മാരുതി 800 മുഖം മാറ്റിയാൽ ?

ഫോക്സ്‌വാഗൺ ബീറ്റിലാണ് ലോകത്തിന്റെ പീപ്പിൾസ് കാർ എങ്കിൽ ഇന്ത്യക്കാർക്ക് അത് മാരുതി 800 ആണ്. ഇടത്തരക്കാരന്റെ കാർ എന്ന സ്വപ്നത്തെ സാക്ഷാത്കരിച്ച മാരുതി 800 ആയിരിക്കും നമ്മൾ ഒട്ടുമിക്ക ആളുകളും ആദ്യമായി കയറിയ കാർ. ഉൽപാദനം നിർത്തിയെങ്കിലും ഇന്നും മാരുതി 800 ഇന്ത്യക്കാരന്റെ പ്രിയവാഹനമാണ്. മാരുതി 800 മോഡിഫൈ ചെയ്താൽ എങ്ങനെയിരിക്കും?

മാരുതി 800 എസ് എസ് 80 പിക്ക്അപ്പ്

മാരുതി 800 എസ്എസ് 80 നെ രണ്ട് ഡോർ പിക്ക്അപ്പ് ആക്കി മാറ്റി. പിൻ സീറ്റുകളും റൂഫും എടുത്തുമാറ്റിയാണ് പിക്ക്അപ്പ് ആക്കിയത്. മുന്നിൽ നിന്ന് നോക്കിയാൽ അമേരിക്കൻ പിക്ക് അപ്പുകളുടെ രൂപവും നൽകിയിട്ടുണ്ട്. ‌‌

മാരുതി 800 കൺവേർട്ടബിൾ

ഇന്ത്യയിൽ കൺവേർട്ടബിളുകൾക്ക് അധികം വിപണിയില്ല. എന്നാൽ കൺവേർട്ടബിളിനോട് അതീവ താൽപര്യമുള്ള ജഗ്ജീത് സിങാണ് തന്റെ 800നെ കൺവേർട്ടബിളാക്കി മാറ്റിയത്. ജപ്പാനിലെ ഹോണ്ട ബീറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ഈ കൺവേർട്ടബിളിനെ നിർമ്മിച്ചിരിക്കുന്നത്. ഫീയറ്റ് പാലിയോയുടെ ഹെഡ്‌ലൈറ്റും ഷെവർലേ സ്പാർക്കിന്റെ ടെയ്ൽ ലാമ്പുമുള്ള 800 കൺവേർട്ടബിളിന്റെ ബാക്കി ഭാഗങ്ങൾ കസ്റ്റം മെയ്ഡാണ്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന കാറിന് മടക്കി വെയ്ക്കാവുന്ന മേൽകൂരയുമുണ്ട്. ഏകദേശം 3.5 ലക്ഷം രൂപ മുടക്കിയാണ് ഈ മോ‍ഡിഫിക്കേഷൻ നടത്തിയത്.

ബട്ടർഫ്ലൈ ഡോറുള്ള 800

ബെൻസ് എസ് എൽ കെ, ലംബോഗ്നി പോലുള്ള സ്പോർട്സ് കാറുകളിൽ മാത്രം നാം കണ്ടിട്ടുള്ളതാണ് മുകളിലേക്ക് തുറക്കുന്ന ബട്ടർഫ്ലൈ ഡോറുകള്‍. ബട്ടർഫ്ലൈ ഡോറുകൾ മനോഹരമായി ഘടിപ്പിച്ചാണ് കാർ നിർമ്മിച്ചിരിക്കുന്നത്. വേറെ കാര്യമായ മോഡിഫിക്കേഷനൊന്നും വാഹനത്തിൽ വരുത്തിയിട്ടില്ല.

മാരുതി 800 ഇ-ക്ലാസ്

മെർസിഡസ് ആരാധകനായിരിക്കും വാഹനത്തിന്റെ ഉടമ. അതുകൊണ്ട് തന്റെ മാരുതി 800 എസ് എസിന് മെർക്കിന്റെ രൂപം നൽകി. ഇ ക്ലാസിന്റെ ഡ്യുവൽ ഹെഡ്‌ലാമ്പും മെർക്കിന്റെ ലോഗോയുമെല്ലാം ഒരു കൊച്ച് ഇ ക്ലാസ് ആക്കി മാറ്റി.

മാരുതി 800 എസ് യു വി

ഇന്ത്യയിൽ മൈക്രോ എസ് യു വി എന്ന സെഗ്മെന്റിലേയ്ക്ക് വാഹനങ്ങൾ വരാനിക്കുന്നതേയുള്ളൂ. അതിനു മുൻപ് തന്നെ 800ന് എസ് യു വി ലുക്ക് നൽകിയിരിക്കുകയാണ്. സസ്‍പെൻഷൻ ഉയർത്തി ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടിയിട്ടുണ്ട്. 13 ഇഞ്ച് ടയറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ബുൾ ബാർ, പോപ്പ് ആപ്പ് ഓക്സിലറി ലാമ്പ്, സിസി ടിവി ക്യാമറ തുടങ്ങീ ഫീച്ചറുകളുടെ നിര തന്നെയുണ്ട് ഈ 800ൽ.