മഹീന്ദ്ര ടു വീലേഴ്സിൽ 250 ജീവനക്കാർക്കു വി ആർ എസ്

ഇരുചക്രവാഹന വിഭാഗത്തെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) കമ്പനിയിലെ 250 ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതി(വി ആർ എസ്) അനുവദിച്ചു. പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്ത സാഹചര്യത്തിലാണു മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡിൽ ഇത്തരം കടുത്ത നടപടികൾ വേണ്ടി വന്നതെന്നും എം ആൻഡ് എം വിശദീകരിക്കുന്നു. കഴിഞ്ഞ വർഷം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഏക വിഭാഗമാണു മഹീന്ദ്ര ടു വീലേഴ്സ് എന്ന് എം ആൻഡ് എം എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ ഭാവിയിൽ ഇരുചക്രവാഹന വിഭാഗം സ്വീകരിക്കേണ്ട മാർഗം സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള ശ്രമത്തിലാണു ഗ്രൂപ് എന്നും അദ്ദേഹം അറിയിച്ചു. കമ്പനിയുടെ ഭാവിയെപ്പറ്റി വിശദീകരണത്തിനു സന്നദ്ധനായില്ലെങ്കിലും രണ്ടു മാസത്തിനകം ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രതീക്ഷിച്ച വിൽപ്പന നേടനാവാത്തതാണു മഹീന്ദ്ര ടു വീലേഴ്സ് നേരിടുന്ന പ്രശ്നമെന്ന് ഗോയങ്ക വ്യക്തമാക്കി. കമ്പനിയുടെ വലിപ്പം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 250 ജീവനക്കാർക്ക് വി ആർ എസ് നൽകിയതെന്നും അദ്ദേഹം അറിയിച്ചു. തിരിച്ചടികൾ നേരിടുന്നുണ്ടെങ്കിലും ഇരുചക്രവാഹന വ്യവസായത്തിൽ നിന്നു മഹീന്ദ്ര പിൻമാറാനുള്ള സാധ്യത അദ്ദേഹം തള്ളി. 2008ൽ കൈനറ്റിക് മോട്ടോർ കമ്പനിയുടെ ആസ്തികൾ ഏറ്റെടുത്തായിരുന്നു മഹീന്ദ്ര ഈ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,33,355 യൂണിറ്റായിരുന്നു കമ്പനി കൈവരിച്ച വിൽപ്പന; മുൻ വർഷത്തെ അപേക്ഷിച്ച് 12.7% കുറവാണിത്. ഇക്കൊല്ലമാവട്ടെ ഏപ്രിൽ — മേയ് മാസങ്ങളിൽ 13,549 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന. 2015 ഏപ്രിൽ — മേയ് മാസങ്ങളിൽ വിറ്റ 21,930 യൂണിറ്റിനെ അപേക്ഷിച്ച് 38.21% കുറവാണിത്.

സ്കൂട്ടർ വിൽപ്പനയിലും കമ്പനി കനത്ത ഇടിവു നേരിടുകയാണ്; കഴിഞ്ഞ ഏപ്രിൽ — മേയ് മാസങ്ങളിൽ 9,609 സ്കൂട്ടറുകളാണു കമ്പനി വിറ്റത്. 2015 ഏപ്രിൽ — മേയിൽ വിറ്റ 11,899 സ്കൂട്ടറുകളെ അപേക്ഷിച്ച് 19.24% കുറവാണിത്. ‘ഗസ്റ്റോ’, ‘റോഡിയൊ’, ‘ഡ്യൂറൊ’ തുടങ്ങിയ സ്കൂട്ടറുകളാണു കമ്പനിയുടെ ശ്രേണിയിലുള്ളത്. ഇതേ കാലയളവിലെ മോട്ടോർ സൈക്കിൾ വിൽപ്പനയിലുള്ള ഇടിവാകട്ടെ 60.72% ആണ്. 2015 ഏപ്രിൽ — മേയിൽ 10,031 യൂണിറ്റ് വിറ്റത് കഴിഞ്ഞ ഏപ്രിൽ — മേയിൽ 3,940 ആയിട്ടാണു കുറഞ്ഞത്. ‘മോജൊ’, ‘സെഞ്ചൂറോ’ എന്നീ ബൈക്കുകളാണു മഹീന്ദ്ര ടു വീലേഴ്സ് വിൽക്കുന്നത്. ഭാവിയിൽ ‘മോജോ’ ബൈക്കിലാവും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു ഗോയങ്ക അറിയിച്ചു. ഒപ്പം ‘ഗസ്റ്റോ 125’ പോലെ വിപണിയിൽ സ്വീകാര്യത നേടിയ മോഡലുകളും തുടരും.