നവീകരിച്ച ‘എർട്ടിഗ’ അവതരണം 10ന്

മികച്ച സ്വീകാര്യത കൈവരിച്ച വിവിധോദ്ദേശ്യവാഹന(എം പി വി)മായ ‘എർട്ടിഗ’യുടെ പരിഷ്കരിച്ച പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്ത 10നു പുറത്തിറക്കും. മൂന്നു വർഷം മുമ്പ് നിരത്തിലെത്തിയ ‘എർട്ടിഗ’ പ്രായത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ സാഹചര്യത്തിലാണു കമ്പനി നവീകരിച്ച മോഡലുമായി രംഗത്തെത്തുന്നത്.

ഓഗസ്റ്റിൽ ഇന്തൊനീഷയിൽ നടന്ന രാജ്യാന്തര വാഹന പ്രദർശനത്തിൽ അരങ്ങേറ്റം കുറിച്ച പുതിയ ‘എർട്ടിഗ’യാണ് ഇപ്പോൾ ഇന്ത്യയിലെത്തുന്നത്. അന്ന് അനാവരണം ചെയ്ത ‘എർട്ടിഗ’ കാര്യമായ മാറ്റമില്ലാതെയാവും മാരുതി സുസുക്കി ഷോറൂമുകളിലെത്തുക. ട്രൈ സ്ലാറ്റ് ക്രോം ഗ്രിൽ, ഫോഗ് ലാംപിനു മുകളിൽ ക്രോം അക്സന്റ്, മുന്നിൽ പുത്തൻ ബംപറും എയർ ഡാമുമൊക്കെയാണു കാഴ്ചയിലെ പ്രധാന മാറ്റം. അലോയ് വീൽ രൂപകൽപ്പനയിലെ പുതുമയൊഴികെ പാർശ്വക്കാഴ്ചയിൽ മാറ്റമില്ല. പിന്നിൽ ‘എർട്ടിഗ’ എന്നെഴുതിയ വലിയ ക്രോമിയം സ്ട്രിപ്പ് ഘടിപ്പിച്ചതിനൊപ്പം രൂപകൽപ്പനയിലും ചില്ലറ പരിഷ്കാരങ്ങൾ നടപ്പായിട്ടുണ്ട്.

അകത്തളത്തിൽ ഡാഷ്ബോഡിന്റെ ഘടനയിൽ മാറ്റമില്ല; എങ്കിലും സ്റ്റീയറിങ് വീലിൽ ഘടിപ്പിച്ച ബ്ലൂ ടൂത്ത് — ടെലിഫോണി കൺട്രോൾ, ഇലക്ട്രോണിക്കലി ഫോൾഡിങ് മിറർ, എൻജിൻ സ്റ്റാർട് — സ്റ്റോപ് ബട്ടൻ എന്നിവയും ‘സിയാസി’ലും ‘എസ് ക്രോസി’ലുമുള്ളതരം സ്മാർട് പ്ലേ ടച് സ്ക്രീനും സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനവും പ്രതീക്ഷിക്കാം. കൂടുതൽ സ്ഥലസൗകര്യമൊരുക്കാനായി പകുതിയായി മടക്കി ഉപയോഗിക്കാവുന്ന തരത്തിലാവും പിൻസീറ്റിന്റെ ഘടന.

സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും നവീകരിച്ച ‘എർട്ടിഗ’യുടെ വരവ്; 1.4 ലീറ്റർ, കെ സീരീസ് പെട്രോൾ, 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണ് എം പി വിക്കു കരുത്തേകുന്നത്. ‘സിയാസ് ഹൈബ്രിഡി’ൽ അരങ്ങേറ്റം കുറിച്ച ഡീസൽ സങ്കര ഇന്ധന സാങ്കേതിക വിദ്യയായ ‘സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ സിസ്റ്റം’(എസ് എച്ച് വി എസ്) സഹിതവും പുതിയ ‘എർട്ടിഗ’ വിൽപ്പനയ്ക്കുണ്ടാവുമെന്നാണു സൂചന. ഇത്തരം വാഹനങ്ങൾക്കുള്ള സർക്കാർ സബ്സിഡി കൂടിയാവുന്നതോടെ ഡീസൽ എൻജിനുള്ള മോഡലിനെ അപേക്ഷിച്ചു കുറഞ്ഞ വിലയ്ക്ക് ‘എർട്ടിഗ ഹൈബ്രിഡ്’ ലഭിക്കുമെന്ന നേട്ടവുമുണ്ട്. എം പി വി വിപണിയിൽ ‘ഹോണ്ട മൊബിലിയൊ’, ‘ഷെവർലെ എൻജോയ്’ തുടങ്ങിയരോടാവും ‘എർട്ടിഗ’യുടെ ഏറ്റുമുട്ടൽ.