മഹീന്ദ്ര രേവ ഇനി ‘മഹീന്ദ്ര ഇലക്ട്രിക്’

വൈദ്യുത വാഹന നിർമാണ വിഭാഗത്തിന്റെ പേര് ‘മഹീന്ദ്ര ഇലക്ട്രിക്’ എന്നു മാറ്റാൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) തീരുമാനിച്ചു. വൈദ്യുത വാഹന(ഇ വി) സാങ്കേതികവിദ്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതൽ ഇ വികൾ പുറത്തിറക്കാനും മറ്റു നിർമാതാക്കൾക്കു വൈദ്യുത പവർ ട്രെയ്ൻ ലഭ്യമാക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് പുത്തൻ ബ്രാൻഡിങ്ങെന്നു മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്ര ഇലക്ട്രിക്കിനു കീഴിൽ വൈദ്യുത കാറുകളുടെ നിർമാണത്തിനൊപ്പം ലൈസൻസ് വ്യവസ്ഥയിൽ വൈദ്യുത വാഹന സാങ്കേതികവിദ്യ ലഭ്യമാക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. പുതിയവയ്ക്കൊപ്പം നിലവിലുള്ള പ്ലാറ്റ്ഫോമുകളും വൈദ്യുതിയിലേക്കു മാറ്റി മലിനീകരണ വിമുക്തമായ സഞ്ചാരസൗകര്യങ്ങൾ ഒരുക്കാനും മഹീന്ദ്ര ഇലക്ട്രിക് ലക്ഷ്യമിടുന്നു. ക്രമേണ വിദശ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും മഹീന്ദ്ര ഇലക്ട്രിക്കിനു പദ്ധതിയുണ്ട്. സ്വന്തം വാഹനങ്ങൾക്കൊപ്പം മറ്റു നിർമാതാക്കൾക്കും വൈദ്യുത പവർട്രെയ്നുകൾ ലഭ്യമാക്കേണ്ടത് ബിസിനസ് വളർച്ചയ്ക്ക് അത്യാവശ്യമാമെന്നു മഹീന്ദ്ര രേവ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അരവിന്ദ് മാത്യു അഭിപ്രായപ്പെട്ടു. എന്നാൽ വൈദ്യുത പവർട്രെയ്ൻ വിൽപ്പനയ്ക്കായി ഏതെങ്കിലും വാഹന നിർമാതാക്കളുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടുത്തയിലെ ഗണ്യമായ വളർച്ച കൈവരിച്ച വിപണിയെന്ന നിലയിൽ ചൈനയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്. വിശ്വാസ്യത തെളിയിച്ച പ്രാദേശിക പങ്കാളിയുമായി സഹകരിച്ചാവും ചൈനീസ് വിപണി പ്രവേശമെന്നും മാത്യു വ്യക്തമാക്കി. നിലവിൽ വൈദ്യുത വാഹനങ്ങളായ ‘ഇ ടു ഒ’, ‘വെറിറ്റൊ’ എന്നിവയാണു കമ്പനി വിൽക്കുന്നത്. മിനി വാനായ ‘സുപ്രൊ’യുടെ വൈദ്യുത വകഭേദം രണ്ടു മൂന്നു മാസത്തിനകം കമ്പനി വിൽപ്പനയ്ക്കെത്തിക്കും. യാത്രാവാഹനമായും ചരക്കുനീക്കത്തിനും ഉപയോഗിക്കാവുന്ന മിനി വാനാണു ‘സുപ്രൊ’; ഏഴു പേർക്കാണു വാഹനത്തിൽ യാത്രാസൗകര്യം. ഇതിനു പുറമെ മഹീന്ദ്ര ശ്രേണിയിൽ നിലവിലുള്ളതും പുതിയതുമായ വാഹനങ്ങൾക്കും മഹീന്ദ്ര ഇലക്ട്രിക്കിൽ നിന്നുള്ള പുത്തൻ വൈദ്യുത ഡ്രൈവ്ട്രെയ്ൻ സാങ്കേതികവിദ്യ ലഭ്യമാക്കാനും എം ആൻഡ് എം ആലോചിക്കുന്നുണ്ട്.