതിരാളികൾ ഹോണ്ട ‘സി ബി ആർ 250 ആർ’, കെ ടി എം ‘ഡ്യൂക്ക് 390’ എന്നിവയും വിലയുടെ അടിസ്ഥാനത്തിൽ റോയൽ എൻഫീൽഡിന്റെ ‘ഹിമാലയനു’മൊക്കെയാണ്. എൽ ഇ ഡി ഡേടൈം റണ്ണിങ് ലൈറ്റുള്ള ഹെഡ്ലാംപ്, അണ്ടർ എൻജിൻ കൗൾ, ഇരട്ട വർണ സീറ്റ്, ലാപ് ടൈമർ സഹിതമുള്ള ഇൻസ്ട്രമെന്റ് പാനൽ, പിരേലി ഡയാബ്ലൊ റോസൊ ടയർ സഹിതം 17 ഇഞ്ച് അലോയ് വീൽ എന്നിവയൊക്കെ ‘മോജൊ’യിൽ മഹീന്ദ്ര ടു വീലേഴ്സ് വാഗ്ദാനം ചെയ്യുന്നു.

പ്രധാന നഗരങ്ങളിലെ ‘മോജൊ’യുടെ വില(നഗരം, ഷോറൂം വില രൂപയിൽ എന്ന ക്രമത്തിൽ):

വിജയവാഡ — 1,69,600, വിശാഖപട്ടണം — 1,69,600, ചണ്ഡീഗഢ് — 1,66,000, ഗുഡ്ഗാവ് — 1,63,000, ഗോവ — 1,65,500, അഹമ്മദബാദ് — 1,71,800, ഇൻഡോർ — 1,75,120, നാഗ്പൂർ — 1,65,500, ജയ്പൂർ — 1,69,900, ചെന്നൈ — 1,71,600, കോയമ്പത്തൂർ — 1,71,600, മധുര — 1,71,600, ഹൈദരബാദ് — 1,69,200, ലക്നൗ — 1,69,200, കൊൽക്കത്ത — 1,70,000.

Your Rating: